നിരവധി കൃഷിഭൂമികള്‍ യജ്ഞപുരം ക്ഷേത്രത്തിന്റേതായി ഉണ്ട്. അതില്‍നിന്നുള്ള നെല്ലെല്ലാം സൂക്ഷിയ്ക്കുന്ന നിരവധി വലിയ പത്തായങ്ങളുള്ള ഒരു കളമുണ്ട് ക്ഷേത്രത്തിനടുത്ത്. അതിനടുത്തുതന്നെ കൃഷിയുടെ കണക്കുകളും പ്രമാണങ്ങളും മറ്റും സൂക്ഷിയ്ക്കുന്നതിനും കാര്യം നോക്കുന്നവര്‍ക്ക് വന്നാല്‍ തങ്ങാനും മറ്റുമായി ചെറിയ ഒരു കെട്ടിടമുള്ളതിലാണ് കൃഷ്ണശര്‍മ്മയും കുടുംബവും തല്ക്കാലം തങ്ങിയിരിയ്ക്കുന്നത്.
കൃഷ്ണശര്‍മ്മയുടെ പത്നി പ്രിയദത്ത ചാണകം മെഴുകി മണ്ണുകൊണ്ട് മുറ്റത്തിന്റെ അതിര്ത്തിതിരിച്ചതിന്റെ അപ്പുറത്തുള്ള കവുങ്ങുകളുടെ ഇടയില്‍ കൂടി വയലിലേയ്ക്ക് നോക്കി മനോരാജ്യത്തിലേയ്ക്ക് അലഞ്ഞു. എത്ര വിജനമാണ് ചുറ്റുപാടും? നാട്ടില്‍ തൊട്ടുതൊട്ടുള്ള ഗൃഹങ്ങളില്‍ എല്ലാവരുമായി ഇടപെട്ട് ജീവിച്ചതോര്ക്കുമ്പോള് ഇത് കിടുങ്ങലുണ്ടാക്കുന്ന ഒറ്റപ്പെടലുതന്നെയാണ്. ശബ്ദം നിറഞ്ഞ അന്തരിക്ഷത്തില്‍നിന്ന് അഗാധമായ നിശ്ശബ്ദതയിലേയ്ക്ക് വീണതുപോലുള്ള അനുഭവം. നിശ്ശബ്ദതയ്ക്ക് എപ്പോഴെങ്കിലും ഭംഗം വരുന്നത് അടുത്തുള്ള നമ്പൂതിരിസ്ത്രീകള്‍ കാണാന്‍ വരുമ്പോള്‍ മാത്രമാണ്. നാരായണി കൂടെ ഉള്ളതുകൊണ്ട് അവരുമായി ആശയവിനിമയം നടത്താന്‍ പറ്റുന്നു. അല്ലെങ്കില്‍ വിഷമിച്ചുപോയിരുന്നു. നാരായണിയ്ക്ക് കുറേശ്ശെ സംസ്കൃതം അറിയാം. ചൊമാരിയുടെ പത്നി ഇവിടുത്തെ ഭാഷയില്‍ പത്ത്നാടി ഭാഷ പരിചയമാവുന്നതുവരെ സഹായത്തിനായി നാരായണിയെ കൂട്ടിനു തന്നതു നന്നായി.
കാണാന്‍ വരുന്നവരുടെ പ്രാകൃതഭാഷയിലുള്ള പേരുകളും ഇല്ലപ്പേരുകളും ഓര്‍മ്മവെയ്ക്കുന്നത് വലിയ പ്രയാസമാണ്. വന്നവര്‍ പോയാല്‍ നാരായണി അവരുടെ ചരിത്രവും പ്രത്യേകതകളും വ്യക്തമായ ചിത്രം വരയ്ക്കുന്നരീതിയില് പറഞ്ഞുതരും. പ്രത്യേകതകളും കഥകളും കൊണ്ട് നിറം പിടിപ്പിച്ച ആ മുഖങ്ങള്‍ പിന്നെ മറക്കാതിരിയ്ക്കാന്‍ വിഷമമില്ല. വ്യക്തികളെ മാത്രമല്ല ഈ നാടിനേക്കുറിച്ചും ചുറ്റുപാടുകളേക്കുറിച്ചും അറിയുന്നതും നാരായണിയിലൂടെയാണ്. ചുറ്റുപാടുമുള്ള മലകളേയും പുഴകളേയും മരങ്ങളളേയും ചെടികളേയും പരിചയപ്പെടുത്തന്നതും നാരായണി തന്നെയാണ്. വടക്ക് ഒരു പുഴയുണ്ടത്രേ. അതിനു വടക്കേ തീരത്തുള്ള കൃഷിയിടങ്ങള്‍ കഴിഞ്ഞാല്‍ കൊടും കാടുകളാണ്. വേനല്‍ക്കാലത്ത് കൃഷിയിടങ്ങള്‍ താണ്ടി വന്യജീവികള്‍ പുഴയിലെത്താറുണ്ടുപോലും. മലയേക്കാള്‍ വലിപ്പമുള്ള ആനകളും, കണ്ണിലും നഖങ്ങളിലും ദംഷ്ട്രകളിലും ക്രൂരതയുള്ള ഹിംസ്രമൃഗങ്ങളും, ശാലീനതയുള്ള മാനുകളും ചിലപ്പോള്‍ പുഴ താണ്ടി വരാറുണ്ടുപോലും.
കാടുപോലെ മരങ്ങള്‍ നിറഞ്ഞ പുരയിടങ്ങളില്‍ അവ വന്നെത്തിയാല്‍ പിന്നെ ഭയക്കേണ്ട കാലമാണ്. മൃഗങ്ങളുടെ യാത്ര സുഗമമല്ലാതാക്കാനും പിടികൂടാനും വേണ്ടിയാണത്രേ വഴികള്‍ കുണ്ടനിടവഴികളായി നിര്‍മ്മിച്ചിരിയ്ക്കുന്നത്. ആനയ്ക്കും മറ്റും ഇവ താണ്ടിക്കടക്കാന്‍ പറ്റില്ല. പുലിയോ മറ്റോ നാട്ടിലിറങ്ങിയാല്‍ അവയെ കുടുക്കുന്നതിനും ഈ കുണ്ടനിടവഴികള്‍ സഹായമാകും പോലും. ഇടവഴിയില്‍ ആട്ടിന്‍കുട്ടിയെ കെട്ടിയിടും. അതിന്റെ പേടിച്ചരണ്ട നിലവിളിയും മണവും പിടിച്ച് പുലി എത്തിപ്പെട്ടാല്‍ കഥകഴിയും. നാലുപുറവും ഉള്ള മലകളിലും പലതരത്തിലുള്ള മൃഗങ്ങളും ഉണ്ട്. രാത്രിയുടെ നിശ്ശബ്ദതയെ കീറുന്ന ശബ്ദങ്ങള്‍ ഭയമുണ്ടാകുന്നവ തന്നെയാണ്. വന്ന ദിവസം തന്നെ മുറ്റത്തുനിന്ന് ഏതോ വിധത്തിലുള്ള മൃഗങ്ങളുടെ കൂട്ടനിലവിളികേട്ട് എല്ലാവരും പേടിച്ചുപോയി. നാരായണിയാണ് പറഞ്ഞത്. ?പേടിയ്ക്കേണ്ട. അത് കുറുക്കന്മാരാണ്. പുറത്തിറങ്ങാതിരുന്നാല്‍ മതി. അവ തനിയെ പോയ്ക്കോളും എന്ന്.?
വീടിന്റെ മുഖം വിശാലമായ പാടത്തേയ്ക്കാണ്. പാടത്തിനപ്പുറത്താണ് യജ്ഞപുരം ഗ്രാമക്ഷേത്രം. അരമുക്കാല്‍ നാഴികയോളം ദൂരമുണ്ടാകും. നാരായണിയുടെ ഒപ്പം തന്നെയാണ് ആദ്യം ക്ഷേത്രത്തില്‍ പോയത്. ഭര്‍ത്താവ് മുമ്പുതന്നെ പറഞ്ഞിരുന്നു. ക്ഷേത്രത്തിന് എടുത്തുപറയാവുന്ന പരിപാവനതയുണ്ടെന്ന്. ചെന്നു കണ്ടപ്പോള്‍ അതൊട്ടും അതിശയോക്തിയല്ലെന്നു ബോദ്ധ്യപ്പെട്ടു. ശ്രീകോവില്‍ മാത്രം മാറോടുകൊണ്ടാണ് മേഞ്ഞിട്ടുള്ളത്. ബാക്കിയെല്ലാം പട്ടയും വയ്ക്കോലും തന്നെ. തിരുമുറ്റത്ത് ധാരാളം തുളസിയുണ്ട്. തുളസിയുടെ ഇടയില്‍ ഒരു നമസ്കാരക്കല്ലുണ്ട്. പണ്ട് വളരെ യോഗ്യനായ ഒരു നമ്പൂതിരി ഋഗ്വേദം ചൊല്ലിക്കൊണ്ട് നമസ്കരിച്ചിട്ടുണ്ട്. ഒന്നൊ രണ്ടോ തവണയല്ല. ആയിരം തവണ. പതിനായിരത്തോളം മന്ത്രങ്ങളുണ്ട് ഋഗ്വേദത്തില്‍. ഒരുകോടിയോളം നമസ്കാരം. ഇരുപതിലധികം വര്‍ഷങ്ങള്‍ വേണ്ടിവന്നൂപോലും. മഴയും വെയിലും ചൂടും തണപ്പും കണക്കാക്കാതെ എന്നും വൈകുന്നേരം വരെ നമസ്കാരം തന്നെ. ആയിരം മുറകഴിഞ്ഞപ്പോഴേയ്ക്കും യജ്ഞപുരത്തപ്പന് അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം. നമസ്കാരം കഴിഞ്ഞേ എന്തെങ്കിലും കഴിയ്ക്കുകയുള്ളൂ എന്നായിരുന്നു നിയമം. വൈകുന്നേരം നടതുറക്കുമ്പോള്‍ കുറച്ച് നിവേദ്യം വെച്ച് അദ്ദേഹം തന്നെ നിവേദിയ്ക്കും അതുമാത്രമായിരുന്നൂ ഒരു ദിവസത്തെ ഭക്ഷണം. ഇപ്പോഴും വൈകുന്നേരം നടതുറന്നാല്‍ ഒരു നിവേദ്യമുണ്ട്. അതദ്ദേഹത്തിന്റെ കാലത്ത് തുടങ്ങിയതാണ്. അതുകൊണ്ടുതന്നെ ആ നിവേദ്യം കഴിച്ചാല്‍ മന്ദബുദ്ധികള്കൂടി മഹാബുദ്ധിമാന്മാരാകും എന്നാണ് വിശ്വാസം. കുട്ടികള്‍ക്ക് ആ നിവേദ്യം കൊടുക്കണം. പ്രത്യേകിച്ച് വിഷ്ണുവിന്. വിഷ്ണു പാവമാണ്. ഭദ്രയോളം പ്രസരിപ്പില്ല. ഏട്ടനാകകൊണ്ട് ഭദ്രയുടെ താളത്തിനു നിന്നുകൊടുക്കുകയും ചെയ്യും. ഭദ്രയ്ക്ക് വികൃതി എന്നൊന്നും പറഞ്ഞാല്‍ പോര. അത്ര ഭയങ്കരമാണ്. വികൃതികുറയാന് വല്ല വഴിപാടും ഉണ്ടോ ആവോ?
ക്ഷേത്രത്തിന്റെ പിറകില്‍ ഒരു പൊയ്കയുണ്ട്. പൂജ ചെയ്യുന്നവരെല്ലാം ഈ പൊയ്കയില്‍ കുളിച്ചുവേണമത്രേ ക്ഷേത്രത്തിലേയ്ക്കു പോകാന്‍. ഇതിനും കാരണം മുമ്പു പറഞ്ഞ തപസ്വി തന്നെയാണ്. ചില കാലങ്ങളില്‍ ക്ഷേത്രത്തിന്നു മുന്നിലുള്ള പുഴയിലേയ്ക്ക് ഇറങ്ങാന്‍ പറ്റില്ലപോലും. വിരല്‍ വെച്ചാല്‍ മുറിഞ്ഞുപോകുന്ന ഒഴുക്കായിരിയ്ക്കും. അതുകൊണ്ടാകാം അദ്ദേഹം ഈ പൊയ്കയിലാണ് കുളി സന്ധ്യാവന്ദനം മുതലായതെല്ലാം ചെയ്തിരുന്നത്. നമസ്കാരം ആയിരം മുറ കഴിഞ്ഞ ദിവസം ശാന്തിക്കാര്‍ സാധാരണപോലെ പുഴയില്‍ കുളിച്ച് നട തുറക്കാന്‍ ചെന്നപ്പോള്‍ തുറക്കാന്‍ പറ്റുന്നില്ല. അകത്തുനിന്ന് അശരീരിയുണ്ടായത്രേ.
?ഇഷ്ടഭക്തന്റെ സന്ധ്യാവന്ദനം കൊണ്ട് പരിപാവനമായ ആ പൊയ്കയില്‍ കുളിച്ചേ ഇനി മേലില്‍ ശ്രീകോവിലിലേയ്ക്ക് കയറാന്‍ പാടുള്ളൂ
ക്ഷേത്രത്തില്‍ പോയപ്പോള്‍ അവിടെ ജോലിചെയ്യുന്ന വയസ്സായ ഒരു സ്ത്രീ വന്ന് ചിരിച്ചുകൊണ്ട് എന്തൊക്കെയോ കുറേ പറഞ്ഞു. ആകെ മാല എന്നൊരു വാക്കു മാത്രമേ മനസ്സിലായുള്ളൂ. നാരായണി പറഞ്ഞപ്പോഴാണ് അവര്‍ ക്ഷേത്രത്തില്‍ മാലകെട്ടുന്നവരാണ് എന്നും വാരസ്യാര് എന്നാണ് വിളിയ്ക്കുന്നതെന്നും. വാരസ്യാര് എന്നത് ജാതിപ്പേരായിരിയ്ക്കും.
കളത്തിനടുത്തു തന്നെ വിശാലമായ ഒരു പറമ്പില്‍ ഗൃഹം പണിയാനുള്ള ശ്രമം തുടങ്ങുകയാണത്രേ. ചൊമാരി കുറുങ്കൂര്‍ വാഴുന്നവരെ കാണാന്‍ പോകുന്നുണ്ട്. അതു കഴിഞ്ഞേ തീരുമാനമാകുകയുള്ളൂ. ഈ ഗൃഹത്തില്‍ വരുന്നതിനു മുമ്പ് ചൊമാരിയുടെ ഗൃഹത്തില്‍ തന്നെയായിരുന്നു, താമസിച്ചത്. അതിനെ വെച്ചുനോക്കുമ്പോള്‍ ഈ ഗൃഹം വളരെ ചെറുതാണ്. പുതുതായി ഉണ്ടാക്കുന്നതും വലിയതുതന്നെ ആയിരിയ്ക്കുമത്രേ. ചൊമാരിയുടെ പത്നി പറഞ്ഞതാണ്.
ചൊമാരിയുടെ പത്നിയെ പത്തനാടി എന്നാണ് എല്ലാവരുംവിളിയ്ക്കുന്നത്. പത്ത്നാടി വളരെ നല്ല സ്ത്രീയാണ്. വാത്സല്യം നിറഞ്ഞൊഴുകുകയാണെന്നു തോന്നും. പ്രായം കൂടുമെങ്കിലും ഒരു കൂട്ടുകാരിയേപ്പോലെ പലപ്പോഴും സഹായം ചോദിച്ചും, അഭിപ്രായം ആരാഞ്ഞും, നാട്ടിലെ പാചകത്തെകുറിച്ച് ചോദിച്ചറിഞ്ഞും ഇവിടുത്തെ വിഭവങ്ങളും സാധനസാമഗ്രികളും പരിചയപ്പെടുത്തിയും സുരക്ഷിതത്വബോധം പകര്‍ന്നു തന്നുകൊണ്ടേ ഇരുന്നു. ഈ ഗൃഹത്തിലേയ്ക്ക് മാറിയപ്പോഴും വേണ്ട സാധനങ്ങളെല്ലാം സംഘടിപ്പിച്ചതിലും വലിയ പങ്ക് പത്ത്നാടിയ്ക്കു തന്നെ ആണ്. വന്നു താമസം തുടങ്ങുക മാത്രമേ വേണ്ടി വന്നുള്ളൂ. അതുപോലെ ഓരോ ദിവസവും ഗ്രാമത്തിലെ ഏതെങ്കിലും ഗൃഹത്തില്‍ നിന്ന് സ്ത്രീകള്‍ വന്ന് അന്വേഷിയ്ക്കാനും ചട്ടം കെട്ടിയിട്ടുണ്ടത്രേ. അത് വലിയൊരു സമാധാനം തന്നെ ആണ്. അല്ലെങ്കില്‍ ഈ കാട്ടിന്നുള്ളില്‍ ആരും ശ്രദ്ധിയ്ക്കാനില്ലാതെ കഴിയേണ്ടിവരും എന്ന തോന്നല്‍ പിശാചുബാധപോലെ ആകുമായിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: