കോട്ടയം: പശ്ചിമഘട്ടം സംരക്ഷിക്കുവാനും മാനവകേന്ദ്രീകൃതവും സാമൂഹ്യനീതിയിലധിഷ്ഠിതവുമായ വികസനനയം രൂപപ്പെടുത്താനും ഭാവിതലമുറയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് കെപിഎംഎസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.രാജപ്പനും കോട്ടയം ജില്ലാ സെക്രട്ടറി കെ.ശിവദാസനും സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഭൂമികയ്യേറ്റം നിര്‍ബാധം തുടരുന്നതിനും പ്രകൃതിയെ കൊള്ളയടിക്കുന്ന പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം നടത്തുന്നതിനും സാദ്ധ്യമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ നുണ പ്രചാരണങ്ങള്‍ ആയുധമാക്കി മതമേലദ്ധ്യക്ഷന്മാരും വോട്ടുബാങ്ക് ലക്ഷ്യമാക്കി രാഷ്ട്രീയ നേതൃത്വങ്ങളും ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായി ഒരുമിക്കുന്നത് ഉത്കണ്ഠാജനകമാണ്. ആദിവാസി- ദളിത് വിഭാഗങ്ങളുടെ ഭൂമി തട്ടിയെടുത്ത് സ്വന്തമാക്കിയവരാണ് പ്രധാനമായും ഈ സമരത്തിന് നേതൃത്വം നല്‍കുന്നത്. ഭൂമിയുടെ വിനിയോഗത്തില്‍ സാമൂഹ്യനിയന്ത്രണം നിര്‍ദ്ദേശിക്കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആദിവാസി- ദളിത് ആവാസ കേന്ദ്രങ്ങളെ ഇനിയെങ്കിലും സംരക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പശ്ചിമഘട്ടസംരക്ഷണത്തിന് അനുയോജ്യമല്ലാത്ത വകുപ്പുകള്‍ എഴുതിച്ചേര്‍ത്ത കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പകരം, സാധാരണ ജനങ്ങളില്‍ സൃഷ്ടിക്കപ്പെട്ട ആശങ്ക അകറ്റി, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ഇച്ഛാശക്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രകടിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: