എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ കെഎസ്ആര്‍ടിസി സെന്ററില്‍ പമ്പാ സര്‍വ്വീസിന് ബസുകളില്ലാത്തത് തീര്‍ത്ഥാടകരെ ദുരിതത്തിലാക്കി. തീര്‍ത്ഥാടനകാലത്ത് ദിനംപ്രതി നൂറും, നൂറ്റമ്പതും ബസുകളാണ് പമ്പാ സര്‍വ്വീസടക്കം വിവിധ സ്ഥലങ്ങളില്‍ നിന്നായി എരുമേലി സെന്ററിലെത്തുന്നത്. മിക്കബസുകളും സീറ്റുകള്‍ നിറച്ച് എത്തുന്നതിനാല്‍ എരുമേലിയില്‍ നിന്നും യാത്രചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് തീര്‍ത്ഥാടകര്‍ക്കുള്ളത്. തീര്‍ത്ഥാടനകാലത്ത് പമ്പ സര്‍വ്വീസിനായി പത്തുബസുകള്‍ മാത്രമാണ് എരുമേലിക്കായി നല്‍കിയത്. ഇതാണെങ്കില്‍ രാപ്പകല്‍ സര്‍വ്വീസ് നടത്തിയിട്ടും പകലും രാത്രിയിലും പമ്പയ്ക്കു പോകുന്നതിനായി തീര്‍ത്ഥാടകര്‍ നെട്ടോട്ടമോടുകയാണ്. നിലവിലുള്ള പത്തുബസുകള്‍ ദിനംപ്രതി നാലോളം പമ്പാ സര്‍വ്വീസുകളാണ് നടത്തുന്നത്. പതിനാലായിരത്തോളം രൂപ കളക്ഷനാണിവയ്ക്കുള്ളത്.
എരുമേലിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ വന്ലാഭകരമായിരിക്കെ പമ്പാ സര്‍വ്വീസിനായി കൂടുതല്‍ ബസ്സുകള്‍ എരുമേലിയില്‍ അനുവദിക്കണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. പമ്പാ സര്‍വ്വീസിനായി പത്തിലധികം ജീവനക്കാര്‍ വന്നെങ്കിലും ബസുകളില്ലാത്തതിനാല്‍ ഇവരുടെ ജോലിയും പ്രതിസന്ധിയിലായിരിക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന ബസുകളിലെ ജീവനക്കാരടക്കമുള്ളവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങലും ഇവിടെയില്ല.
എരുമേലി – പമ്പാ സര്‍വ്വീസുകളില്‍ കെഎസ്ആര്‍ടിസിക്ക് വന്‍തോതില്‍ വരുമാനമുണ്ടാക്കാമെന്നിരിക്കെ കൂടുതല്‍ ബസ്സുകള്‍ നല്‍കാതെ അധികൃതര്‍ അനാസ്ഥ കാട്ടുകയാണ്. തീര്‍ത്ഥാടനകാലത്ത് സര്‍വ്വീസിനായി എരുമേലിയിലെത്തുന്നതും സര്‍വ്വീസിനായി കിടക്കുന്നതിനും ഉള്ള സ്ഥലസൗകര്യം എരുമേലി സെന്ററിനില്ലാത്തതും കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
പേട്ടതുള്ളി കുളികഴിഞ്ഞാല് ഒന്നാംതരം ചന്ദനം, സിന്ദൂര കുറികള്‍ തൊടാം…. പണം നല്‍കണം
എരുമേലി: പേട്ട തുളളുന്ന തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന സിന്ദൂരം നിരോധിക്കാന്‍ ശ്രമിച്ചവര്‍ക്ക് തിരിച്ചടി. പേട്ടതുള്ളി കുളികഴിഞ്ഞ് കയറിയാലുടന്‍ ഒന്നാംതരം ചന്ദന, സിന്ദൂര കുറികള്‍ കണ്ണാടിയില്‍ നോക്കി തൊടാം. പക്ഷേ പണം നല്‍കണമെന്നുമാത്രം. എരുമേലി വലിയമ്പലത്തിലും നടപ്പന്തലിലെ കടകളിലുമാണ് സൗകര്യം കച്ചവടക്കാര്‍ തന്നെ ഒരുക്കിയിരിക്കുന്നത്.
പേട്ടതുള്ളുന്നതിനായി സിന്ദൂരം നല്കുന്ന അതേ കച്ചവടക്കാര്‍ തന്നെയാണ് ഗുണവും മണവുമുള്ള ചന്ദനവും കുങ്കുമവും വിതരണം ചെയ്യുന്നത്. ചന്ദനവും കുങ്കുമവും വെള്ളത്തില്‍ ചാലിച്ച് പാത്രത്തിലാക്കി മുന്നില്‍ വലിയ കണ്ണാടികളും സ്ഥാപിച്ചാണ് തീര്‍ത്ഥാടകര്‍ക്ക് കുറിതൊടാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
പേട്ടതുള്ളലിനായി വില്‍ക്കുന്ന വിലകുറഞ്ഞ സിന്ദൂരത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത്. ഇക്കാരണത്താല്‍ സിന്ദൂരം നിരോധിക്കണമെന്ന ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. എന്നാല്‍ പേട്ടതുള്ളുന്നതിന് പകരം സംവിധാനം ഒരുക്കാതെ സിന്ദൂരം നിരോധിച്ച സര്‍ക്കാര്‍ നടപടിയും പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ഗുണമേന്മയുള്ള ചന്ദനം, കളഭം, കുങ്കുമം എന്നിവ ലഭിക്കാന്‍ നിലവില്‍ സാഹചര്യമുള്ളപ്പോള്‍ ഇത്തരം സാധനങ്ങള്‍ വില്ക്കാന് നിര്‍ദ്ദേശിക്കാതെ വിലകുറഞ്ഞ സിന്ദൂരം നിരോധിക്കാന്‍ മാത്രം നടപടി സ്വീകരിച്ചതിലും പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്.
പേരൂര്‍ത്തോട് പാലത്തിലെ കമ്പികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
എരുമേലി: എരുമേലി-മുണ്ടക്കയം ഹൈവേ റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് പേരൂര്‍ത്തോട്ടിലെ പാലം വീതികൂട്ടല്‍ പണികള്‍ നിര്‍ത്തിവച്ചത് ശബരിമല തീര്‍ത്ഥാടകരടക്കമുള്ള വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.പാലത്തിന്റെ വീതികൂട്ടല്‍ പണിയുടെ ഭാഗമായി പഴയപാലത്തിന്റെ കൈവരികള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പണിപൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതോടെ കൈവരിയിലെ കമ്പികള്‍ റോഡിലേക്ക് തള്ളിയും വീതികുറഞ്ഞുമാണ് വാഹനയാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നത്. പാലത്തിന് വീതികൂട്ടലിന്റെ ഭാഗമായി പുതിയ പാലം കൈവരി സഹിതം നിര്‍മ്മിച്ചുവെങ്കിലും പുതിയ ടാറിംഗ് ഈ ഭാഗം കൂടി ഒഴിവാക്കിയതാണ് വാഹനാപകടത്തിനുപോലും വഴിയൊരുക്കുന്നത്.ശബരിമല തീര്‍ത്ഥാടകരടക്കം ആയിരകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന ഈ വഴി ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതകൂടിയാണ്.കോടികള്‍ ചിലവഴിച്ചു നിര്‍മ്മാണം നടത്തുന്ന ഹൈവേകളുടെ പണി പാതിവഴിയിലാക്കുന്നതിനെതിരെ ജനകീയ പ്രതിഷേധവും ഉയര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: