കൊച്ചി:എഎന്‍എസ് വിക്രമാദിത്യ റഷ്യയില്‍ നിന്നും ഇന്ന് യാത്ര തിരിക്കുമെന്ന് ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ സതീഷ് സോണി. ജനുവരിയോടെ ഇന്ത്യയില്‍ എത്തിച്ചേരും. ഇന്ത്യന്‍ നേവല്‍ അക്കാദമി വിദേശ ട്രെയിനികള്ക്ക്് വേണ്ടി 2015 ഓടെ തുറന്ന് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള തീരത്ത് സുരക്ഷാ പട്രോളിംഗിനായി വാങ്ങുന്ന ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ (എഫ് ഐ സി) ക്രാഫ്റ്റുകളില്‍ നാലെണ്ണം കൊച്ചിയില്‍ എത്തിയിട്ടുണ്ട്. നാല് എഫ് ഐ സികള്‍ അടുത്ത ആഴ്ചയോടെ എത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള തീരത്ത് ചെറുതും വലുതുമായ വിവിധ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവയുടെ പ്രവര്‍ത്തനം.
കടല്‍ക്കൊള്ളക്കാരുടെ ഭീഷണി ദക്ഷിണ തീരത്തില്ലെന്നും സതീഷ് സോണി വ്യക്തമാക്കി. നാവികസേനയുടെ നിരന്തരമായ നിരീക്ഷണത്തിന്റെ ഫലമായി ദക്ഷിണ തീരത്ത് 1000 കി.മി പരിധിയ്ക്കുള്ളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കടല്‍ക്കൊള്ള റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി പോര്‍ട്ട് ട്രസ്റ്റ,് കൊച്ചി തീരത്ത് കടല്‍ നികത്തിനിര്മിക്കുന്ന ഔട്ടര്‍ ഹാര്‍ബറില്‍ 650 ഏക്കര്‍ ദക്ഷിണ നാവികസേനാ ആസ്ഥാനത്തിന്റെ ഭാഗമാകും. ഇതു സംബന്ധിച്ച നാവിക സേനയുടെ താല്പര്യം തുറമുഖ ട്രസ്റ്റിന് അറിയിച്ചതായും സതീഷ് സോണി പറഞ്ഞു.
പോര്‍ട്ട് ട്രസ്റ്റും നേവിയും പങ്കാളിത്താടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന ഔട്ടര്‍ ഹാര്‍ബറിന്റെ നിര്‍മാണ ചെലവില്‍ ഒരു പങ്ക് പ്രതിരോധ വകുപ്പ് വഹിക്കും. കൊച്ചിയുടെ അടിസ്ഥാന സൗകര്യമേഖലയില്‍ ഈ പദ്ധതി വലിയ കുതിപ്പുണ്ടാക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തിനാകെ അഭിമാനകരമായ പദ്ധതിയായിരിക്കും ഇതെന്നും വൈസ് അഡ്മിറല്‍ പറഞ്ഞു. പത്ത് ദിവസം മുമ്പാണ് പോര്‍ട്ട് ട്രസ്റ്റ് ഇതു സംബന്ധിച്ച നിര്‍ദേശം നാവിക സേനയെ അറിയിച്ചത്. പദ്ധതി ഇപ്പോള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു. നാവിക സേനാ ആസ്ഥാനത്തു നിന്നും പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിക്കേണ്ടതുണ്ട്. ഫണ്ട് സംബന്ധിച്ചും ധാരണയിലെത്തേണ്ടതുണ്ട്.
ആലുവക്കടുത്തുള്ള നേവല്‍ ആംസ് ഡിപ്പോ(എന്‍എഡി)യുടെ വികസനത്തിന് 1000 ഏക്കര്‍ കണ്ടെത്തിയിട്ടുണ്ട്. ഭൂമി വിട്ടുകിട്ടുന്നതിനായി ചര്‍ച്ചകള്‍ തുടരുകയാണെന്നും സതീഷ് സോണി പറഞ്ഞു.
നാല് പുതിയ കാഡറ്റ് ട്രെയിനിംഗ് ഷിപ്പുകള്‍ കൂടി അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ദക്ഷിണ നാവിക കമാന്‍ഡിന്റെ ഭാഗമാകുമെന്നും ഇതോടെ സേനയുടെ പരിശീലന നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പടിഞ്ഞാറന്‍ തീരത്ത് ഇന്ത്യയിലെ എല്ലാ തീരസേനകളെയും ഒന്നിപ്പിച്ച് സംയുക്ത നാവികാഭ്യാസം നടത്തുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍എസ് സുനയനയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് ഓഫ് ഫ്ലാഗ് റിയര്‍ അഡ്മിറല്‍ മുരളീധറും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: