കൊച്ചി: സ്വകാര്യ പങ്കാളിത്തത്തോടെ കൊച്ചിയില്‍ എണ്ണ പര്യവേഷണം നടത്താനുള്ള ഒഎന്‍ജിസി തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യമുയരുന്നു. കൊറിയന്‍ കമ്പനിയുമായി ചേര്‍ന്ന് 5000 കോടിയുടെ പെട്രോകെമിക്കല്‍ പ്രൊജക്റ്റും റിലയന്‍സുമായി ചേര്‍ന്ന് എണ്ണക്കിണര്‍ പര്യവേഷണവുമാണ് കൊച്ചിയല്‍ ഒഎന്‍ജിസി പദ്ധതിയിടുന്നത്.
5000 കോടിയുടെ പെട്രോ കെമിക്കല്‍ പദ്ധതിയില്‍ കൊറിയന്‍ കമ്പനിയായ എല്‍ജിക്ക് 51 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ഒഎന്‍ജിസിക്ക് 49 ശതമാനവും. വിദേശ കമ്പനിക്ക് 51 ശതമാനം ഓഹരി പങ്കാളിത്തം നല്കുന്നതില് എതിര്‍പ്പ് ഉയരുന്നുണ്ട്. കൊച്ചിന് റിഫൈനറിയുടെ നവീകരണവും പദ്ധതിയുടെ ഭാഗമായി അടുത്ത ഘട്ടത്തില്‍ ഉല്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. 12,500 കോടിയുടെതാണ് റിഫൈനറി നവീകരണ പദ്ധതി.
ഒഎന്‍ജിസിയെ സ്വകാര്യ വത്കരിക്കാനും എണ്ണ വിപണിയില്‍ സ്വകാര്യ കുത്തകകള്‍ക്ക് ആധിപത്യം ഉറപ്പിക്കാനും തീരുമാനം ഇടയാക്കുമെന്നാണ് ആക്ഷേപമുയരുന്നത്. റിലയന്‍സുമായി ചേര്‍ന്ന് കൊച്ചിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എണ്ണക്കിണര്‍ കുഴിക്കാനുള്ള ഒഎന്‍ജിസി തീരുമാനവും എതിര്‍പ്പ് ക്ഷണിച്ചു വരുത്തുന്നതാണ്. എണ്ണ ലഭിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ കോടികള്‍ ചെലവിട്ട് ഇത്തരമൊരു പരീക്ഷണം നടത്തുന്നതിന്റെ സാംഗത്യവും ചോദ്യം ചെയ്യപ്പെടുന്നു.
എണ്ണ നിക്ഷേപം ഉറപ്പു വരുത്തിയ ശേഷം മാത്രം എണ്ണക്കിണര്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നതാകും ഉചിതമെന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്. 2009 ല്‍ കൊച്ചിക്കു സമീപം ആഴക്കടലില്‍ ഒഎന്‍ജിസി നടത്തിയ എണ്ണപര്യവേഷണം വന്‍ പരാജയമായിരുന്നു. 4500 മീറ്റര്‍ ആഴത്തില്‍ എണ്ണ നിക്ഷേപമുണ്ടെന്നായിരുന്നു അന്ന് ഒഎന്‍ജിസിയുടെ അവകാശ വാദം. എന്നാല്‍ മാസങ്ങള്‍ നീണ്ടുനിന്ന പര്യവേഷണത്തിനു ശേഷം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. റിലയന്‍സുമായി ചേര്‍ന്നായിരുന്നു അന്നും പര്യവേഷണം. ഈ ഇനത്തില്‍ കോടികളാണ് ഒഎന്‍ജിസി റിലയന്‍സിനു കൈമാറിയത്.
ആഴക്കടലില്‍ ഖാനനം നടത്താനുള്ള ഡ്രഡ്ജിംഗ് ഉപകരണങ്ങളുടെ വാടകയിനത്തിലും മറ്റുമായിരുന്നു ഇത്. ഇന്ത്യന്‍ എണ്ണ വിപണിയില്‍ നിക്ഷിപ്ത താത്പര്യങ്ങളുള്ള റിലയന്‍സുമായി ചേര്‍ന്ന് ഒഎന്‍ജിസി എണ്ണ പര്യവേഷണം നടത്തുന്നത് രാജ്യ താത്പര്യത്തിനെതിരാണ് എന്ന ആക്ഷേപവുമുയരുന്നു. എല്‍ജിയുമായി ചേര്‍ന്നുള്ള പെട്രോ കെമിക്കല്‍ പദ്ധതി ആദ്യഘട്ടം 20015 ഓടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. എണ്ണക്കിണര്‍ നിര്‍മ്മാണവും അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ഒഎന്‍ജിസി വൃത്തങ്ങള്‍ അറിയിച്ചു.
ടി.എസ്.നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: