പശ്ചിമഘട്ട പര്‍വതനിരകള്‍ അഥവാ സഹ്യാദ്രി മലനിരകള്‍. ഭാരത ഉപഭൂഖണ്ഡത്തിലെ 58 ഓളം പ്രധാന നദികള്‍ ഉള്‍പ്പെടെ നൂറോളം നദികള്‍ ഉത്ഭവിക്കുന്നത് ഈ പര്‍വതനിരകളില്‍നിന്നാണ്. ഗോദാവരി, കൃഷ്ണ, കാവേരി, കാളി, ബേഡ്തി, താദ്രി, ഷാരവതി, പമ്പ, പെരിയാര്‍, ഭാരതപ്പുഴ തുടങ്ങിയ നദികളുടെ ഉത്ഭവസ്ഥാനമാണിത്. വര്‍ഷംതോറുമുള്ള മണ്‍സൂണ്‍ കാലയളവില്‍ 2,000 മുതല്‍ 8,000 മില്ലി ലിറ്റര്‍ മഴയാണ് ഈ പര്‍വതനിരകളുടെ വൃഷ്ടിപ്രദേശത്ത് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടുത്തെ മഴക്കാടുകള്‍ കനത്ത മഴമേഘങ്ങളെ സൃഷ്ടിക്കുന്ന പ്രകൃതിയുട വരദാനമാണ്. വിവിധതരം പാറകളും മണ്ണും നിറഞ്ഞ പര്വതനിരകളാവട്ടെ സ്പോഞ്ചുപോലെ പ്രവര്‍ത്തിക്കുന്ന ഭീമന് ജലസംഭരണികളാണ്.
4600 ഓളം അപൂര്‍വവും തദ്ദേശീയവുമായ ജാനസ്സുകളിലുള്ള പൂച്ചെടികളുടെ നിറവാര്‍ന്ന വൈവിധ്യമാണ് പശ്ചിമഘട്ട മലനിരകള്‍ നമ്മള്‍ക്കായി ഒരുക്കുന്നത്. സഹ്യാദ്രി മലനിരകളിലെ 54 ശതമാനം മരവര്ഗ്ഗങ്ങളും 65 ശതമാനം ഉഭയജീവികളും (കരയിലും വെള്ളത്തിലും ജീവിക്കുന്നത്) 62 ശതമാനം ഇഴജന്തുവര്ഗ്ഗങ്ങളും ഈ മലനിരകളുടെ മാത്രം സ്വന്തമാണ്. തമിഴ്നാട്ടിലെ അഗസ്ത്യമലയിലെ ചെമ്മുഞ്ചി കൊടുമുടിയില്‍ മാത്രം മറ്റൊരിടത്തുമില്ലാത്ത ആറോളം സസ്യജനുസ്സുകള്‍ കാണാന്‍ സാധിക്കും. മഹാരാഷ്ട്രയിലെ കോയ്ന, ഘോപ്പോളി ജലവൈദ്യുത പദ്ധതികള്‍, കേരളത്തിലെ പറമ്പിക്കുളം, കര്‍ണാടകത്തിലെ ലിങ്കാന്മാക്കി ഡാമുള്‍പ്പെടെ 50 ലേറെ ഡാമുകളാണ് സഹ്യാദ്രി പര്വതനിരകളിലുള്ളതെന്നറിയുമ്പോള് തന്നെ ഭാരത ഉപഭൂഖണ്ഡത്തിലെ കാലാവസ്ഥയിലും ജലലഭ്യതയിലും സഹ്യനിരകളുടെ പ്രാധാന്യം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഭാരതത്തിലെ വടക്കേ അറ്റത്ത് നിരന്നുകിടക്കുന്ന ഹിമവത്ശൃംഗങ്ങളാണ് (ഹിമാലയ പര്‍വത നിരകള്‍) ഭാരതത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സ്. തൊട്ടു പിന്നിലാണ് സഹ്യാദ്രി പര്‍വത നിരകളുടെ സ്ഥാനം. വടക്ക് ഗുജറാത്തിലെ തപ്തി നദി തൊട്ട് തെക്ക് കന്യാകുമാരി വരെ 1600 കിലോമീറ്റര്‍ ദൂരം പടിഞ്ഞാറന്‍ കടലോരത്തിന് സമാന്തരമായാണ് ഈ പര്‍വത നിരകള്‍ നീണ്ടുകിടക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായിട്ടാണ് ഈ പര്‍വതനിരകള്‍ വ്യാപിച്ചു കിടക്കുന്നത്. 900 മീറ്ററാണ് ഈ പര്‍വതനിരകളുടെ സാമാന്യ ഉയരം. ചിലയിടങ്ങളില്‍ ഇത് 1800 മുതല്‍ 2400 മീറ്റര്‍ വരെയാണ്. ഗുജറാത്തിലെത്തുമ്പോള്‍ സമുദ്രനിരപ്പില്‍ നിന്നും ഉയരം 3000 മീറ്റര്‍ വരെയാണ്.
കടല്‍ത്തീരത്ത് നിന്ന് ഏകദേശം 40 കി.മീ. ദൂരത്തായിട്ടാണ് പ്രകൃതിയുടെ വരദാനമായ സഹ്യപര്‍വത നിരകളുടെ കിടപ്പ്. യുനസ്കോയുടെ ലോക പൈതൃക പട്ടികയില്‍ അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 39 സ്ഥലങ്ങള്‍ പശ്ചിമഘട്ട മലനിരകളിലാണ്. ഇതില്‍ 19 എണ്ണവും കേരളത്തിലാണുള്ളത്. കര്‍ണാടക (10), തമിഴ്നാട് (6), മഹാരാഷ്ട്ര(4) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ സംഭാവന. എന്താണ് യുനസ്കോ പൈതൃക പട്ടികയില്‍ പെടുത്തിയ ഈ 39 ഹോട്ട്സ്പോട്ട്സിന്റെ പ്രത്യേകത? യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താതെ ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്ന ലോകോത്തര ദൃശ്യവിരുന്നാണ് പ്രകൃതി തന്നെ നമ്മള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ പ്ലാസ്റ്റിക് രഹിത തദ്ദേശീയ പങ്കാളിത്തമുള്ള എക്കോ ടൂറിസമാണ് മാധവ്ഗാഡ്ഗില്‍ കസ്തൂരി രംഗന് റിപ്പോര്‍ട്ടുകള്‍ നിര്‍ദ്ദേശിക്കുന്നത്.
ലോക കമ്പോളത്തില്‍ വിശ്വാസ്യത നേടിയെടുക്കാന്‍ ‘ജൈവ ബ്രാന്‍ഡ്’ നാമം സഹായിക്കും. ആയതിനാല്‍ ജൈവകൃഷി രീതി പിന്തുടരാന് സ്പൈസസ് ബോര്‍ഡ്, കോഫി ബോര്‍ഡ്, എപിഇഡിഎ എന്നിവ മുന്‍കൈയെടുക്കണമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ജൈവ കൃഷി (ഓര്‍ഗാനിക് ഫാമിങ്) പിന്തുടരുന്ന കര്‍ഷകരുടെ ഒരു ഡാറ്റാബേസ് രൂപീകരിച്ചുകൊണ്ട് ഇവരുടെ സഹായത്തോടെയാവണം കൃഷി, പ്ലാന്റേഷന് സംരംഭങ്ങള്‍ മുന്നോട്ട് പോവേണ്ടത് എന്ന നിര്‍ദ്ദേശവുമുണ്ട്.
മാധവ്ഗാഡ്ഗില്‍ കമ്മറ്റിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍
1) ആഭ്യന്തര ഉപയോഗത്തിനായി മാത്രമല്ല വിദേശത്ത് കയറ്റി അയയ്ക്കാനുമായി ഭീമാകാരമായ യന്ത്രങ്ങളുപയോഗിച്ച് പാറകളുടെ ഭീമന് ബ്ലോക്കുകളായിട്ടാണ് പശ്ചിമഘട്ടത്തിലെ പാറക്കല്‍ മലകള്‍ ചതുരത്തില്‍ മുറിച്ചെടുക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ പണച്ചാക്കുകളുടെ വന്‍കിട ക്രഷറുകളും പശ്ചിമഘട്ടത്തെ കൊള്ളയടിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായ സോണ്‍ 1 ല്‍ നിരോധിക്കണമെന്നും നിലവിലുള്ളവ അഞ്ച് വര്‍ഷത്തിനുള്ളില്‍ അടച്ചുപൂട്ടണമെന്നും ഗാഡ്ഗില്‍ കമ്മറ്റി പറയുമ്പോള്‍ എതിര്‍ക്കുന്നവര്‍ പശ്ചിമഘട്ട മലനിരകളെ മറ്റൊരു ഉത്തരാഖണ്ഡ് മോഡല്‍ ദുരന്തത്തിലേക്ക് തള്ളിവിടുകയാണ്.
2) പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ സിമന്റ്, കമ്പി, ടാര്‍ എന്നിവ ഉപയോഗിച്ചുള്ള പരിസ്ഥിതി വിരുദ്ധമായ നിര്‍മാണങ്ങള്‍ക്ക് പകരം പരിസ്ഥിതി സൗഹൃദ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ആകാവൂ എന്നാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് അടിവരയിട്ട് പറയുന്നത്. ഈ മുന്നറിയിപ്പ് അവഗണിക്കുന്നവര്‍ ശവപ്പെട്ടി നിര്മാണത്തിലേര്പ്പെട്ടിരിക്കുന്നവര്ക്ക് അത്യാഹ്ലാദവും സമ്പദ്സമൃദ്ധിയും കൊണ്ടുവരുമെന്നുറപ്പാണ്.
3) പശ്ചിമഘട്ടത്തില്‍ നാടന്‍ കന്നുകാലിയിനങ്ങളെ വളര്‍ത്താന്‍ പ്രോത്സാഹനം നല്കി. പുല്‍മേടുകള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമെങ്കില്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും ഗാഡ്ഗില്‍ കമ്മറ്റി ആവശ്യപ്പെടുന്നു.
4) പശ്ചിമഘട്ടത്തിലെ ശുദ്ധജലവാഹികളായ നൂറുകണക്കിന് നദികളിലെ മത്സ്യസമ്പത്തിനെ മെര്‍ക്കുറി, സിങ്ക്, കാഡ്മിയം തുടങ്ങിയ വ്യവസായ മാലിന്യങ്ങളും അമോണിയയും പ്ലാസ്റ്റിക്കും ദോഷകരമായി ബാധിക്കുന്നതുകൊണ്ട് ഇവയുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണവും നിരോധനവും ഗാഡ്ഗില്‍ ശുപാര്‍ശ ചെയ്യുന്നു.
5) മത്സ്യങ്ങളുടെ പ്രജനനസ്ഥലം സഞ്ചാരപഥങ്ങള്‍ എന്നിവ വ്യവസായ മാലിന്യങ്ങളില്‍നിന്നും മണലൂറ്റു മാഫിയകളില്‍നിന്നും സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ഗാഡ്ഗില്‍ കമ്മറ്റി പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
6) കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുത്. റോഡുകള്‍, ഡാമുകള്‍ എന്നി സ്ഥാപിക്കുന്നതിനു മുമ്പ് പരിസ്ഥിതി ആഘാതപഠനം നിര്‍ബന്ധമാക്കണം എന്നിവ ഗാഡ്ഗില്‍ കമ്മറ്റിയുടെ പ്രധാന പരമാര്‍ശങ്ങളാണ്.
7) വൈകല്യത്തിന്റേയും അര്‍ബുദത്തിന്റെയും കാര്‍ന്നുതിന്നുന്ന വേദനയുടേയും ദുര്‍വിധിയെ പഴിക്കാന്‍ പോലുമാവാതെ ജീവച്ഛവങ്ങളായി ജീവിക്കുന്ന ഹതഭാഗ്യര്‍ കാസര്‍ഗോഡു മുതല്‍ കേരളത്തിലെമ്പാടുമുണ്ട്. ഡിഡിറ്റിയും എന്‍ഡോസള്‍ഫാനും പശ്ചിമഘട്ടത്തിലെ തേയില, ഏലം, പൈനാപ്പിള്‍ തോട്ടങ്ങളിലും പച്ചക്കറി കൃഷിയിലും വ്യാപകമായി ഉപയോഗിക്കുകയാണ്. അമേരിക്ക ആസ്ഥാനമായ അന്താരാഷ്ട്ര കീടനാശിനി മാഫിയയുടെ ‘ചാകര’ പ്രദേശങ്ങളാണ് പശ്ചിമഘട്ടത്തിലെ കാര്‍ഷിക മേഖലകള്‍.
ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയതുകൊണ്ടാണ് ഘട്ടംഘട്ടമായി തോട്ടം, പച്ചക്കറി കൃഷി മേഖലകളില്‍നിന്ന് രാസകീടനാശിനികളും രാസവളവും ഒഴിവാക്കിക്കൊണ്ട് ജൈവകൃഷി രീതിയിലേക്ക് മാറണമെന്ന് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്.
8) വന്യജീവികള്‍ മൂലമുണ്ടാകുന്ന കൃഷി നാശത്തിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണം. കാട്ടുപന്നികളെ പിടിച്ച് മൂല്യവര്‍ധിത മാംസോത്പന്നങ്ങള്‍ ഉണ്ടാക്കി വിപണനം നടത്തണമെന്നും ഗാഡ്ഗില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
9) ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വളരെയധികം മികച്ചു നില്‍ക്കുന്നത് ഗ്രാമസഭകള്ക്കുള്ളിലെ ജനാധിപത്യപരമായ അര്‍ത്ഥവത്തായ ചര്‍ച്ചകളിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തണം എന്ന നിര്‍ദ്ദേശമാണ്. വിയോജനാഭിപ്രായം ഉണ്ടാവുക പുതിയ റെയില്‍, റോഡ് മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിലുള്ള എതിര്‍പ്പില്‍ മാത്രമാണ്.
കസ്തൂരി രംഗന് കമ്മറ്റി റിപ്പോര്‍ട്ട് പറയുന്നത്
1) വനോത്പന്നങ്ങള്‍ ശേഖരണം, അവയുടെ മൂല്യവര്‍ധനം, മൂല്യവര്‍ധിത വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കല്‍, പള്‍പ്പ് നിര്‍മാണത്തിനാവശ്യമായ മരംമുറിക്കല്‍ എന്നിവയ്ക്ക് പ്രാദേശിക ജനവിഭാഗങ്ങളുടെ സമ്പൂര്‍ണ സഹകരണവും സാമ്പത്തിക ഉന്നമനവും ഉറപ്പുവരുത്തണമെന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും നിര്‍ദ്ദേശിക്കുന്നുണ്ട്.
2) നിലവിലുള്ള എസ്റ്റേറ്റുകള്‍, കൃഷിയിടങ്ങള്‍, ജനവാസമേഖലകള്‍ എന്നിവയെ സംരക്ഷിക്കണം.
3) ജലം, കാറ്റ് വൈദ്യുതി ഉത്പാദനത്തിന് അനുമതി നല്‍കുന്നതിന് മുമ്പ് സഹ്യാദ്രി വനങ്ങളിലെ ജൈവ വൈവിധ്യവും നദികളുടെ തനതായ ഒഴുക്കും സംരക്ഷിക്കേണ്ടതുണ്ട്.
4) അമ്പത് ശതമാനം നദീതട പ്രദേശത്തെ മാറ്റി നിര്‍ത്തിക്കൊണ്ടും പദ്ധതികള്‍ തമ്മില്‍ മൂന്ന് കിലോമീറ്റര്‍ ദൂരം നിലനിര്‍ത്തിക്കൊണ്ടും മാത്രമേ ഇത്തരം പദ്ധതികള്‍ തുടങ്ങാവൂ.
5) 25 മെഗാവാട്ട് ഉള്ള ചെറുകിട പ്രൊജക്ടുകള്‍ക്ക് പ്രാധാന്യം നല്‍കണം. ഇവ പ്രാദേശിക വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ സഹായിക്കും.
6) ജലമലിനീകരണ നിയന്ത്രണ നിയമം 1974, വായുമലിനീകരണ നിയന്ത്രണ നിയമം 1981 അനുസരിച്ച് എല്ലാ വ്യാവസായിക വികസന പദ്ധതികളും ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ വിഭാഗങ്ങളിലായി തിരിച്ചിട്ടുണ്ട്.
ചുവപ്പ്, ഓറഞ്ച് വിഭാഗത്തില്‍പ്പെടുന്ന വ്യവസായ വികസന പദ്ധതികള്‍ വമ്പിച്ച മലിനീകരണവും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നവയാണ്. അതിനാല്‍ പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ ചുവപ്പ് വിഭാഗത്തിലുള്ള വ്യവസായങ്ങള്‍ പൂര്‍ണമായും നിരോധിക്കണം.
പഴം-ആഹാര സംസ്കരണം എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന വ്യവസായങ്ങളായതിനാല്‍ ‘ഓറഞ്ച്’ വിഭാഗത്തില്‍പ്പെടുന്ന വ്യവസായങ്ങള്‍ക്ക് അല്‍പ്പം ഇളവുണ്ട്.
സുതാര്യതയ്ക്കായി, വെബ്സൈറ്റില്‍ ബന്ധപ്പെട്ട നിയമങ്ങള്‍ പൊതുജനങ്ങള്‍ക്കുവേണ്ടി പ്രസിദ്ധീകരിക്കണം. അനുവാദം ലഭിച്ച കമ്പനികളുടെ പൂര്‍ണ വിവരങ്ങള്‍, അവലംബിച്ചിട്ടുള്ള മലിനീകരണ നിയന്ത്രണോപാധികള്‍ എന്നിവയും പരസ്യപ്പെടുത്തണം. ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുന്ന വ്യവസായങ്ങള്‍ക്കെതിരെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടിയെടുക്കണം.
7) റെയില്‍വേ പ്രകൃതിക്കിണങ്ങിയ ഗതാഗത മാര്‍ഗ്ഗമായാണ് കസ്തൂരി രംഗന് റിപ്പോര്‍ട്ട് പരിഗണിക്കുന്നത്. ആനത്താരകളെയും മറ്റ് വന്യജീവികളുടെ സഞ്ചാര മാര്‍ഗങ്ങളെയും ഒഴിവാക്കിക്കൊണ്ടും ഉത്തരവാദിത്വമുള്ള ജീവനക്കാരെക്കൊണ്ടും വ്യക്തമായ ആസൂത്രണത്തോടുകൂടി റെയില്‍ ഗതാഗത സംവിധാനം ഒരുക്കാവുന്നതാണ്.
8) വനസംരക്ഷണവും പരിസ്ഥിതി-സംരക്ഷണവും ഉറപ്പുവരുത്താനുള്ള ‘ദ ഇക്കോ-സിസ്റ്റം സര്‍വീസ് ഫണ്ട്’ വനത്തിനു ചുറ്റുമുള്ള ഗ്രാമങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ വിനിയോഗിക്കണം.
9) പരിസ്ഥിതി ലോല പ്രദേശമാണെങ്കിലും സാംസ്കാരിക ഭൂഭാഗത്തിനേയും കൃഷി, പ്ലാന്റേഷന് ഏരിയാകളേയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. വന നാശത്തിന് കാരണമാകാത്തവിധത്തില് ജീവിതമാര്‍ഗ്ഗമെന്ന നിലയിലും പ്രദേശത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകരമെന്ന നിലയിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കേണ്ടതുണ്ട്.
20,000 സ്ക്വയര്‍ മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ പണിയാനുള്ള അനുവാദം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് വേണ്ടവിധം ആലോചിക്കാതെയുള്ള തീരുമാനമായിപ്പോയി എന്നുതന്നെ പറയേണ്ടതുണ്ട്. സഹ്യാദ്രി മലനിരകളില്‍ ഇത്രത്തോളം വലിയ കെട്ടിട നിര്‍മാണം അനുവദിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതാണ്.
അരുണ്‍കുമാര്‍ കെ.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: