കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ ചട്ടങ്ങള്‍ മറികടന്ന് പിഎച്ച്ഡി അഡ്മിഷന് നല്‍കിയതായി ആക്ഷേപം. പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കുന്ന സമയത്ത് മതിയായ യോഗ്യതകളില്ലാത്ത രണ്ടുപേര്‍ക്കാണ് സിന്‍ഡിക്കേറ്റിന്റെ പ്രത്യേക ഉത്തരവിലൂടെ അനുമതി നല്‍കിയിരിക്കുന്നത്. പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി ചട്ടങ്ങളുടെ ലംഘനമാണ് ഇതെന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട്സ് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസില്‍ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിച്ച ഷോയാബ് കെ.എ., അന്‍വര്‍ കെ എം എന്നിവര്‍ക്കാണ് ചട്ടം ലംഘിച്ച് പ്രവേശനം കൊടുത്തത്.
പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ തന്നെ അപേക്ഷകന് ബിരുദാനന്തര ബിരുദം നേടിയ കോഴ്സ് സര്‍വ്വകലാശാല അംഗീകരിച്ചതായിരിക്കണമെന്നാണ് സര്‍വ്വകലാശാലാ ചട്ടം. എന്നാല്‍ ഷോയാബ് പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിച്ചപ്പോള്‍ ബിരുദാനന്തര ബിരുദം നേടിയ കോഴ്സ് എംജി സര്‍വ്വകലാശാല അംഗീകരിച്ചിരുന്നില്ല. പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ നിന്നും വിദൂരവിദ്യാഭ്യാസത്തിലൂടെ പബ്ലിക് അഡ്മിനിസ്ട്രേഷനിലാണ് ബിരുദാനന്തര ബിരുദം ഷോയാബ് നേടിയത്. 2013 ഫെബ്രുവരി 15 വരെ ഈ കോഴ്സ് എംജി സര്‍വ്വകലാശാല അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ 2012ലെ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഇയാള്‍ യോഗ്യനല്ലെന്ന് ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് സിന്‍ഡിക്കേറ്റിന് നോട്ട് തയ്യാറാക്കി നല്‍കിയിരുന്നു. ഇതവഗണിച്ചാണ് അഡ്മിഷന് നല്‍കിയത്.
ചട്ടംലംഘിച്ച് പിഎച്ച്ഡി പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയില്‍ നിന്നും ഒഴിവാക്കിയാണ് കെ.എം.അന്‍വറിന് സിന്‍ഡിക്കേറ്റ് വഴിവിട്ട സഹായം ചെയ്തത്. എംഫില്‍ ഡിഗ്രിയുള്ളവര്ക്കു മാത്രമേ പിഎച്ച്ഡിയുടെ എന്‍ട്രന്‍സ് പരീക്ഷക്കിരിക്കാതെ പ്രവേശനം നേടാന്‍ കഴിയൂ. അന്‍വര്‍ പിഎച്ച്ഡി പ്രവേശനം നേടുമ്പോള്‍ എംഫില്‍ ലഭിച്ചിരുന്നില്ലെന്നും സിന്‍ഡിക്കേറ്റിന് നല്കിയ നോട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതേ കാരണത്താല്‍ പിഎച്ച്ഡിക്ക് അഡ്മിഷന് നിഷേധിച്ച ജിബിന്‍ ജോര്‍ജ് എന്നയാളിന്റെ ഉദാഹരണവും നോട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇവര്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് സര്‍വ്വകലാശാല പുറത്തിറക്കിയ ഉത്തരവില്‍ സര്വ്വകലാശാലാചട്ടങ്ങളുടെ ലംഘനത്തെ ക്രമീകരിക്കുന്നത് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍വ്വകലാശാലയുടെയും യുജിസിയുടെയും ചട്ടങ്ങള്‍ ലംഘിച്ച് രണ്ടുപേര്‍ക്ക് പിഎച്ച്ഡിക്കു പ്രവേശനം നല്കിയ നടപടി വിവാദത്തിലാവുകയാണ്.
കെ. ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: