കൊച്ചി: ദേശാഭിമാനിയിലെ പരസ്യവിവാദം സിപിഎമ്മിനുള്ളിലെ പുതിയ ചേരിതിരിവ് രൂക്ഷമാക്കും.ദേശാഭിമാനി ജനറല്‍ മാനേജരും പിണറായി വിജയന്റെ വിശ്വസ്തനുമായ ഇ.പി. ജയരാജനെതിരെ പരസ്യം ആയുധമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരു വിഭാഗം. പിണറായി സെക്രട്ടറി സ്ഥാനമൊഴിയുന്നതോടെ അടുത്ത സെക്രട്ടറി ആരാകും എന്ന തര്‍ക്കമാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത്.
കോടിയേരിക്കും ഇ.പി.ജയരാജനുമാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. പിണറായിയുടെ താത്പര്യം ജയരാജനെ സെക്രട്ടറിയാക്കാനാണെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് ഒരു വിഭാഗം വീണുകിട്ടിയ ആയുധം എന്ന നിലയില്‍ പരസ്യവിവാദം ഉപയോഗപ്പെടുത്തുന്നത്. ആനത്തലവട്ടം ആനന്ദന്, ബാബു എം. പാലിശ്ശേരി തുടങ്ങിയവര്‍ പരസ്യം നല്‍കിയത് ശരിയായില്ലെന്ന് പരസ്യമായി പ്രതികരിച്ചുകഴിഞ്ഞു. എ.കെ. ബാലനും ഇ.പി. ജയരാജനും ഒഴികെ മറ്റാരും പരസ്യവിവാദത്തില്‍ ദേശാഭിമാനിയെ ന്യായീകരിച്ച് രംഗത്തു വന്നിട്ടുമില്ല.
പിണറായി ഇന്നലെ എറണാകുളം ജില്ലയില്‍ നടന്ന പരിപാടികളില്‍ ദേശാഭിമാനി മാനേജ്മെന്റിനെ ന്യായീകരിച്ച് രംഗത്തു വന്നു. പത്രത്തിന് പരസ്യവും പണവും കണ്ടെത്തുന്നതില്‍ പാര്‍ട്ടിക്ക് പങ്കൊന്നുമില്ലെന്നായിരുന്നു പിണറായിയുടെ വാദം. യഥാര്‍ത്ഥത്തില്‍ പരസ്യം സംബന്ധിച്ച് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുള്ള വിവാദം ജയരാജനെ ലക്ഷ്യമിട്ടാണ് എന്നത് വ്യക്തമാണ്.
സീനിയറായ തന്നെ മറികടന്ന് ഇ.പി. ജയരാജനെ സെക്രട്ടറിയാക്കാന്‍ പിണറായി നടത്തുന്ന നീക്കത്തില്‍ കോടിയേരി അസംതൃത്പതനാണ് എന്നാണ് സൂചന. എം.എ. ബേബി, തോമസ് ഐസക്ക് തുടങ്ങിയ നേതാക്കളും കോടിയേരിക്കനുകൂലമായ നിലപാടിലാണ്. പരസ്യം വിവാദമാക്കിയതും ഈ വിഭാഗത്തിലെ ചിലയാളുകളാണ് എന്നതാണ് വസ്തുത.
പ്ലീനം നടന്ന വേദിയില്‍ നിന്ന് ഈ വിവരം ചാനലുകള്‍ക്ക് ചോര്‍ത്തി നല്കിയതും ഈ വിഭാഗം തന്നെയാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് ഇതു സംബന്ധിച്ച് പരാതി നല്‍കിയതായും വിവരമുണ്ട്. വിഎസ് യുഗം അവസാനിച്ചുവെങ്കിലും പാര്‍ട്ടിയില്‍ പുതിയ രൂപത്തില്‍ വിഭാഗീയത ശക്തിപ്പെടുന്നതിന്റെ സൂചനയാണ് പരസ്യ വിവാദം.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: