കൊച്ചി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള മൂന്നര ഏക്കര്‍ ഭൂമി അനധികൃതമായി മറിച്ചു വില്‍പ്പന നടത്താന്‍ രഹസ്യനീക്കം നടത്തുന്നതായി ആരോപണം. ആലുവ എടത്തല പഞ്ചായത്തിലുള്ള ഭൂമിയാണ് വില്‍പ്പനയ്ക്ക് നീക്കം നടക്കുന്നത്. എടത്തല അല്‍ അമീന് ട്രസ്റ്റില്‍നിന്നും 2006 ല്‍ ആണ് സഹകരണ ആശുപത്രിക്കുവേണ്ടി സഹകരണ സംഘം ഈ ഭൂമി വാങ്ങിയത്.
കൊച്ചി കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ആശുപത്രി നഷ്ടത്തിലായതോടെ അടച്ചുപൂട്ടാനുള്ള ശ്രമമാണ് ഭാരവാഹികള്‍ നടത്തുന്നത്. ഇതിന്റെ ആദ്യപടിയായാണ് കോടികള്‍ വിലമതിക്കുന്ന ഭൂമി മറിച്ചു വില്ക്കാന് രഹസ്യ നീക്കം ആരംഭിച്ചിട്ടുള്ളത്. ആശുപത്രിയുടേയും സഹകരണ സംഘത്തിന്റെയും നിയമാവലിക്ക് വിരുദ്ധമായി കൊച്ചിയിലെ ആശുപത്രി കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ ഇപ്പോള്‍ തന്നെ വാടകയ്ക്കും ലീസിനും നല്‍കിയിരിക്കുകയാണ്.
ഇതും സഹകരണ സംഘത്തിന്റെ ജനറല്‍ കൗണ്‍സില്‍ അംഗീകാരം ലഭിക്കാത്ത നടപടിയാണെന്ന് സൂചനയുണ്ട്.
ആശുപത്രി നഷ്ടത്തിലാണെന്ന് വരുത്തിത്തീര്‍ത്ത് രഹസ്യമായി ഭൂമി വില്‍പ്പന നടത്താനാണ് ശ്രമം നടത്തുന്നത്. ചില ഭരണസമിതിയംഗങ്ങളുടെ താല്‍പ്പര്യമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. അതേസമയം, ആശുപത്രി സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സംരക്ഷണ സമിതി പ്രക്ഷോഭത്തിന് ഒരുക്കം തുടങ്ങിയിട്ടുണ്ട്. ആശുപത്രി കെട്ടിട ത്തിന്റെ ഭാഗങ്ങള്‍ ലീസിന് നല്കിയ നടപടി അന്വേഷണത്തിന് വിധേയമാക്കണമെന്നും ആശുപത്രി അടച്ചുപൂട്ടാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്ന് സംരക്ഷണസമിതി ഭാരവാഹി സതീശന് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: