ഹസ്തിനാപുരത്തുനിന്നു വന്ന സാമവേദികള്‍ യജ്ഞപുരം ഗ്രാമത്തില്‍ ചേര്‍ന്നു കഴിഞ്ഞപ്പോള്‍ ചൊമാരിയുടെ അച്ഛന് യജ്ഞപുരത്തെ വൈദികരെ പറഞ്ഞിളക്കി ശാലാപ്രവേശമില്ലാത്ത കപടദത്തന്റെ സോമയാഗം നടത്തിച്ചു. മാത്രമല്ല അതിരാത്രം കൂടി നടത്തി, ഊരുഗ്രാമത്തെ പ്രത്യേകിച്ച് വേങ്ങക്കരയിലുള്ളരെ അപമാനിച്ചു. ഊരുഗ്രമത്തിലുള്ളവരുടെ മേല്‍നോട്ടമോ അനുവാദമോ ഇല്ലാതെ ഒരഗ്ന്യാധാനം പോലും നടത്താന്‍ കേരളത്തിലെ മറ്റ് ഒരു ഗ്രാമത്തിനും കഴില്ല എന്ന നില കപടദത്തന്റെ അതിരാത്രത്തോടുകൂടി മാറിത്തുടങ്ങി. ചൊമാരിയുടെ അച്ഛനും യജ്ഞപുരത്തെ വൈദികന്മാര്ക്കും ഉള്ള പാണ്ഡിത്യവും സാമവേദികളുടെ ലഭ്യതയും കാരണം ഊരുഗ്രാമത്തിന്റെ മേല്‍ക്കോയ്മ അംഗീകരിയ്ക്കാന്‍ മറ്റുഗ്രാമക്കാര് വിമുഖത പ്രകടിപ്പിച്ചുതുടങ്ങി. അന്ന് വേങ്ങക്കരയിലെ പൂര്‍വ്വികരും ഊരുഗ്രാമക്കാരം പെരുങ്കൂറു വാഴുന്നവരുടെ സഹായത്തോടെ ഹസ്തിനാപുരത്തുനിന്നു വന്ന സാമവേദികള്‍ക്ക് അസ്വസ്ഥത സൃഷ്ടിച്ചത് വേണ്ടപോലെ ഫലിച്ചു. വന്ന് കാലുറയ്ക്കുന്നതിന് മുമ്പ് ഹസ്തിനാപുരത്തുകാരെ മടക്കി അയക്കാന്‍ കഴിഞ്ഞു.
പിന്നീട് ഈ ചൊമാരി സൗരാഷ്ടത്തില്നിന്ന് വീണ്ടും സാമവേദികളെ കൊണ്ടുവന്നു. കുറുങ്കൂറുമായി സന്ധിചെയ്യുകയും സൗരാഷ്ട്രക്കാര്‍ക്ക് താമസിയ്ക്കാന്‍ ഇടം കൊടുക്കുകയും ചെയ്ത പെരുങ്കൂര്‍ വാഴുന്നവര്‍ മേലേടത്ത് അതിരാത്രം തുടങ്ങുന്നതിന് കുറച്ചുദിവസം മുമ്പ് തീപ്പെട്ടത് കാര്യങ്ങള്‍ എളുപ്പമാക്കി. ഊരുഗ്രാമക്കാര് നടത്താനിരുന്ന താന്നിയിലെ കൃഷ്ണന്റെ സോമയാഗം കഴിയുന്ന ദിവസം തന്നെ വാഴുന്നവരുടെ അരിയിട്ടുവാഴ്ച നിശ്ചയിക്കാന്‍ കഴിഞ്ഞു. പെരുങ്കൂറ് രാജ്യത്ത് താമസിയ്ക്കുന്ന നമ്പൂതിരിമാരെ എല്ലാം അരിയിട്ടുവാഴ്ചയ്ക്ക് ക്ഷണിയ്ക്കാന് തീരുമാനിച്ചു. അതുപ്രകാരം തെക്കേപ്പുഴയ്ക്ക് തെക്കുഭാഗത്ത് താമസിയ്ക്കുന്ന സൗരാഷ്ട്രക്കാരായ സാമവേദികളും വേണ്ടതായിരുന്നു. പ്രധാനികള്‍ക്കൊന്നും തന്നെ അതിരാത്രത്തിന്റെ ഏറ്റവും പ്രാധാന്യമുള്ള സുത്യം കഴിയാതെ അവിടേനിന്ന് പോരാന്‍ പറ്റില്ല എന്നു കണക്കാക്കിത്തന്നെ ആണ് അരിയിട്ടുവാഴ്ച ആ ദിവസത്തേയ്ക്ക് വച്ചത്. താന്നിയിലെ കൃഷ്ണന്റെ സോമയാഗത്തിന്റെ സുത്യം കഴിഞ്ഞ് ശാല കത്തിയ്ക്കല്‍ കൂടികഴിഞ്ഞാലും അരിയിട്ടുവാഴ്ചയുടെ മുഹൂര്‍ത്തസമയത്ത് എത്തിച്ചേരുവാന്‍ ആര്‍ക്കും തന്നെ വിഷമമുണ്ടാകില്ല എന്ന് നിശ്ചയമായിരുന്നു.. അതിരാത്രത്തിന് സ്തുതികളും ശസ്ത്രങ്ങളും വളരെ അധികമായതുകൊണ്ട് അവ കഴിയാന്‍ തന്നെ രണ്ടുദിവസം എടുക്കും. അതിനാല്‍ പ്രതീക്ഷിച്ചപോലെ തന്നെ പ്രധാനികളൊന്നും അരിയിട്ടുവാഴ്ചയ്ക്ക് എത്തിയില്ല. പറയാന്‍ തക്കവണ്ണം ഇല്ലാത്ത നാലഞ്ച് ചെറുപ്പക്കാര്‍ മാത്രമേ വന്നുള്ളൂ. ആ കാര്യം പെരുങ്കൂര്‍ പുതിയ വാഴുന്നവരുടെ ശ്രദ്ധയില്‍ പെടുത്തി. തീപ്പെട്ട വാഴുന്നവര്‍ കൃപാപൂര്‍വ്വം താമസിയ്ക്കാന്‍ ഇടം കൊടുത്ത സൗരാഷ്ട്രക്കാര് പുതിയ വാഴുന്നവരെ അഹങ്കാരത്തോടെ ധിക്കരിയ്ക്കുകയാണെന്ന് വാഴുന്നവര്‍ക്ക് വിശ്വാസമാകുവാന്‍ തക്കവണ്ണം തെളിവുകള്‍ നിരത്തിക്കൊടുത്തു.
ഒന്ന്, കാരക്കുളങ്ങര സൂത്രത്തില്തട്ടിയെടുത്ത കുറുങ്കൂര്‍ വാഴുന്നവരുടെ കുതന്ത്രമാണ് സൗരാഷ്ട്രക്കാരായ സാമവേദികളെ പെരുങ്കൂറിന്റെ മണ്ണില്‍ താമസിപ്പിച്ചത്. രണ്ട്, കുറുങ്കൂറു വാഴുന്നവരുടേയും അദ്ദേഹത്തിന്റെ ആശ്രിതനായ ചൊമാരിയുടേയും ഇങ്ഗിതങ്ങള്‍ക്ക് അടിപ്പെടുന്ന ഒരു വര്‍ക്ഷത്തെ പെരുങ്കൂറില്‍ താമസക്കാരാക്കി തക്കസമയത്ത് അസ്വസ്ഥതസൃഷ്ടിയ്ക്കാമെന്ന ദുഷ്ടലക്ഷ്യം പെരുങ്കൂര്‍ വാഴുന്നവര്‍ കണ്ടില്ലെന്ന് നടിയ്ക്കരുത്. മൂന്ന്, തീപ്പെട്ട വാഴുന്നവരേപ്പോലെ പുതിയ വാഴുന്നവര്‍ ചൊല്‍പ്പടിയ്ക്കു നില്ക്കന്ന ആളല്ലെന്ന് മനസ്സിലായതുകൊണ്ടാകാം കുറുങ്കൂര്‍ വലിയ വാഴുന്നവര്‍ എഴുന്നൊള്ളാതെ പേരിന് ഇളയ വാഴുന്നവരെ പറഞ്ഞയച്ചത്. ഒരതിരാത്രത്തിന് രക്ഷാപുരുഷനായി എന്നതിനാല്‍ അയല്‍രാജ്യത്തോടുള്ള സൗഹൃദവും കീഴ്വഴക്കവും കുറുങ്കൂര്‍ മാറ്റുന്നത് പെരുങ്കൂറിനെ അവമാനിയ്ക്കുന്നതിന് തുല്യം തന്നെ ആണ്. നാല്, ആ സമയത്ത് ഇളമുറവാഴുന്നവരായിരുന്ന ഇപ്പോഴത്തെ വാഴുന്നവര്‍ എതിര്‍ക്കുന്നുവെന്നറിഞ്ഞിട്ടും കുറങ്കൂറുമായുള്ള സന്ധിയ്ക്കായി അശ്രാന്തപരിശ്രമം ചെയ്തത് ചൊമാരിയായിരുന്നു. ആ ചൊമാരി തന്നയാണ് സൗരാഷ്ടക്കാരയ സാമവേദികളെ നിയന്ത്രിയക്കുന്നത്. ചൊമാരിയുടേയും അദ്ദേഹം വഴി കുറുങ്കൂറു വാഴുന്നവരുടേയും ഇഷ്ടങ്ങള്‍ ചെയ്യുന്ന സൗരാഷ്ട്രക്കാരെ കല്‍പ്പന ധിക്കരിച്ചു എന്ന കാരണം വച്ച് രാജ്യത്തുനിന്ന് നിഷ്കാസനം ചെയ്യാനും അവരെ സഹായിക്കുന്നവരെ ശിക്ഷിയ്ക്കാനും പെരുങ്കൂറു വാഴുന്നവര്‍ തയ്യാറാവണം എന്ന അഭിപ്രായം സ്വീകരിയ്ക്കപ്പെട്ടു.
അരിയിട്ടു വാഴ്ച കഴിഞ്ഞ അന്നു വൈകുന്നേരം തന്നെ സൗരാഷ്ട്രക്കാരായ സാമവേദികളെ അപമാനിച്ച് നാടുകടത്താനും, അവര്‍ക്ക് സഹായം ചെയ്യുന്നവരെ കാരാഗൃഹത്തിലടയ്ക്കാനും ഉത്തരവായി. മേലേടത്തെ അതിരാത്രത്തിലെ ത്രിസന്ധ്യയ്ക്കുള്ള പ്രധാനസ്തുതിയായ ഷോഡശീസ്തുതിയ്ക്കു മുന്നെത്തന്നെ പെരുങ്കൂറുവാഴുന്നവരുടെ കല്‍പ്പന യജ്ഞശാലയില്‍ ഇരുള് പരത്താന്‍ പോന്നതായി. സാമവേദികളുടെ ഗൃഹത്തിലുണ്ടായിരുന്ന സ്ത്രീകളേയും കുട്ടികളേയും, അവര്‍ക്ക് സഹായം ചെയ്തിരുന്ന കുറേ കുടംബങ്ങളേയും അതിസൂത്രക്കാരനായ കുറുങ്കൂര്‍ ഇളയവാഴുന്നവര് രക്ഷിച്ചുകൊണ്ടുപോയി. കുറച്ചുപേരേ മാത്രം കാഗൃഹത്തിലടയ്ക്കാന് സാധിച്ചുള്ളൂ. അത് പെരുങ്കൂറ് വാഴുന്നവര്‍ക്ക് നാണക്കേടുണ്ടാക്കി. ഇനി ആ നാണക്കേടിന് മൂര്‍ച്ച കൂടി ഇപ്പോള്‍ വന്ന സാമവേദികളെ തിരിച്ചയ്ക്കുന്ന അവസ്ഥ ഉണ്ടാകണം. ശക്തിയിലും യുദ്ധങ്ങളിലും തികച്ചും വിശ്വാസമുള്ളവനാണ് ഇപ്പോഴത്തെ വാഴുന്നവര്‍. കുടിലതന്ത്രങ്ങള്‍ക്ക് വഴങ്ങി കുറുങ്കൂറിനു കൊടുത്ത കാരക്കുളങ്ങര തിരിച്ചുപിടിയ്ക്കണം എന്ന ആഗ്രഹം കൂടി അദ്ദേഹത്തിനുള്ളിലുണ്ട്. അത് സാധിയ്ക്കാനുള്ള വഴി യജ്ഞപുരം ഗ്രാമക്കാരുമായുള്ള തര്‍ക്കങ്ങളില്‍നിന്ന് ഉണ്ടാക്കിയെടുക്കണം.
മേലേടത്തെ അതിരാത്രം കഴിഞ്ഞ് ഒരു വിധം ആളുകളെല്ലാം കണ്ണീരോടെയാണത്രേ മടങ്ങിയത്. ഊരുഗ്രാമത്തില്പെട്ട ചിര്ക്കെല്ലാം ഒരതിരാത്രം ഇങ്ങിനെ ദുഖപര്യവസായിയാക്കിയതില് വിഷമമുണ്ട്. ?അഗ്നിദത്തന്‍ നമ്പൂതിരിയുടെ കുടിലപ്രയോഗം കുറച്ചധികമായി? എന്ന് നേരിട്ടല്ലെങ്കിലും അവിടേയും ഇവിടേയും പറഞ്ഞു കേട്ടിരുന്നു. സ്വദേശം വിട്ട വിഷമം മാറിത്തുടങ്ങാത്ത സൗരാഷ്ട്രക്കാര്‍ക്ക് ഈ അസ്വസ്ഥതകള്‍ സഹിയ്ക്കാന്‍ പറ്റുന്നതിലധികമായിരുന്നു. കുറുങ്കൂറു വാഴുന്നവരും ചൊമാരിയും കിണഞ്ഞു ശ്രമിച്ചിട്ടും അവര്‍ തിരിയെ പോയി. പക്ഷേ ദ്വിവേദിയും കുടംബവും തിരിച്ചുപോയില്ല. എന്നാലും അന്നത്തെ പ്രയോഗത്തില്‍ യജ്ഞപുരം ഗ്രാമക്കാരും ചൊമാരിയും ഇരുന്നുപോകുക തന്നെ ചെയ്തു. ഇപ്പോ വീണ്ടും കേള്‍ക്കുന്നു പുതിയ സാമവേദികളുടെ വരവിനേപ്പറ്റി. ഇനി വെറുതെയിരുന്നാല്‍ പറ്റില്ല. ഉണര്‍ന്നു പ്രവര്ത്തിയ്ക്കണം. ആലോചനയുടെ രൂക്ഷത കാരണം അഗ്നിദത്തന്‍ നമ്പൂതിരിയുടെ പുരികം ഒന്നുകൂടി ചുളിഞ്ഞു
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: