ഭദ്രയും വിഷ്ണുവും വിടാത്തതുകൊണ്ട് പുതപ്പ് അഴിഞ്ഞുപോകാതിരിക്കാന്‍ വളരെ അധികം ശ്രദ്ധിക്കേണ്ടിവന്നു. പ്രിയദത്തയുടെ വിഷമം കണ്ട് പത്തനാടി ഭദ്രയെ അടുത്തുപിടിച്ച് എന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും പാലയ്ക്കലമ്മ ഇരിക്കാന്‍ പലക വച്ചു. പത്തനാടി ഇരുന്നപ്പോള്‍ അടുത്ത പലകയില്‍ പ്രിയദത്തയും ഇരുന്നു. ഭദ്ര വേഗം ചുമരില്‍ ചാരി വച്ചിരുന്ന മറ്റൊരു പലക വച്ച് ഇരുപ്പായി. പത്തനാടി പറഞ്ഞു. ‘പലകയുടെ വാല് ഇതാ ഇങ്ങനെ ഇടത്തോട്ടാണ് വയ്ക്കേണ്ടത് ട്ട്വോ.’ വിഷ്ണു പത്തനാടി കാട്ടിക്കൊടുത്തതുപോലെ പലക നേരെ വച്ചുകൊടുത്തു. ഇതും പുതിയ അറിവാണ്. പലകയുടെ വാല് ഇടത്തോട്ടുവേണം.
പ്രിയദത്ത ശ്രദ്ധിച്ചു. പത്തനാടിയുടെ ഗൃഹത്തിലെപ്പോലെ തന്നെ ചുവന്ന മണ്ണു തേച്ച് മിനുക്കിയ ചുമരാണ്. കുറച്ചുകൂടി ചുവപ്പു കൂടും. ചുമരില്‍ ഒരു ഭാഗത്ത് കുറേ കടുത്ത നിറത്തിലുള്ള കൈപ്പാടുകളുണ്ട്. വിഷ്ണു പത്തനാടിയോട് പതുക്കെ ചോദിച്ചു. ‘അതെന്താ?’ പത്തനാടി വാത്സല്യം നിറഞ്ഞസ്വരത്തില്‍ മറുപടി പറഞ്ഞു. ‘അതോ? അത് കളിയടയ്ക്ക ണ്ടാക്കുമ്പോ അതിന്റെ കളി എന്നൊരു സാധനം ഉണ്ടാവും. അതില്‍ കയ്യ് മുക്കി ചൊമരമ്പ്ല് വയ്ക്കണതാണ്.’ ഭദ്ര പറഞ്ഞു ‘നിയ്ക്കും കൈ വെയ്ക്കണം.’
‘പത്തനാടിക്കും ത്തത്തയ്ക്കും സംഭാരോറ്റെ വേണോ?’ പലയ്ക്കലമ്മ ചോദിച്ചു. ‘ഓ. കുറച്ചാവാം. അല്ലേ പ്രിയദത്തേ?’ എന്താണ് എന്നറിയില്ലെങ്കിലും ആവാം എന്ന ഭാവത്തില്‍ പ്രിയദത്ത പുഞ്ചിരിച്ചു. പാലയ്ക്കലമ്മ സംഭാരമെടുക്കാന് പോയപ്പോള്‍ പത്തനാടി വിശദീകരിച്ചു.’ധാരാളം വെള്ളം ചേര്‍ത്ത് ഉപ്പിട്ട മോരാണ് സംഭാരം’ സംഭാരം കൊണ്ടുവന്നപ്പോള്‍ പത്തനാടി ചോദിച്ചു. ‘ഇട്ടിച്ചിര്യേ കാണല്‍ ണ്ടായില്യലോ?’ പാലയ്ക്കലമ്മ അടുക്കളയിലേക്ക് കടന്നുകൊണ്ടു പറഞ്ഞു. ‘ഇട്ടിച്ചിരി പുറത്താ. പണ്യെല്ലാം ഞാന്‍ തന്നെ വേണം.’ ‘എന്നാല്‍ ഞങ്ങളും കൂടാം.’ പത്തനാടി എണീറ്റു. അപ്പോഴേക്കും വിഷ്ണുവിന്റെ പ്രായമുള്ള രണ്ടുണ്ണികള്‍ മുട്ടോളം തൂങ്ങിക്കിടക്കുന്ന കോണകവാലുമായി ഓടിവന്നു. മുന്നിലെ ആളുടെ അടുത്ത് ഉള്ള ഓലകൊണ്ടുണ്ടാക്കിയ കാറ്റാടി മറ്റേ ആള്‍ക്ക് വേണം. അതിനുള്ള ഓട്ടമാണ്.
മുന്നിലുള്ള ഉണ്ണി ‘മുത്തശ്ശീ ഈ …’ എന്നു പറഞ്ഞപ്പോഴാണ് മുന്നിലുള്ള അപരിചതരെ ശ്രദ്ധിച്ചത്. അവര്‍ നിന്നു പരുങ്ങിയപ്പോഴേക്കും തന്നെ ഭദ്ര എത്തിപ്പിടിച്ച് കാറ്റാടി വാങ്ങല്‍ കഴിഞ്ഞു. പത്തനാടി പറഞ്ഞു. ‘ചെറിയ കുട്ട്യല്ലേ? സാരല്യ. കൊറച്ചു കഴിഞ്ഞാ തരും. പരമേശ്വരനും ശങ്കരനും വിഷ്ണൂനേം ഭദ്രേം കളിക്കാന്‍ കൂട്ടിക്കോളൂ’ ഭദ്ര കളിക്കാന്‍ പോകാന്‍ പരമേശ്വരന്റെ കൈ പിടിച്ചു. വിഷ്ണു സംശയിച്ച് അമ്മയുടെ മുഖത്തേക്കു നോക്കി. പ്രിയദത്ത അനുവാദം കൊടുത്തു. ‘പൊയ്ക്കോളൂ. ഭദ്രയെ ശ്രദ്ധിക്കണം.’ വിഷ്ണു ഭദ്രയുടെ കൈയ്യും പിടിച്ച് ഉണ്ണികളുടെ പിന്നാലെ നടന്നു.
പത്തനാടി പാലയ്ക്കലമ്മയോട് ‘ചിരകാനുള്ള നാളികേരം തന്നാല്‍ ഞാന്‍ ചിരകാം.’ പത്തനാടി വീണ്ടും പണികളിലേക്ക് തിരിഞ്ഞു. വെട്ടുകത്തിയും നാളികേരവും നാളികേരവെള്ളത്തിനുള്ള പാത്രവും പാലയ്ക്കലമ്മ കൊണ്ടു വച്ചു. പത്തനാടി ഉടച്ച് ചിരകാന്‍ തുടങ്ങിയപ്പോഴേക്കും പാലയ്ക്കലമ്മ വിളിച്ചു. ‘പത്തനാടീ! നാളികേരം പിന്നെ ചിരകാം. ഈ ഉപ്പേരി ഒന്നു നോക്കിക്കോളൂ. ഞാന്‍ അരി വയ്ക്കട്ടെ. നല്ല വേവുള്ള അര്യാ.’ പത്തനാടി ഉപ്പേരി നോക്കാന്‍ പോയപ്പോള്‍ പ്രിയദത്ത ചിരകാനിരുന്നു. ഇരുന്നപ്പോഴേക്കും തന്നെ പുതപ്പ് അഴിഞ്ഞു വീണു. പുതച്ച് വീണ്ടും ചിരകാന്‍ തുനിഞ്ഞപ്പോള്‍ വീണ്ടും. വീണ്ടും പുതപ്പ് നേരെയാക്കി. ഭാഗ്യത്തിന് അവിടെ ആരും ഉണ്ടായിരുന്നില്ല. പതുക്കെ പുതയ്ക്കുന്നതിലുള്ള ശ്രദ്ധ കുറഞ്ഞു തുടങ്ങി. രണ്ടുമൂന്നു മുറി ചിരകിക്കഴിഞ്ഞ് തലയുയര്‍ത്തി നോക്കിയപ്പോള്‍ പാലയ്ക്കലമ്മ നിന്നു പുഞ്ചിരിക്കുന്നു. അപ്പോഴാണ് പുതച്ചിട്ടില്ല എന്ന ബോധം ഉണ്ടായത്.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: