തിരുവനന്തപുരം: ചക്കിട്ടപ്പാറയിലെ ഖാനനവുമായി ബന്ധപ്പെട്ട കോഴയിടപാടിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാത്തത് സര്‍ക്കാര്‍-സിപിഎം ഒത്തുകളിയുടെ ഭാഗമാണെന്ന് ആക്ഷേപം. ഇടപാടില്‍ കോടികള്‍ കോഴവാങ്ങിയെന്ന് മുന്‍മന്ത്രി എളമരം കരീമിനെതിരെ വെളിപ്പെടുത്തലുണ്ടായിട്ടും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാത്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടാളികളും സിപിഎമ്മുമായി നടത്തുന്ന വിലപേശലിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസ്സിനുള്ളില്‍ നിന്ന് തന്നെ അന്വേഷണം വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടും ഇടതു സര്‍ക്കാരിന്റെ കാലത്തെ അഴിമതിയെക്കുറിച്ച് വ്യക്തമായ വെളിപ്പെടുത്തലുണ്ടായിട്ടും അന്വേഷണ തീരുമാനം വൈകുന്നത് ദുരൂഹമാണ്.
മുന്‍ വ്യവസായമന്ത്രിയും സിപിഎം പ്രമുഖ നേതാവുമായ എളമരം കരീമിനെ കേസില്‍ രക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടി സെക്രട്ടറി പിണറായിക്കുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാത്തത്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരേ നടത്തിവന്ന സിപിഎം സമരം മരവിപ്പിച്ചിരിക്കുന്നതും ടിപി വധക്കേസില്‍ 20 പ്രതികളെ വിട്ടയച്ച കോടതി നടപടിക്കെതിരെ അപ്പീല്പോകാതിരുന്നതും കെ.ടി.ജയകൃഷ്ണന് വധത്തിലെ സിബിഐയെ അന്വേഷണം സര്‍ക്കാര്‍ മരവിപ്പിച്ചതും ഈ ഒത്തു തീര്‍പ്പുകളുടെ ഭാഗമാണ്. ഇപ്പോള്‍ ചക്കിട്ടപ്പാറ അഴിമതിയും ഒത്തു തീര്‍പ്പ് വ്യവസ്ഥയായിരിക്കുന്നു.
സോളാര്‍ കേസില്‍ ഇടതുമുന്നണി ക്ലിഫ് ഹൗസ് ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ചക്കിട്ടപ്പാറ അന്വേഷണം നടത്തില്ലെന്ന് സര്‍ക്കാര്‍ നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ക്ലിഫ്ഹൗസ് സമരവും വഴിപാടായി മാറും. സോളാര്‍ അഴിമതിക്കേസ് തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കില്ലെന്നും ഉമ്മന്‍ചാണ്ടിക്ക് സിപിഎം നേതാക്കള്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
എന്നാല്‍ മുന്നണിക്കുള്ളിയും കോണ്‍ഗ്രസ്സിലും ചക്കിട്ടപ്പാറ ഖാനനാഴിമതിയെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ കോടതിയില്‍ പോകുമെന്നാണ് സര്‍ക്കാര്‍ ചീഫ് വിപ് പി.സി.ജോര്‍ജ്ജ് പറഞ്ഞിരിക്കുന്നത്. സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഇപ്പോള്‍ മൗനം പാലിക്കുന്നത് ആശ്ചര്യജനകമാണെന്നും ചെന്നിത്തല പറഞ്ഞു. ഈ സംഭവത്തില്‍ മുന്‍ വനംമന്ത്രി ബിനോയ് വിശ്വത്തിന് എന്തെങ്കിലും പങ്കുണ്ടോയെന്നും ഖാനന തീരുമാനം മന്ത്രിസഭ അറിഞ്ഞാണോ എടുത്തതെന്നും അന്വേഷിക്കണം. ഇത് ചെറിയ കാര്യമായി തള്ളിക്കളയാന്‍ കഴിയില്ലന്നും ചെന്നിത്തല പറഞ്ഞു.
ചക്കിട്ടപ്പാറ ഇടപാടുകള്‍ സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും ആവശ്യപ്പെട്ടിട്ടുണ്ട്. ഖാനനാനുമതി റദ്ദാക്കിയത് ഇടത്വലത് മുന്നണികള്‍ തമ്മിലുള്ള ഒത്തുകളിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏതുതരം അന്വേഷണം നടത്തിയാലും അത് അട്ടിമറിക്കപ്പെടുമെന്നും സുരേന്ദ്രന് പറഞ്ഞു.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: