പാനൂര്‍(കണ്ണൂര്‍): യുവമോമോര്ച്ച സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ മാര്‍ക്സിസ്റ്റുകാരാല്‍ കൊലചെയ്യപ്പെട്ട കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ പതിനാലാം ബലിദാന വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കി ആയിരങ്ങള്‍ മാക്കൂല്‍ പീടികയിലെ ഗൃഹാങ്കണത്തിലുള്ള സമൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അഭിവന്ദ്യ മാതാവ് കൗസല്യയും സഹോദരങ്ങള്‍ അടക്കമുള്ള കുടുംബാംഗങ്ങളും അശ്രുമിഴികളോടെ ചടങ്ങില്‍ സംബന്ധിച്ചു. ഇന്നലെ കാലത്ത് 8 മണിയോടെയാണ് വീരബലിദാനിയുടെ ഓര്‍മ്മ പുതുക്കാനും പുഷ്പാര്ച്ചനക്കുമായി നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരും നാട്ടുകാരും മാക്കൂല്‍ പീടികയിലെ വസതിയിലെത്തിയത്. തുടര്‍ന്ന് നടന്ന പുഷ്പാര്‍ച്ചനക്ക് സംഘപരിവാര്‍ നേതാക്കളായ അഡ്വ.വി.സുധീര്‍ കുമാര്‍, കെ.രഞ്ചിത്ത്, പി.പി.സുരേഷ് ബാബു, വി.ശശിധരന്, അഡ്വ.വി.വി.രാജേഷ്, പി.രാഘവന്,വി.കെ.സജീവന്, സജി കൊല്ലം, അഡ്വ.കെ.എസ്.ഷൈജു, അഡ്വ.കെ.പി.പ്രകാശ് ബാബു, പി.സത്യപ്രകാശ്, ബിജു ഏളക്കുഴി, ആര്.രാജീവ്, ബിജുമോന്, ജി.ലിജിന്‍, എന്‍.കെ.നാണുമാസ്റ്റര്‍, കെ.പ്രമോദ്, വി.പി.സുരേന്ദ്രന്, ഒ.രാഗേഷ്, ടി.ബിജു, വി.പി.ബാലന് മാസ്റ്റര്‍, കെ.പിസഞ്ജീവ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് നടന്ന സാംഘിക്കില്‍ തപസ്യ സംസ്ഥാ സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന് പ്രഭാഷണം നടത്തി. സ്വയംസേവകത്വമെന്ന അടിസ്ഥാനതത്വത്തെ മറന്നാല്‍ സ്വയം നശിക്കും. അത് അറിവിന്റെ അഭാവം കൊണ്ടും സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയും സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടിയും ധാര്‍മ്മിക-സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും സംഭവിക്കാമെന്ന് പി.ഉണ്ണികൃഷ്ണന് പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തി.
മരണം ദൈവനിശ്ചയമാണ്. എന്നാല്‍ ചിലര്‍ മരിച്ചാലും ജീവിക്കും. വീരബലിദാനി കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ അത്തരത്തില്‍ ഇപ്പോഴും പ്രവര്‍ത്തക ഹൃദയങ്ങളില്‍ ജീവിക്കുകയാണ്. ഹിന്ദുത്വ ദര്‍ശനം സംഘര്‍ഷ പൂരിതമായ ആഗോള പരിസ്ഥിതിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് നിമിത്തമാവുകയാണ്. ലോകത്തെ പ്രധാന നാലു പട്ടണങ്ങള്‍ കേന്ദ്രീകൃതമായി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. വാഷിംഗ്ടണ്ണിലൂടെ ക്രൈസ്തവവത്കരണവും ഇസ്ലാമാബാദിലൂടെ മുസ്ലീം ഭീകരതയും ബീജിങ്ങിലൂടെ കമ്യൂണിസ്റ്റ് ആഗോളവത്കരവും നാഗ്പൂരില്‍ നിന്നും ഹിന്ദുത്വ ദര്‍ശനത്തിന്റെയും പ്രവര്‍ത്തനം സക്രിയമാണ്. വിശ്വമാകെ വെള്ളിവെളിച്ചമേകാന് ലോകത്തിന് അറിവ് നല്കി ഹിന്ദുത്വം ശോഭ പരത്തുന്നു. ഇതിലൂടെ വ്യക്തമാക്കുന്നത് അപ്രായോഗികമായ കമ്മ്യൂണിസമടക്കമുള്ള പ്രത്യയശാസ്ത്രങ്ങള്‍ നശീകരണ പാതയിലാണ് എന്നുള്ളതാണ്. അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂര്‍ ശാഖാ പദ്ധതിയിലൂടെ നടന്നുവരുന്ന പരിണാമ പ്രക്രിയ തര്‍ക്കത്തിനതീതമാണ്. സ്വയംസേവകര്‍ തമ്മില്‍ തര്‍ക്കത്തിന് മുതിരുന്നത് ധാരണപ്പിശക് മൂലമാണ്. ആദര്‍ശത്തിന്റെ കനലെരിയുന്ന മനസ്സുകളുമായി ശാഖയില്‍ നിന്നും നാം വളര്‍ന്നുവരുമ്പോള്‍ സ്വയംസംവകര് അഗ്നിശുദ്ധരാകുന്നു. ഉണ്ണികൃഷ്ണന് പറഞ്ഞു.
സാംഘിക്കില്‍ ആര്‍എസ്എസ് പാനൂര്‍ താലൂക്ക് സംഘചാലക് എന്‍.കെ.നാണുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി.ജിഗീഷ് സ്വാഗതം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: