തൃപ്പൂണിത്തുറ: റേഷന്‍കടകള്‍ വഴി എപിഎല്‍ വിഭാഗം കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്തിരുന്ന ഗോതമ്പ് വിഹിതം നവംബര്‍ മുതല്‍ നിര്‍ത്തലാക്കിയതോടെ ഗോതമ്പ് ഭക്ഷണം ശീലമാക്കിയ വലിയൊരു വിഭാഗം ആളുകള്‍ പട്ടിണിയിലായി. റേഷന്‍ ഗോതമ്പ് നിലച്ചതോടെ പൊതുവിപണിയില്‍ ഗോതമ്പ് ക്ഷാമം രൂക്ഷമായി്. വിലയും വര്‍ധിച്ചു. കിലോഗ്രാമിന് 28 രൂപ വിലയുണ്ടായിരുന്ന നല്ലയിനം ഗോതമ്പ് വില 35 രൂപയിലധികമാണിപ്പോള്. സൂചിഗോതമ്പിന്റെ വില 65 രൂപയ്ക്ക് മുകളിലാണ്.
ജനസംഖ്യയുടെ വലിയൊരു ശതമാനം (പ്രമേഹരോഗികള്‍ ഉള്‍പ്പെടെ) സംസ്ഥാനത്ത് സ്ഥിരമായി ഗോതമ്പ് ഉപയോഗിക്കുന്നവരായുണ്ട്. ഇവരുടെ എണ്ണം എത്രയുണ്ടെന്നുപോലും പരിഗണിക്കാതെ എപിഎല്‍ വിഭാഗക്കാരുടെയെല്ലാം ഗോതമ്പ് വിഹിതം മുന്നറിയിപ്പില്ലാതെ പെട്ടെന്ന് നിര്‍ത്തലാക്കിയത് ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി. 20കൊല്ലം മുമ്പ് ഉപയോഗിച്ചിരുന്നതിന്റെ രണ്ടിരട്ടിയിലധികം ഗോതമ്പാണ് സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. എല്ലാ വിഭാഗം എപിഎല്‍ കാര്ഡുകാരുമുള്പ്പെടെ ഏകദേശം 90 ലക്ഷത്തോളം പേര് സ്ഥിരമായി ഗോതമ്പ് ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യമാണ് പൊതുവിപണിയില്‍ ഗോതമ്പ് ക്ഷാമം രൂക്ഷമാകാനും വില വര്‍ധിക്കാനും കാരണം.
കഴിഞ്ഞ ഒരുമാസക്കാലമായി റേഷന്കടളില്നിന്ന് ഒരുമണി ഗോതമ്പ് പോലും കിട്ടാത്ത സാഹചര്യമാണ്. മുഖ്യമന്ത്രിയോ ഭക്ഷ്യവകുപ്പ് മന്ത്രിയടക്കമുള്ളവരോ, പ്രതിപക്ഷ നേതാവോ ഇതേക്കുറിച്ചൊന്നും പ്രതികരിച്ചിട്ടില്ല. അരി ഭക്ഷണത്തോളംതന്നെ ഗോതമ്പ് ഭക്ഷണവും കേരളത്തിനാവശ്യമാണെന്ന വസ്തുത നിലനില്‍ക്കെയാണിത്. കേന്ദ്രത്തില്‍ നിന്നുള്ള ഗോതമ്പ് വിഹിതം സംസ്ഥാനത്തിന് ലഭിക്കാത്തതാണ് നവംബറില്‍ ഗോതമ്പ് വിതരണം നിര്‍ത്താന്‍ കാരണമായി അധികൃതര്‍ പറയുന്നത്. എന്നാല്‍ സംസ്ഥാനത്തിനുള്ള ഗോതമ്പ് വിഹിതം പുനസ്ഥാപിച്ച് കിട്ടാന്‍ സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്ന കാര്യം ബന്ധപ്പെട്ടവര്‍ പറയുന്നില്ല. അതേസമയം, സംസ്ഥാനത്തെ ഗോഡൗണുകളില്‍ ടണ്‍കണക്കിന് ഗോതമ്പ് കെട്ടിക്കിടക്കുകയാണ്.
കേന്ദ്രവിഹിതമായി കിട്ടുന്ന ഗോതമ്പ് മുഴുവന്‍ പൊടിച്ച് ആട്ടയാക്കി വിറ്റ് ലാഭം കൊയ്യാന്‍ 2012ല്‍ ഒരു കേന്ദ്രമന്ത്രിയടക്കമുള്ളവര്‍ പദ്ധതിയിട്ടിരുന്നു. അതിപ്പോള്‍ പ്രാവര്‍ത്തികമാക്കിയതാണ് റേഷന്‍ ഗോതമ്പ് വിതരണം നിര്‍ത്താന്‍ കാരണമായതെന്നും സൂചനയുണ്ട്. റേഷന്‍കടകളില്‍ ഗോതമ്പ് കിട്ടാത്ത അവസ്ഥയുള്ളപ്പോള്‍ സ്വകാര്യമില്ലുകള്‍ക്ക് ആട്ട പൊടിയുണ്ടാക്കാന്‍ യഥേഷ്ടം ഗോതമ്പ് ലഭിക്കുന്നതെങ്ങിനെയെന്നത് ദുരൂഹമാണ്. കൂടിയ വിലയ്ക്ക് ഗോതമ്പ് വാങ്ങി ആട്ടയുണ്ടാക്കി വില്ക്കാന് സ്വകാര്യ മില്ലുടമകള്‍ക്ക് സാധ്യമല്ല. ആട്ടയുണ്ടാക്കുന്നതിനുള്ള ഗോതമ്പ് റേഷന്‍ വിഹിതം തന്നെയെന്ന് സൂചനയുണ്ട്.
റേഷന്‍ ഗോതമ്പ് വിതരണം നിലച്ചതോടെ പൊതുവിപണിയില്‍ ആട്ട, റവ, മൈദ എന്നിവയ്ക്കും ക്ഷാമവും വിലക്കയറ്റവുമുണ്ട്. സപ്ലൈകോ ലാഭം മാര്‍ക്കറ്റുകളില്‍ ഓണത്തിനുശേഷം റവ വില്‍പ്പന ഉണ്ടായിട്ടില്ല. സാധാരണക്കാര്‍ക്ക് വാങ്ങി ഉപയോഗിക്കാന്‍ പറ്റുന്ന കുറഞ്ഞ വിലയുള്ള ഗോതമ്പ് കേരളത്തിലെ പൊതുവിപണിയില്‍ കിട്ടാത്ത അവസ്ഥയാണ്. എല്ലാ വിഭാഗം എപിഎല്ലുകാര്‍ക്കും നല്‍കിയിരുന്ന ഏഴ് രൂപയുടെയും രണ്ട് രൂപയുടെയും ഗോതമ്പാണ് വിതരണം നിര്‍ത്തിയത്. ബിപിഎല്‍ വിഭാഗത്തിനും ആവശ്യത്തിനുള്ള ഗോതമ്പ് ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. റേഷന്‍ ഗോതമ്പ് നിര്‍ത്തിയതിനെതിരെ റേഷന്‍ വ്യാപാരി സംഘടനകളും സമരത്തിനൊരുങ്ങുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: