പാലക്കാട്: ശുദ്ധികലശം ലക്ഷ്യമിട്ട് നടത്തിയ സിപിഎം സംസ്ഥാന പ്ലീനത്തിന് വിവാദ വ്യവസായി വി.എം. രാധാകൃഷ്ണന്റെ ആശംസയുമായി പാര്‍ട്ടിപത്രത്തില്‍ വന്ന പരസ്യം സിപിഎമ്മില്‍ പുതിയൊരു വിവാദത്തിന് തിരികൊളുത്തി. പത്രത്തിന്റെ ഒന്നാം പേജിലാണ് ചാക്ക് രാധാകൃഷ്ണന് എന്നറിയപ്പെടുന്ന വി.എം.രാധാകൃഷ്ണന്റെ സൂര്യഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ അഭിവാദ്യ പരസ്യം വന്നിരിക്കുന്നത്. മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറി ശശീന്ദ്രനും മക്കളും മരിച്ച കേസില്‍ പ്രതിയായ രാധാകൃഷ്ണന് വിഎസ് വിരോധിയുമാണ്. മലമ്പുഴയില്‍ വിഎസ് മത്സരിക്കുമ്പോള്‍ തോല്‍പ്പിക്കുന്നതിന് വേണ്ടി പണമൊഴുക്കിയെന്ന ആരോപണം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് മുമ്പും സിപിഎം സമ്മേളനത്തിന് വിവാദ വ്യവസായി പരസ്യം നല്‍കുകയും തുടര്‍ന്ന് വിവാദമുണ്ടാക്കുകയും ചെയ്തിരുന്നു. മലബാര്‍ സിമന്റ്സിലെ അഴിമതികേസ്, ശശീന്ദ്രന്റെയും രണ്ട് മക്കളുടെയും ദുരൂഹമരണം തുടങ്ങിയവയെക്കുറിച്ച് സിബിഐ കേസ് അന്വേഷണമടക്കം നേരിട്ട് കൊണ്ടിരിക്കുകയും ചെയ്യുന്ന വിഎസിന്റെ ശത്രുവായ വിവാദ വ്യവസായിയുടെ പരസ്യം പാര്‍ട്ടിപത്രത്തില്‍ വന്നത് പാര്‍ട്ടിക്കുളളില്‍ ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിയിരിക്കുന്നത്.
2006ല്‍ പാലക്കാട് നടന്ന സിഐടിയു സംസ്ഥാന സമ്മേളനത്തിനും ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ദിവസവും പാര്‍ട്ടി പത്രം രാധാകൃഷ്ണന്റെ അഭിവാദ്യവുമായാണ് പുറത്തിറങ്ങിയത്. പാലക്കാട്, മലപ്പുറം സംസ്ഥാന സമ്മേളനങ്ങള്‍ക്കും രാധാകൃഷ്ണന്റെ ആശംസകള്‍ പാര്‍ട്ടിപത്രം ഒന്നാംപേജില്‍ തന്നെ നല്കി. എന്നാല്‍ ഇത്തവണ പാര്‍ട്ടിയുടെ ശുദ്ധികലശത്തിന് വേണ്ടി നടത്തിയ പ്ലീനത്തില്‍ വിവാദ വ്യവസായിയുടെ പരസ്യം വന്നതാണ് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്. സാമ്പത്തികശക്തികളും മാഫിയകളുമായി ബന്ധം പാടില്ലെന്നാണ് പ്ലീനം സംഘടനാരേഖ വഴി നല്കുന്ന കര്‍ശന നിര്‍ദ്ദേശം. ഇത് ചര്‍ച്ചചെയ്ത സമ്മേളനം അവസാനിക്കുന്നതിന് മുന്‍പ് തന്നെയാണ് പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവാദ വ്യവസായിയുടെ പരസ്യം പാര്‍ട്ടി മുഖപത്രത്തില്‍ തന്നെ വന്നത്.
അനാരോഗ്യം മൂലം പ്ലീനത്തിന്റെ സമാപനറാലിയില്‍ പങ്കെടുക്കതെ വിഎസ് മടങ്ങിയ രാവിലെയാണ് പരസ്യവുമായി പത്രം പുറത്തിറങ്ങിയതും. പരസ്യം വന്നത് പ്ലീനത്തിന് അപമാനമുണ്ടാക്കിയതായി പ്രതിപക്ഷനേതാവ് വിഎസ് അച്ചുതാനന്ദന് പറഞ്ഞു. പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തുന്നതിന് ആവശ്യപ്പെടുമെന്നും വിഎസ് അറിയിച്ചു.
അതേസമയം പാര്‍ട്ടി പത്രത്തില്‍ ഇത്തരമൊരു പരസ്യം വന്നത് തെറ്റല്ലെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ ഇ.പി. ജയരാജന് പറഞ്ഞു. പത്രത്തിന്റെ നിലനില്‍പ്പിന് പരസ്യം അനിവാര്യമാണ്. പത്രത്തിന്റെ കാര്യം നോക്കാന്‍ തങ്ങള്‍ക്കറിയാമെന്നും വ്യക്തികളെയല്ല, സ്ഥാപനത്തെ നോക്കിയാണ് പരസ്യം നല്‍കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
ദേശാഭിമാനി തന്നെ സമീപിച്ചത് കൊണ്ടാണ് പരസ്യം നല്‍കിയതെന്ന് വിവാദ വ്യവസായി രാധാകൃഷ്ണന് പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരസ്യം നല്കിയാല് കൂടുതല്‍ പരസ്യം ലഭിക്കുമെന്ന് അറിഞ്ഞ് കൊണ്ടാണ് പരസ്യം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: