ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടുംതിരിച്ചടി. അതേസമയം മുന്‍നിര ടീമുകളായ ആഴ്സണല്‍, ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ ടീമുകള്‍ മികച്ച വിജയം സ്വന്തമാക്കി.
ബുധനാഴ്ച രാത്രി ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ എവര്‍ട്ടനാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അട്ടിമറിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു എവര്‍ട്ടന്റെ വിജയം. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 86-ാം മിനിറ്റില്‍ എവര്‍ട്ടന്റെ കോസ്റ്ററിക്കന്‍ താരം ബ്രയാന്‍ ഒവീഡോയാണ് വിജയഗോള്‍ നേടിയത്. 21 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ എവര്‍ട്ടനോട് പരാജയപ്പെടുന്നത്. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിട്ടും 18 തവണ എതിര്വലയെ ലക്ഷ്യമാക്കി ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും യുണൈറ്റഡിന് രക്ഷയുണ്ടായില്ല. സൂപ്പര്‍ സ്ട്രൈക്കര്‍ വാന്‍ പെഴ്സിയുടെ അഭാവവും യുണൈറ്റഡ് നിരയില്‍ മുഴച്ചുനിന്നു.
മറ്റൊരു മത്സരത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ആഴ്സണല്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹള്‍ സിറ്റിയെ കീഴടക്കി. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ ബെന്ഡ്റ്റനറും 47-ാം മിനിറ്റില്‍ മെസ്യൂട്ട് ഓസിലുമാണ് ഗണ്ണേഴ്സിന്റെ ഗോളുകള്‍ നേടിയത്.
ഉറുഗ്വെയ്ന്‍ സ്ട്രൈക്കര്‍ ലൂയി സുവാരസ് നേടിയ നാല് ഗോളുകളുടെ കരുത്തില്‍ കരുത്തരായ ലിവര്‍പൂള്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് നോര്‍വിച്ചിനെ തകര്‍ത്തുവിട്ടു. മത്സരത്തിന്റെ 15, 29, 35, 74 മിനിറ്റുകളിലാണ് സുവാരസ് നോര്‍വിച്ചിന്റെ ഹൃദയം പിളര്‍ത്തിയ ഗോളുകള്‍ നേടിയത്. 88-ാം മിനിറ്റില്‍ ജമൈക്കന്‍ താരം റഹീം സ്റ്റര്‍ലിംഗാണ് ലിവര്‍പൂളിന്റെ അഞ്ചാം ഗോള്‍ നേടിയത്. 83-ാം മിനിറ്റില്‍ ജോണ്‍സനാണ് നോര്‍വിച്ചിന്റെ
ആശ്വാസഗോള്‍ സ്വന്തമാക്കിയത്.
മറ്റൊരു മത്സരത്തില്‍ മുന്‍ ലീഗ് ചാമ്പ്യന്മാരായ ചെല്‍സി വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സണ്ടര്‍ലാന്റിനെ കീഴടക്കി. ഈഡന് ഹസാര്‍ഡിന്റെ ഇരട്ടഗോളുകളും ഫില്‍ ബ്രാഡ്സെലി സമ്മാനിച്ച സെല്‍ഫ് ഗോളുമാണ് ചെല്‍സിക്ക് തുണയായത്. മത്സരത്തിന്റെ 14-ാം മിനിറ്റില്‍ ആള്ട്ടിഡോറിലൂടെ സണ്ടര്‍ലാന്റ് മുന്നിലെത്തി. എന്നാല്‍ മൂന്നുമിനിറ്റിനുശേഷം വെറ്ററന്‍ താരം ഫ്രാങ്ക് ലംപാര്ഡിലൂടെ ചെല്‍സി സമനില പിടിച്ചു. പിന്നീട് 36-ാം മിനിറ്റില്‍ ഈഡന് ഹസാര്‍ഡിലൂടെ നീലപ്പട ലീഡ് നേടിയെങ്കിലും 50-ാം മിനിറ്റില്‍ ജോണ്‍ ഒ ഷെയിലൂടെ സണ്ടര്‍ലാന്റ് സമനില പിടിച്ചു. 62-ാം മിനിറ്റില്‍ ഹസാര്‍ഡിലൂടെ മൊറീഞ്ഞോപട വീണ്ടും ലീഡ് ഉയര്‍ത്തി. 84-ാം മിനിറ്റില്‍ ഫില്‍ ബ്രാഡ്സെലി സ്വന്തം വലയില്‍ പന്തെത്തിച്ചതോടെ ചെല്‍സി 4-2ന് മുന്നിലെത്തി. എന്നാല്‍ രണ്ട് മിനിറ്റിനുശേഷം ഫില്‍ ബ്രാഡ്സെലി ഒരു ഗോള്‍ കൂടി മടക്കി. പിന്നീട് സമനിലക്കായി സണ്ടര്‍ലാന്റ് പൊരുതിനോക്കിയെങ്കിലും ചെല്‍സി പ്രതിരോധം തകര്‍ക്കാന്‍ കഴിഞ്ഞില്ല.
മറ്റൊരു ആവേശകരമായ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വെസ്റ്റ്ബ്രോം വെല്ലുവിളി മറികടന്നു. സിറ്റിക്ക് വേണ്ടി യായാ ടൂറേ രണ്ടും സെര്‍ജിയോ അഗ്യൂറോ ഒന്നും ഗോളുകള്‍ നേടി.
മറ്റ് മത്സരങ്ങളില്‍ ആസ്റ്റണ്‍വില്ല രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സതാമ്പ്ടണെയും സ്വാന്‍സീ സിറ്റി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനെയും ടോട്ടനം 2-1ന് ഫുള്‍ഹാമിനെയും പരാജയപ്പെടുത്ത്യപ്പോള് സ്റ്റോക്ക് സിറ്റി-കാര്‍ഡിഫ് പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
ലീഗില്‍ 14 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആഴ്സണല്‍ 34 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 30 പോയിന്റുമായി ചെല്‍സിയും 28 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അതേസമയം എവര്‍ട്ടനോട് പരാജയപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 22 പോയിന്റുമായി ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: