പാലക്കാട് പ്ലീനവും തീര്‍ന്നു. വിമര്‍ശനവും സ്വയംവിമര്‍ശനങ്ങളും പാര്‍ട്ടിക്കാരുടെ ദൗര്‍ബല്യങ്ങളും നിരവധി. പ്ലീനം തെറ്റുകുറ്റങ്ങള്‍ തുറന്നുവച്ചപ്പോള്‍ അമ്പമ്പോ ഇതെന്തൊരു പാര്‍ട്ടി എന്നാരും ചിന്തിച്ചു പോകും. ചെയ്യേണ്ട കാര്യങ്ങളെക്കാളധികം വാചാലമായത് ചെയ്യരുതാത്ത കാര്യങ്ങളെക്കുറിച്ച്. ജാതി, മത കൂട്ടായ്മയില്‍ പങ്കെടുക്കരുത്. ഗണപതി ഹോമം ചെയ്യരുത്. ആര്‍ഭാട വിവാഹം പാടില്ല. വിവാഹത്തിന് മതചടങ്ങുകളെ (പള്ളിക്ക് ബാധകമല്ല) ആശ്രയിക്കരുത്. വിവാഹം നടക്കുമ്പോള്‍ പുരുഷന് ഇരുന്നും സ്ത്രീ നിന്നും ചടങ്ങ് നടത്തരുത്. മദ്യപാനശീലം ഉപേക്ഷിക്കണം. അത് സാധിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി അംഗത്വം പുതുക്കുന്നതല്ല. ഒറ്റത്തവണ പിരിവ്. പിരിവിന് കണക്കു വേണം. ചേലില്ലാത്തവരുമായി ചങ്ങാത്തം പാടില്ല. അവരുടെ സഹായം തേടുകയോ അത്തരക്കാരെ സംരക്ഷിക്കുകയോ ചെയ്യരുത്. വാര്‍ത്തകള്‍ ചോരരുത്. വ്യക്തിപരമായി കൂടുതല്‍ പ്രചാരം ലഭിക്കാന്‍ മാധ്യമങ്ങളെ ആശ്രയിക്കരുത്. മരണാനന്തര ചടങ്ങുകളും മതാധിഷ്ഠിതമാക്കരുത്. ഈ തമാശകളെല്ലാം കേള്‍ക്കുമ്പോള്‍ ‘ഈ സീപീയെമ്മിനെക്കൊണ്ട് തോറ്റു’ എന്നാരും പറഞ്ഞുപോകും. ‘ചൂടുവെള്ളത്തില്‍ കുളിക്കാമോ’ എന്ന് ആരെങ്കിലും ചോദിച്ചോ എന്തോ !
മദ്യം കുടിക്കാന്‍ പാടില്ലെങ്കില്‍ അത് ഉത്പാദിപ്പിക്കുന്നതും വില്‍ക്കുന്നതും തെറ്റല്ലേ ! ചെത്തുതൊഴിലാളി സംഘടന പിരിച്ചുവിടുമോ ? ഗൃഹപ്രവേശത്തില്‍ ഗണപതിഹോമം പാടില്ല. എന്നാല്‍ പാര്‍ട്ടി സമ്മേളനത്തിന് വിഘ്നം വരാതിരിക്കാന്‍ പഴവങ്ങാടി ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നതില് തെറ്റുണ്ടോ ? (തിരുവനന്തപുരത്ത് പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ തേങ്ങ ഉടച്ചത് വിവാദമായതാണ്) മരണാനന്തര ചടങ്ങുകള്‍ മതാധിഷ്ഠിതമാക്കരുത്. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നയാളുടെ ചിതാഭസ്മം കന്യാകുമാരിയില്‍ ഒഴുക്കുന്നതില്‍ തെറ്റുണ്ടോ ! പിബി അംഗത്തിന്റെ ഭാര്യയുടെ ചിതാഭസ്മം ഗംഗയില്‍ ഒഴുക്കുന്നത് തെറ്റാകുമോ ?
ജാതിമത കൂട്ടായ്മയില്‍ പങ്കെടുക്കുകയും മതചിഹ്നങ്ങള്‍ പേറുകയും ചെയ്യരുതെന്ന് പറയുമ്പോള്‍ സഖാക്കള്‍ ശരണം വിളിച്ച് ശബരിമലയില്‍ പോകുന്നതല്ലേ തെറ്റാകൂ. വെള്ളിയാഴ്ചയും ഞായറാഴ്ചയും പള്ളിയില്‍ പോകുന്നത് തെറ്റല്ലല്ലോ. സഖാക്കളുടെ മക്കളെ ‘സുന്നത്ത് ചെയ്യിക്കാമോ’ ? ‘മാമോദീസ’ മുക്കാമോ ? ഇതിനൊക്കെ ഒരു വിശദീകരണം ആവശ്യമല്ലേ ? സിക്കുകാരുടെ മതചിഹ്നമാണല്ലോ ദീക്ഷയും തലപ്പാവും. ജനറല്‍ സെക്രട്ടറിയായിരുന്നയാള്‍ ഇത് രണ്ടും മരണംവരെ ഉപേക്ഷിച്ചില്ലെന്ന് നേതാക്കള്‍ മറന്നാലും അണികള്‍ക്ക് മറക്കാനാകുമോ ?
മുമ്പ് കൂട്ടുകൂടിയപ്പോള്‍ വഞ്ചിച്ചെങ്കിലും നിലപാട് തിരുത്തിയാല്‍ വീണ്ടും കൂട്ടുകൂടാന്‍ തടസ്സമില്ല. മാണിയുടെ കാര്യത്തിലും വീരേന്ദ്രകുമാറിന്റെ കാര്യത്തിലും ആ നിലപാട് ആവാം. മുസ്ലിംലീഗും പണ്ട് കൂട്ടുകക്ഷിയായിരുന്നല്ലോ ! ഇപ്പോഴെന്തേ അവരോട് അയിത്തം ? അവരെക്കാള്‍ വിശ്വസ്തരായി പുതിയ ഗ്രൂപ്പുകള്‍ അവര്‍ തീവ്രവാദികളാണെങ്കില്‍ പോലും പോക്കറ്റിലാക്കാമെന്ന വിശ്വാസം കൊണ്ടാണോ ?
പ്ലീനത്തിന്റെ വിവരങ്ങള്‍ നല്‍കിയത് പിബി അംഗം കോടിയേരിയാണല്ലോ. വിവാഹധൂര്ത്തിനെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നതു കേട്ടപ്പോള്‍ ‘ഞാന്‍ പറഞ്ഞതൊന്നും നമുക്കിരുവര്‍ക്കും ബാധകമല്ല മേരീ’യെന്നൊരു സുവിശേഷകന് മറുപടി നല്കിയതാണോര്മ വരുന്നത്.
കോടിയേരിയുടെ പേരില്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ ചടങ്ങ് നടന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ മാറ്റൊലി കെട്ടടങ്ങിയിട്ടില്ലല്ലോ. വിഐപി ക്വാട്ടയില്‍ കാടാമ്പുഴയില്‍ ചടങ്ങ് നടത്തിയ ബാലകൃഷ്ണന് താനല്ലെന്ന് കോടിയേരി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ആ വിഐപി ബാലകൃഷ്ണന് ആരാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. 2006 ജൂലൈ 23ന് ശത്രുസംഹാര പൂജയ്ക്ക് ശീട്ടാക്കിയ ആ ബാലകൃഷ്ണന് ആരാണെന്ന് തലശ്ശേരിയെ പ്രതിനിധീകരിക്കുന്ന കോടിയേരി അറിയേണ്ടതല്ലേ ?
പിറ്റേവര്‍ഷം ജനുവരി 20നാണ് പിണറായി വിജയന് മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ പോയത്. വിവാദമായതും ദുരൂഹതകള്‍ നിറഞ്ഞതുമായ ധ്യാനകേന്ദ്രത്തില്‍ നിന്ന് ബൈബിളും ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു പിണറായി വിജയന് മടങ്ങിയത്. വത്തിക്കാനില്‍ പോയ ഇ.കെ. നായനാര്‍ പോപ്പിന് ഭഗവദ്ഗീത നല്കിയ ശേഷമായിരുന്നു ‘കൊന്ത’ സ്വീകരിച്ചത്. ആ കൊന്ത പി.ജെ. ജോസഫ് തിരിച്ചുതന്നില്ലെന്ന് നായനാര്‍ക്ക് പരിഭവമുണ്ടായിരുന്നു. പിണറായി ഏറ്റുവാങ്ങിയ ബൈബിള്‍ എന്തു ചെയ്തു ? ആര്‍ക്കു കൊടുത്തു ? സൂക്ഷിച്ചു വച്ചോ അതോ നശിപ്പിച്ചോ ? അതെങ്കിലും വെളിപ്പെടുത്തേണ്ടേ ? ഭരണങ്ങാനത്ത് അല്‍ഫോണ്‍സാമ്മയുടെ ശവകുടീരത്തിന് മുന്നില്‍ പോയി കൈകൂപ്പി നിന്ന ഇ.കെ. നായനാരുടെ ചിത്രം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നവരുണ്ടാകാം. പോയത് പോയി എന്ന് നായനാര്‍ പറഞ്ഞിരുന്നു. ‘ഭാര്യക്കു വേണ്ടി പോയതാണേ’ എന്ന് മാറ്റിപ്പറയാനൊന്നും അദ്ദേഹത്തിന് തോന്നിയിട്ടില്ല.
പിന്നെ വിവാഹത്തിന്റെ കാര്യം. അതിലും കോടിയേരിയെ സമ്മതിക്കണം. 2008 ഏപ്രില്‍ 13 ഞായറാഴ്ച തിരുവനന്തപുരത്തെ പി. സുബ്രഹ്മണ്യം ഹാളില്‍ ഒരു വിവാഹം നടന്നിരുന്നു. കുറ്റം പറയരുതല്ലോ. വരനും വധുവും നിന്നുകൊണ്ടു തന്നെയാണ് മാലചാര്‍ത്തിയത്. തലേന്ന് ശ്രീമൂലം ക്ലബ്ബില്‍ വിരുന്നു സത്കാരമുണ്ടായിരുന്നു. വിവാഹവും സത്കാരവും പഞ്ചനക്ഷത്ര സംഭവം. വിവാഹത്തിനെത്തിയവര്‍ കേരളത്തിലെ പ്രമുഖ സ്വര്‍ണവ്യാപാരികള്‍, റിയല്‍ എസ്റ്റേറ്റുകാര്‍, ഹോട്ടലുടമകള്‍, ഗള്‍ഫിലെ വ്യവസായികള്‍, അബ്കാരികള്‍ തുടങ്ങിയ വന്‍പട.
എകെജിയുടെ നാട്ടില്‍ നിന്നുള്ള ആളാണ് കോടിയേരി. എകെജിയുടെ വീരശൂര പരാക്രമങ്ങളും ലാളിത്യവും സംഘടനയോടുള്ള പ്രതിബദ്ധതയുമെല്ലാം വാചാലമായി വിവരിക്കുന്ന സഖാക്കള്‍ പക്ഷേ സ്വന്തം ജീവിതത്തില്‍ അനുകരിക്കാന്‍ കൂട്ടാക്കുന്നേയില്ല.
1952ലായിരുന്നു എകെജിയുടെ വിവാഹം. ആലപ്പുഴയിലെ തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന് ഓഫീസായിരുന്നു വിവാഹവേദി. സുശീല വധു. മൂന്ന് മണിയായിരുന്നു മുഹൂര്‍ത്തം. പാര്‍ട്ടി പരിപാടിയുമായി പര്യടനത്തിലായിരുന്ന എകെജി എത്തിയത് അഞ്ചുമണിക്ക്. ഒത്തുകൂടിയ സഖാക്കള്‍ നല്കിയ രക്തഹാരം ഒന്നു സുശീലയ്ക്കും എകെജിക്കും നല്കി. പരസ്പരം മാല ചാര്‍ത്തി. ഒരു നിമിഷംകൊണ്ട് വിവാഹം തീര്‍ന്നു.
കളങ്കിതരുമായി ബന്ധം പാടില്ലെന്ന് പറയുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് സാന്റിയാഗോ മാര്ട്ടിന് കളങ്കിതനല്ല. ഫാരീസ് അബൂബക്കര്‍ കളങ്കിതനല്ല. സേവി മനോ മാത്യു സ്വീകാര്യന്‍. മലബാര്‍ സിമന്റസുമായി ബന്ധപ്പെട്ട് കേസും കുണ്ടാമണ്ടിയുമായി കഴിയുന്ന വി.എം. രാധാകൃഷ്ണന്റെ കാശുവാങ്ങുന്നതിന് ഒരു മനഃസാക്ഷിക്കുത്തുമില്ല. പ്ലീനത്തോടനുബന്ധിച്ച് ദേശാഭിമാനിയുടെ സപ്ലിമെന്റില്‍ ലക്ഷങ്ങള്‍ നല്കി രാധാകൃഷ്ണന് അര്‍പ്പിച്ച അഭിവാദ്യം ഫോട്ടോ സഹിതം അച്ചടിച്ച് വന്നിരിക്കുന്നു. രാധാകൃഷ്ണന് ബിസിനസ്സുകാരനാണ്. നാലോ അഞ്ചോ ലക്ഷം ദേശാഭിമാനിക്കു നല്കിയതുണ്ടാക്കിയ വിവാദം വഴി കോടിക്കണക്കിന് ചെലവിട്ടാലും ലഭിക്കാത്ത പരസ്യം അദ്ദേഹത്തിന് ലഭിച്ചു.
ആര്‍ഭാടം ഒഴിവാക്കണമെന്ന നിര്‍ദേശവും രസാവഹം. വീണ്ടും കോടിയേരിയെക്കുറിച്ചു പറയുന്നതുകൊണ്ട് മുഷിയരുത്. ആഭ്യന്തരമന്ത്രിയായി മന്ത്രി മന്ദിരത്തില്‍ താമസിക്കാന്‍ സൗകര്യങ്ങളൊരുക്കിയത് 18 ലക്ഷത്തിന്. അത് വിവാദമായപ്പോള്‍ ആ വീട് ഉപേക്ഷിച്ച് വാടകവീട്ടിലേക്ക് മാറി. പ്രതിമാസം 90,000 രൂപ വാടക. വീട്ടുടമയോ വിവാദനായകന്‍ സേവി മനോ മാത്യു.
ആര്‍എസ്എസിനെ നേരിടാന്‍ ലോക്കല്‍ കമ്മറ്റികള്‍ തോറും 20 അംഗ സായുധസേനയെ ഒരുക്കിയെടുക്കണമെന്നതാണ് തീരുമാനം. ആര്എസ്എസുകാരില്ലാത്ത സ്ഥലത്ത് സ്വന്തം സഖാക്കളുടെ ശരീരത്തില്‍ കൈവച്ച് തരിപ്പ് തീര്‍ക്കാവുന്നതേയുള്ളൂ. പാര്‍ട്ടി ഒന്നടങ്കം ശ്രമിച്ചിട്ടും ആര്‍എസ്എസ് തളര്‍ന്നില്ല. വളര്‍ന്നു കൊണ്ടിരിക്കുന്നതില്‍ സിപിഎം തന്നെ ആശങ്ക പ്രകടിപ്പിക്കുകയാണല്ലോ. പിന്നല്ലേ 20 അംഗ സേന. പണ്ട് ഇതേ ലക്ഷ്യത്തിന് ഒരു സേനയെ രംഗത്തിറക്കിയതാണ്. പട്ടാളത്തില്‍ നിന്നും വിരമിച്ചവരെ ഉപയോഗിച്ച് ലഫ്റ്റ് റൈറ്റ് പഠിച്ചുണ്ടാക്കിയ ‘ഗോപാല സേന’ എങ്ങനെ പോയി എവിടെ പോയി എന്നൊരു രേഖയിലും പറയുന്നില്ല. ഓരോ കാലത്തും ഓരോ നേരമ്പോക്ക് ! ഈ സീപീഎമ്മിനെക്കൊണ്ട് തോറ്റു എന്നല്ലാതെന്തു പറയാന്‍.
e-mail: [email protected]
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: