ഡുനെഡിന്‍: ന്യൂസിലാന്റിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സ് പരാജയം ഒഴിവാക്കി. ഡാരന്‍ ബ്രാവോയുടെ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയാണ് വിന്‍ഡീസിനെ ഇന്നിംഗ്സ് പരാജയമെന്ന നാണക്കേടില്‍ നിന്നും കരകയറ്റിയത്. ഇന്നിംഗ്സ് പരാജയമൊഴിവാക്കിയ വിന്‍ഡീസ് നാലാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 443 റണ്‍സെന്ന നിലയിലാണ്. 210 റണ്‍സോടെ ബാറ്റിംഗ് തുടരുന്ന ഡാരന്‍ ബ്രാവോക്കൊപ്പം 44 റണ്‍സുമായി ക്യാപ്റ്റന്‍ ഡാരന്‍ സമിയാണ് ക്രീസില്‍. ഒരു ഘട്ടത്തില്‍ നാലിന് 185 റണ്‍സ് എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട വിന്‍ഡീസിനെ കരകയറ്റിയത് അഞ്ചാം വിക്കറ്റില്‍ ബ്രാവോയും ഡിയോനരേയ്നും ചേര്‍ന്ന് നേടിയ 122 റണ്‍സിന്റെ കൂട്ടുകെട്ടാണ്.
രണ്ടിന് 168 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച വെസ്റ്റിന്‍ഡീസിന് തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. സ്കോര്‍ബോര്‍ഡില്‍ പത്ത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റ് നഷ്ടമായി. 17 റണ്‍സുമായി ബാറ്റിംഗ് തുടര്‍ന്ന മര്‍ലോണ്‍ സാമുവല്‍സിനെ ആറ് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ടിം സൗത്തി സ്വന്തം ബൗളിംഗില്‍ പിടിച്ചുപുത്താക്കി. പിന്നീട് സ്കോര്‍ 185-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റായി ചന്ദര്‍പോളും മടങ്ങി. ഒരു റണ്‍സെടുത്ത ചന്ദര്‍പോളിനെ വാഗ്നര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ബ്രാവോയും ഡിയോ നരേയ്നും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു. അധികം താമസിയാതെ ബ്രാവോ സെഞ്ച്വറി പൂര്‍ത്തിയാക്കി. 200 പന്തുകളില്‍ നിന്ന് 15 ബൗണ്ടറികള്‍ ഉള്‍പ്പെട്ടതായിരുന്നു ബ്രാവോയുടെ സെഞ്ച്വറി. ഇരുവരും മികച്ച സ്ട്രോക്കുകളുമായി മുന്നേറിയതോടെ ന്യൂസിലാന്റ് ബൗളര്‍മാര്‍ കുഴങ്ങി. സ്കോര്‍ 300 കടന്നതിന് തൊട്ടുപിന്നാലെ നരേയ്ന് അര്‍ദ്ധസെഞ്ച്വറിയും തികച്ചു. ഒടുവില്‍ സ്കോര്‍ബോര്‍ഡില്‍ 307 റണ്‍സായപ്പോള്‍ വിന്‍ഡീസിന്റെ അഞ്ചാം വിക്കറ്റും നിലംപതിച്ചു. 129 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറികളോടെ 52 റണ്‍സെടുത്ത ഡിയോനരേയ്നെ ആന്‍ഡേഴ്സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വാറ്റ്ലിംഗ് കയ്യിലൊതുക്കി. തുടര്‍ന്നെത്തിയ രാംദിന് ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ 363-ല്‍ എത്തിയപ്പോള്‍ 24 റണ്‍സെടുത്ത രാംദിനെ സോധി ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ ഡാരന്‍ സമി ബ്രാവോക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് സ്കോര്‍ 400 റണ്‍സ് കടത്തിയതോടെ ഇന്നിംഗ്സ് പരാജയത്തില്‍ നിന്നും വിന്‍ഡീസ് കരകയറി. അധികം താമസിയാതെ ഡാരന്‍ ബ്രാവോ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 390 പന്തുകളില്‍ നിന്ന് 28 ബൗണ്ടറികളോടെയാണ് ബ്രാവോ ഇരട്ടശതകം തികച്ചത്. ഫോളോ ഓണ്‍ ചെയ്യപ്പെട്ടശേഷം ഒരു വെസ്റ്റിന്‍ഡീസ് കളിക്കാരന് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറുമായി ഇത്. പിന്നീട് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ബ്രാവോയും സമിയും ചേര്‍ന്ന് സ്കോര്‍ 443 റണ്‍സിലെത്തിച്ചു. അവസാന ദിവസമായ ഇന്ന് ഇരുവരും മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ മത്സരം സമനിലയില്‍ കലാശിക്കും. എന്നാല്‍ ഈ കൂട്ടുകെട്ട് പിരിച്ച് വിജയിക്കാനുള്ള ശ്രമമായിരിക്കും ന്യുസിലാന്റ് ബൗളര്‍മാര്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: