കൊച്ചി: ആയുര്‍വേദ ഉല്പന്നങ്ങളുടെ നിര്മാണപ്രക്രിയയെ ശാസ്ത്രീയവിശകലനത്തിനു വിധേയമാക്കുന്ന പദ്ധതിക്ക് ആയുര്‍വേദ യൂണിറ്റുകളുടെയും സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ ‘കീയര്‍ കേരളം’ തുടക്കമിട്ടു. ഇപ്പോള്‍ ഫുഡ് സപ്ലിമെന്റായി ഒതുങ്ങുന്ന ഇവയ്ക്ക് ആഗോളവിപണിയില്‍ മരുന്ന് എന്ന നിലയില്‍ കൂടുതല്‍ പ്രചാരവും അംഗീകാരവും നേടാന്‍ ഇതു സഹായിക്കും.
20 ആയുര്‍വേദ മരുന്നുകള്‍ക്ക് രാജ്യാന്തരതലത്തില്‍ അംഗീകാരം നേടിയെടുക്കുന്നതിനായി നാഷണല്‍ ഇന്നൊവേഷന് കൗണ്‍സിലിന്റെയും കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെയും പിന്തുണയോടെയാണ് കീയര്‍ കേരളം (ദി കോണ്‍ഫെഡറേഷന്‍ ഓഫ് ആയുര്‍വേദിക് റെനയ്സന്‍സ് കേരളം ലിമിറ്റഡ്) പ്രവര്‍ത്തിക്കുക.
ആയുര്‍വേദത്തിലെ പ്രമേഹൗഷധമായ ‘നിശാകതകാദി കഷായ’ത്തിന്റെ കൂട്ടും നിര്‍മാണവും ശാസ്ത്രീയമായി വിശകലനം ചെയ്താണ് കീയര്‍ കേരളം ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
നാഷണല്‍ ഇന്നൊവേഷന് കൗണ്‍സില്‍ ഏല്‍പ്പിച്ച ഈ ദൗത്യത്തിനു പുറമേ ഇനിയും പഠനങ്ങള്‍ക്കു തയ്യാറാണെന്ന് കീയര്‍ കേരളം എംഡി കരിമ്പുഴ രാമന് പറഞ്ഞു.
നിശാകതകാദി കഷായത്തിന്റെ ഡോസിയറിനു ലഭിച്ച മികച്ച പ്രതികരണത്തെതുടര്‍ന്ന് ഈ ഔഷധക്കൂട്ടിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തി ഉല്പന്നത്തിന്റെ പ്രയോജനവും സുരക്ഷയും വ്യക്തമാക്കാനും ആഗോളനിലവാരത്തിലുള്ള സുരക്ഷിത ഔഷധമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനും കീയര്‍ കേരളം പദ്ധതിയിടുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് വകുപ്പിനു കീഴില്‍ തൃശൂരിലെ കൊരട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കോമണ്‍ ഫെസിലിറ്റി സെന്ററാണ് കീയര്‍ കേരളം.
പരമ്പരാഗത അറിവുകളെ ശാസ്ത്രീയമായി അപഗ്രഥിച്ചും യഥാവിധി രേഖപ്പെടുത്തിയും ആധുനിക മരുന്നുകളുമായി കൂട്ടിച്ചേര്‍ത്ത് ചികില്‍സയെ സ്വീകാര്യവും ചെലവുകുറഞ്ഞതുമാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് പഠന ഗവേഷണ ഡോസിയര്‍ പുറത്തിറക്കവേ, നാഷണല്‍ ഇന്നൊവേഷന് കൗണ്‍സില്‍ ചെയര്‍മാനും പ്രധാനമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവുമായ സാം പിത്രോദ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: