ബംഗളൂരു: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളം കുതിപ്പ് തുടരുന്നു. മൂന്നാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 322 പോയിന്റുമായി കേരളം ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാടിന് 180.5 പോയിന്റ് മാത്രമാണുള്ളത്. 138.5 പോയിന്റുമായി ഉത്തര്‍പ്രദേശും ഹരിയാനയുമാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ഇന്നലെ എട്ട് സ്വര്‍ണ്ണവും ആറ് വെള്ളിയും എട്ട് വെങ്കലവുമാണ് കേരളം ഇന്നലെ പിടിച്ചെടുത്തത്. മീറ്റ് മൂന്ന് ദിനം പുര്ത്തിയാതോടെ 16 സ്വര്‍ണം 14 വെള്ളി 18 വെങ്കലം എന്നിവയാണ് കേരളത്തിെന്റ ആകെ മെഡല്‍ നേട്ടം. ഇന്നലെ കേരളം സ്വന്തമാക്കിയ ഏട്ട് സ്വര്‍ണ്ണങ്ങളില്‍ അഞ്ചും ഫീല്‍ഡില്‍ നിന്ന്. ഇതില്‍ മുന്നെണ്ണം പോള്‍വോള്‍ട്ട് പിറ്റില്‍ നിന്നുമാണ്.
കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണ്ണനേട്ടം ആവര്‍ത്തിക്കാന്‍ കേരളത്തിന് ഇനി അഞ്ച് സ്വര്‍ണ്ണം കൂടി നേടിയാല്‍ മതി. അതേസമയം സ്പ്രിന്റ് ഇനങ്ങളില്‍ കേരളത്തിന് കനത്ത തിരിച്ചടി നേരിട്ടു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവിധ വിഭാഗങ്ങളിലായി മീറ്റിലെ ഏറ്റവും വേഗതയേറിയ താരത്തെ കണ്ടെത്താനായി നടന്ന എട്ട് ഫൈനലുകളില്‍ ഒന്നില്‍ പോലും കേരളത്തിന് സ്വര്‍ണ്ണം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ഒരു വെള്ളിയും രണ്ട് വെങ്കലവും മാത്രമാണ് കേരളത്തിന് ഈയിനത്തില്‍ സ്വന്തമായത്. 20 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ആര്. റോബിന് വെള്ളിയും ഇതേ വിഭാഗം പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ രംഗിതയും 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ എം. നിത്യമോളും വെങ്കലം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ ഛണ്ഡീഗഡിന്റെ ഹുസന്ദീപ് സിംഗും തമിഴ്നാടിന്റെ എസ്. അര്‍ച്ചനയും പുതിയ മീറ്റ് റെക്കോര്‍ഡോടെ വേഗതയേറിയ താരങ്ങളായി മാറി.
മൂന്നാം ദിവസമായ ഇന്നലെ എട്ട് പുതിയ റെക്കോര്‍ഡുകളാണ് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ പിറന്നത്. ഇതില്‍ കേരളത്തിന്റെ പേരില്‍ ഒരെണ്ണമാണുള്ളത്. 20 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ സിഞ്ജു പ്രകാശ് പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചു. 3.40 മീറ്റര്‍ ചാടിയാണ് സിഞ്ജു കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച തന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡ് തിരുത്തിയത്. ഈയിനത്തില്‍ വെള്ളിയും കേരളത്തിനാണ്. മൂന്ന് മീറ്റര്‍ ചാടിയ എമിത ബാബുവാണ് വെള്ളി കരസ്ഥമാക്കിയത്. അണ്ടര്‍16 ആണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ പരിയാനയുടെ അഹില്‍ മഹാബലി (7.27) ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു. ഈ ഇനത്തില്‍ കേരളത്തിെന്റ ദേവുരാജിനാണ് (7.07) വെള്ളി.
രാവിലെ നടന്ന അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 3കി.മീ. നടത്തത്തില്‍ കെ.ആര്. സുജിത, അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 5 കി.മീ. നടത്തത്തില്‍ കെ.ടി. നീന, ഇതേ വിഭാഗം പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ സ്കൂള്‍ മീറ്റിലെ ജേതാവ് ഷാനി ഷാജി, രേഷ്മ രവീന്ദ്രന് (ഇരുവരും മൂന്ന് മീറ്റര്‍ ഉയരം), അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ അഞ്ജു ബാബു, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ വി.വി. ജിഷ, 14 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളിലെ അനന്തു. കെ.എസ്. എന്നിവരാണ് കേരളത്തിന്റെ മറ്റ് സ്വര്‍ണ്ണവേട്ടക്കാര്‍.
അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 5 കി.മീ. നടത്തത്തില്‍ എ.എം. ബിന്‍സി, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ സി.കെ. പ്രജിത, 400 മീറ്ററില്‍ ഷഹര്‍ബാന സിദ്ദീഖ്, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ ദേവുരാജ് എന്നിവരാണ് വെള്ളിമെഡല്‍ നേടിയ മറ്റ് മലയാളി താരങ്ങള്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 10 കി.മീ. നടത്തത്തില്‍ പി. കിഷോര്‍, അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 5 കി.മീ. നടത്തത്തില്‍ എ. അനീഷ, അണ്ടര്‍ 14 ലോംഗ്ജമ്പില്‍ അഞ്ജലി തോമസ്, അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ സന്തു സുകുമാരന്‍, ഇതേ വിഭാഗം പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ നീതു സാബു, അണ്ടര്‍ 20 വിഭാഗത്തില്‍ പി.എം. അരുണിമ എന്നിവരാണ് വെങ്കലം സ്വന്തമാക്കിയ കേരളത്തിന്റെ താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: