ഇക്കഴിഞ്ഞയാഴ്ച ഒട്ടേറെ പഴയ സഹപ്രവര്‍ത്തകരുമായുള്ള പരിചയം പുതുക്കാനും സൗഹാര്‍ദം പങ്കുവെക്കാനും അവസരമുണ്ടായി. മാനനീയ സര്‍കാര്യവാഹ് ശ്രീഭയ്യാജി (സുരേഷ്) ജോഷിജി സംസ്ഥാനത്തെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്താനും, മാര്‍ഗനിര്‍ദ്ദേശം നല്കാനുമായി കോഴിക്കോട്ട് ഏതാനും ദിവസം ചെലവഴിച്ചപ്പോള്‍ രണ്ടുദിവസം അവിടെ കഴിയാന്‍ കിട്ടിയ അവസരത്തിലായിരുന്നു അത്. ഏതാണ്ട് ഒരു മാസം മുമ്പ് അപ്രതീക്ഷിതമായി ഒരു ഫോണ്‍ സന്ദേശം വന്നത് പഴയ സഹപ്രവര്ത്തകന് താനൂരിലെ എം.ജയചന്ദ്രന്റേതായിരുന്നു. അദ്ദേഹം ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഏതാണ്ട് ശയ്യാവലംബിയാണെന്നും കാണാന്‍ താല്പര്യമുണ്ടെന്നുമാണ് അറിയിച്ചത്. കുറേക്കാലമായി ജയചന്ദ്രന് താനൂരിലെ പ്രവര്‍ത്തകരുമായി സ്വരച്ചേര്ച്ചയിലായിരുന്നില്ലെന്നറിഞ്ഞിരുന്നു. വളരെ പഴയ പ്രവര്‍ത്തകര്‍ക്ക് അടുത്തുവരുന്ന തലമുറയില്‍ പെട്ടവരുടെ ശൈലികളും മനോഭാവങ്ങളും സമീപനങ്ങളുമായി പൊരുത്തപ്പെട്ടു പോകാനുളള പ്രയാസങ്ങളാവാം കാരണം. ജീവനുള്ള (ഓര്‍ഗാനിക്)പ്രസ്ഥാനത്തില്‍ അത്തരം പ്രശ്നങ്ങള്‍ സ്വാഭാവികമാണ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ തീര്‍ച്ചയായും അങ്ങനെയുണ്ടാകും. ജീവന്റെ ലക്ഷണമാണത്. കോവലം യാന്ത്രികവും ഔപചാരികവുമായ ബന്ധങ്ങള്‍ മാത്രമുള്ളിടത്ത് അതുണ്ടാവാതിരുന്നേക്കാം.
ജയചന്ദ്രന് 1964 ലോ 65 ലോ മറ്റോ സംഘശിക്ഷാവര്‍ഗില്‍ വന്നപ്പോഴാണ് അദ്ദേഹത്തിന്റെ ശിക്ഷക് എന്ന നിലയ്ക്ക് പരിചയപ്പെടുന്നത്. താനൂരിനടുത്ത ചിറയ്ക്കല്‍ എന്ന സ്ഥലത്തെ സ്വയം സേവകനാണ്. അവിടെ ആയിടയ്ക്കാണ് ശാഖാ പ്രവര്‍ത്തനം ആരംഭിച്ചത്. അവിടത്തെ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ചിറയ്ക്കല്‍ വാര്‍ഡില്‍ ജനസംഘം സ്ഥാനാര്‍ത്ഥി കൃഷ്ണന്‍കുട്ടി വന്‍ വിജയം നേടിരുന്നു. അത് അവിടത്തെ മുസ്ലിംലീഗുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും വലിയ പ്രശ്നങ്ങളുണ്ടാക്കി. താനൂരിലെ കടപ്പുറത്തെ ചെറിയ ജനതയായിരുന്ന ഹിന്ദു മത്സ്യത്തൊഴിലാളികളാണ് അതിന്റെ തിക്തഫലം അനുഭവിച്ചത്. ടിപ്പുവിന്റെ പടയോട്ടക്കാലത്തു ബേപ്പൂരിന് തെക്ക് ചാലിയം മുതല്‍ പൊന്നാനിയ്ക്കടുത്ത പാലപ്പെട്ടി വരെ ഏതാണ്ട് 60 കി.മീ. കടപ്പുറത്തെ ജനങ്ങളെ മുഴുവന്‍ മതം മാറ്റിയിരുന്നു. അതിന് വഴങ്ങാതെ പിടിച്ചുനിന്നത് താനൂരിലെ കോര്‍മന്‍ കടപ്പുറത്തെ മുക്കുവര്‍ മാത്രമായിരുന്നു. ഏതാനും കുടുംബങ്ങളിലായി 200 ഓളം ഹിന്ദു മത്സ്യത്തൊഴിലാളികള്‍ ആ കടപ്പുറത്ത്, 4000 ഓളം മുസ്ലിങ്ങള്ക്കിടക്ക് കഴിഞ്ഞുവന്നു. അന്ന് ഇസ്ലാം മതം സ്വീകരിച്ചവര്‍ ഇന്നും പുയിസ്ലാന്മാര്‍ എന്നാണറിയപ്പെടുന്നത്. “അവിടെ മൂന്നുവിധം ജനങ്ങളെയുള്ളൂ ഇസ്ലാം, കാഫിര്‍, പുയിസ്ലാന്” എന്നു സഞ്ജയന് ഒരു ഉപന്യാസത്തില്‍ എഴുതി.
ജനസംഘത്തിന്റെ വിജയം കടപ്പുറത്തെ ഹിന്ദുമത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയായി. മുസ്ലിങ്ങള്‍ സംഘടിതരായി അവരെ ആക്രമിച്ചു. 1964 ആഗസ്റ്റില്‍ അവര്‍ക്ക് നാടുവിട്ട് ഓടേണ്ടിവന്നു. ബേപ്പൂരിലും കോഴിക്കോട്ടും മറ്റുമുള്ള ബന്ധുക്കളോടൊപ്പം താമസമായി. അവര്‍ കോഴിക്കോട്ടു കളക്ടറെ കണ്ടു നിവേദനം നടത്തുകയും വീടുകളിലേക്ക് തിരിച്ചുപോകാനുള്ള സാഹചര്യമുണ്ടാക്കി സംരക്ഷണം നല്‍കണമെന്നാവശ്യപ്പെടുകയും ചെയ്തു. (അന്ന് മലപ്പുറം ജില്ലയില്ല) ഒന്നോ രണ്ടോ കുടുംബങ്ങളിലായി 20 ഓളം പേര് മാത്രമാണ് താനൂര്‍ കടപ്പുറത്ത് ഹിന്ദുക്കളായി അവശേഷിച്ചത്. അവരും വീടും കുടിയുമുപേക്ഷിച്ച് കാലക്രമേണ അവിടം വിട്ടൊഴിയേണ്ടി വന്നു. കടപ്പുറം, കാശ്മീര്‍ താഴ്വര പോലെ ഹിന്ദുരഹിത മേഖലയായിക്കഴിഞ്ഞു.
1965 ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ലീഗാണ് ജയിച്ചത്. ആ സഭ വിളിച്ചു ചേര്‍ക്കാന്‍ കഴിയാത്തതിനാല്‍ ജയിച്ച അഹമ്മദ് കുട്ടിക്ക് എംഎല്‍എ ആകാന്‍ കഴിഞ്ഞതുമില്ല. പക്ഷേ അവര്‍ വമ്പിച്ച വിജയാഹ്ലാദ ഘോഷയാത്ര നടത്തി. ഹിന്ദുക്കള്‍ മാത്രം താമസിക്കുന്ന ചിറയ്ക്കല്‍ ഭാഗത്തുകൂടി അവരെ ഭീഷണിപ്പെടുത്തുന്ന ആക്രോശങ്ങളുമായി നീങ്ങി. ജനസംഘത്തിന്റെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തകര്‍ ഹിന്ദുക്കളുടെ രക്ഷയ്ക്കായി അണിനിരന്നു. ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ച പോലീസ് വെടിവെച്ചതില്‍ സുബ്രഹ്മണ്യന് എന്ന സ്വയം സേവകന് മരിക്കുകയും ജയചന്ദ്രന് വെടിയേല്‍ക്കുകയും ചെയ്തു. വെടിവെച്ച ഇന്‍സ്പെക്ടര്‍ നമ്പീശന് സംഘവിരോധിയെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. തുടയില്‍ തറച്ച വെടിയുണ്ട തുളച്ച് മറുവശത്തു കൂടെ പോയി. ആരോഗ്യവാനായതിനാല്‍ മാത്രമാണ് ആ ആഘാതത്തെ അതിജീവിക്കാന്‍ ജയചന്ദ്രന് കഴിഞ്ഞത്.
ജനസംഘത്തിന്റെ ചുമതലയുമായി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ഏറ്റവും അടുത്തു പെരുമാറിയ സഹപ്രവര്‍ത്തകനായിരുന്നു ജയചന്ദ്രന്. അദ്ദേഹത്തെ ഏല്‍പ്പിച്ച ഏത് കൃത്യവും സന്തോഷത്തോടെ ഉത്സാഹപൂര്‍വം ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെ മിക്കവാറും താമസിച്ചു. ചിറയ്ക്കല്‍ ശാഖയില്‍നിന്നുള്ള അറുമുഖന് കുറച്ചുവര്‍ഷങ്ങള്‍ പ്രചാരകനായി പ്രവര്‍ത്തിച്ചു. ജയചന്ദ്രന്റെ ഫോണ്‍ ലഭിച്ചപ്പോള്‍ അദ്ദേഹത്തെ ചെന്നു കാണണമെന്ന ആഗ്രഹം തീഷ്ണമായി. പക്ഷേ അവിടംവരെ യാത്ര ചെയ്യാനുള്ള പ്രയാസം മൂലം അതു നടന്നില്ല.
അത്രതന്നെ അവിചാരിതമായിരുന്നു ഒരുവര്‍ഷത്തിലേറെ മുമ്പ് മണ്ണാറശാല ക്ഷേത്രത്തില്‍ കുടുംബസഹിതം പോയി മടങ്ങും വഴി അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ചെന്നപ്പോള്‍ ലഭിച്ച ഫോണ്‍ സന്ദേശവും. കോഴിക്കോട്ടു വെള്ളയിലെ തെങ്ങില്‍ ശിവദാസനാണ് വിളിച്ചത്. അദ്ദേഹത്തിന് നേരില്‍ കാണാനായിരുന്നു മോഹം. അതിനായി തൊടുപുഴ വരാനും തയ്യാറായിരുന്നു. അതത്ര എളുപ്പമല്ലെന്ന് ഞാനറിയിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് ജില്ലാ ജയിലില്‍ ഒരുമിച്ചു കഴിഞ്ഞതിന്റെ സ്മരണകളദ്ദേഹത്തിന്റെ മനസ്സില്‍ ചൂടു മാറാതെ നില്‍ക്കുന്നുണ്ട്. ഇത്തവണ കോഴിക്കോട്ടെ പരിപാടിക്ക് എന്നെ അനുഗമിക്കാന്‍ ചുമതലയുണ്ടായിരുന്ന വെള്ളയിലെ രൂപേശ് അദ്ദേഹത്തിന്റെ അയല്‍വാസിയാണ്. അതിനാല്‍ ശിവദാസ് അദ്ദേഹത്തോടൊപ്പം വന്നു.
പഴയ ജയിലനുഭവങ്ങള്‍ പങ്കുവെക്കാന്‍ അതവസരം തന്നു. അന്നത്തെ സഹതടവുകാരന് കല്‍പ്പറ്റയിലെ ദാമോദരന്‍ അന്തരിച്ചതും മറ്റും ഓര്‍മിച്ചു. ശിവദാസ് പ്രകടനം നടത്തിയതിനാണ് ജയിലിലായത്. അവര്‍ ശിക്ഷകഴിഞ്ഞു പുറത്തുവന്നശേഷം ഞങ്ങളെ കോടതിയില്‍ കൊണ്ടുവന്ന അവസരങ്ങളില്‍ വിവരങ്ങള്‍ കൈമാറാന്‍ അവിടെ വരുമായിരുന്നു. കേസിന്റെ വിചാരണ കഴിഞ്ഞു വിധി പറയുന്ന ദിവസം, എന്നെ മിസ വാറണ്ടില്‍ വീണ്ടും അറസ്റ്റു ചെയ്യുമെന്ന്, സ്പെഷ്യല്‍ ബ്രാഞ്ചിലെ ഒരുദ്യോഗസ്ഥനില്നിന്ന് മനസ്സിലാക്കിയതിനാല്‍, പുറത്തുവന്നയുടന്‍ കോടതിക്കു പുറത്തു മതിലിലുള്ള വിടവിലൂടെ പിറകിലെ റോഡിലേക്ക് കൊണ്ടുപോയി, ഓട്ടോ റിക്ഷയില്‍ കയറാന്‍ ഏര്‍പ്പാടാക്കിയത് ശിവദാസനായിരുന്നുവത്രെ. വിധി പ്രസ്താവിച്ച് അരമണിക്കൂര്‍ കഴിഞ്ഞായിരുന്നു വലിയ പോലീസ് സംഘം കോടതി വളപ്പില്‍ എത്തിയത്. ആ വിടവ് എനിക്ക് രക്ഷയായി. അടിയന്തരാവസ്ഥയുടെ ബാക്കി കാലഘട്ടം പിടിയിലാവാതെ കഴിക്കാനായി. തെങ്ങില്‍ ശിവദാസനുമയി കുറച്ചു മസയം മാത്രമേ ഓര്‍മകള്‍ അയവിറക്കാന്‍ കഴിഞ്ഞുള്ളൂ. അതിനിടെ വെള്ളയിലെ പഴയ സഹപ്രവര്ത്തകരെക്കുറിച്ചറിയാന് കഴിഞ്ഞു.
ബൈഠകില്‍ പങ്കെടുക്കുന്നതിനിടെ പഴയ സുഹൃത്ത് ചൂതപ്പിള്ളി ഗോവിന്ദന്റെ കാര്യവും ഓര്‍ക്കാനിടയായി. ജനസംഘപ്രവര്ത്തനുവമായി കോഴിക്കോട് കഴിയുമ്പോള്‍ അവിടത്തെ പ്രദേശ് കാര്യാലയത്തില്‍ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ചെറുപ്പക്കാരനായിരുന്നു വള്ളിക്കുന്നുകാരന്‍ ഗോവിന്ദന്.
അദ്ദേഹത്തിന്റെ പേരില്‍ മക്കള്‍ നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് ലഭിച്ച രാ.വേണുഗോപാല്‍ നിങ്ങളുടെ പഴയ സഹായിയുടെ മകനിവിടെ വന്നിരുന്നു എന്നു പരിചയപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും കാണാനായില്ല. ഔപചാരിക വിദ്യാഭ്യാസം കാര്യമായിട്ടില്ലായിരുന്നെങ്കിലും നൈസര്‍ഗികമായ സാമര്‍ത്ഥ്യവും ഉത്സാഹവും പ്രത്യുത്പന്ന മതിത്വവും കൊണ്ട് ഒരാള്‍ക്ക് എന്തൊക്കെ മഹത്കാര്യങ്ങള്‍ നേടാന്‍ കഴിയുമെന്നതിന് ദൃഷ്ടാന്തമായിരുന്നു ചൂതപ്പിള്ളി ഗോവിന്ദന്. തികച്ചും സാധാരണ അധ്വാനിക്കുന്ന വിഭാഗത്തില്‍ പിറന്ന് സംഘശാഖയിലൂടെ വളര്‍ന്ന ഗോവിന്ദന് അനീതിയോട് പടവെട്ടിത്തന്നെ വളരേണ്ടി വന്നു. അതിന്റെ ഫലമായി എണ്ണമറ്റ ക്രിമിനല്‍ കേസുകളില്‍ പെടുകയും ചെയ്തു. അതില്‍നിന്ന് ഒഴിവുനേടാനായിരുന്നു കോഴിക്കോട്ട് ജനസംഘകാര്യാലയത്തില്‍ താമസിച്ചത്. ജന്മഭൂമി സായാഹ്ന പത്രമായി ആരംഭിച്ചപ്പോള്‍ ബസ്സ്റ്റാന്റില് പത്രം വില്ക്കാനിറങ്ങുമായിരുന്നു. വാര്‍ത്തകള്‍ കൊണ്ടുവന്ന് എഴുതിത്തരാനും ഉത്സാഹിച്ചു. അടിയന്തരാവസ്ഥക്ക് എതിരായ സമരത്തില്‍ പങ്കെടുത്തു. ജന്മഭൂമി എറണാകുളത്തു നിന്നാരംഭിച്ചപ്പോള്‍ പരപ്പനങ്ങാടിയിലെ വാര്‍ത്ത അയച്ചു തുടങ്ങി. വനവാസി കല്യാണാശ്രമത്തിന്റെ മുഴുസമയ പ്രവര്‍ത്തകരായി കേരള സ്വയംസേവകരെ അയയ്ക്കാനുള്ള ഭാസ്കര്‍റാവുജിയുടെ പദ്ധതിയനുസരിച്ച് ഗോവിന്ദനും പോയി. കുറേക്കാലം ഛത്തീസ്ഗഢിലെ ബസ്തറില്‍ പ്രവര്‍ത്തിച്ചു.
ആത്മാര്‍ത്ഥതയും മാനുഷിക സംവേദനയുമുണ്ടെങ്കില് ഭാഷയും മറ്റും പ്രശ്നമല്ലെന്ന് തെളിയിച്ചു. അവിടെനിന്നും ജന്മഭൂമിയിലേക്കു വാര്‍ത്താ കത്തുകള്‍ അയയ്ക്കുമായിരുന്നു. ഛത്തീസ്ഗഢില്‍ നിന്ന് തിരിച്ചെത്തിയശേഷം അദ്ദേഹം കുടുംബസ്ഥനായി. പിന്നീട് ഞങ്ങള്‍ തമ്മില്‍ ബന്ധം കുറഞ്ഞുവന്നു. അദ്ദേഹം അവശനായി കിടക്കുമ്പോള്‍ ചികിത്സാ സഹായത്തിനായി മുതിര്‍ന്ന സംഘപ്രവര്ത്തകന് സി.പി.ജനാര്ദ്ദനന് മുന്‍കൈയെടുത്തു നടത്തിയ ശ്രമത്തില്‍ സഹകരിക്കാന്‍ എനിക്കും അവസരമുണ്ടായി.
ഗോവിന്ദന്റെ കുടുംബത്തിന് സ്വന്തമായി നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശത്തിന്റെ കത്ത് വേണുവേട്ടന്റെ കൈവശം കണ്ടപ്പോള്‍ അതില്‍ കണ്ട പേരുകള്‍ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെയും മക്കളുടേതുമാണെന്ന് ഊഹിച്ചു. അടിയന്തരാവസ്ഥക്ക് മുമ്പ് ഒരിക്കല്‍ ഗോവിന്ദന്റെ വീട്ടില്‍ പോയി ആതിഥ്യം സ്വീകരിച്ചതോര്‍ക്കുന്നു. അന്ന് ജ്യേഷ്ഠനെ പരിചയപ്പെട്ടിരുന്നു.
തുടക്കത്തില്‍ പ്രസ്താവിച്ചതുപോലെ പഴയകാല സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള ഓര്‍മകള്‍ പുതുക്കാനുള്ള അവസരമായി കോഴിക്കോട്ടു യാത്ര.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: