സമയത്തെ വേഗംകൊണ്ട് കീഴടക്കുന്ന പി.യു. ചിത്ര എന്ന പതിനേഴുകാരി കേരളത്തിന്റെ അഭിമാന താരമാണ്. സ്കൂള്‍ കായികവേദിയില്‍ നിന്നുള്ള ചിത്രയുടെ വിടവാങ്ങലിനാണ് കൊച്ചിയില്‍ നടന്ന 57-ാമത് മീറ്റ് സാക്ഷ്യം വഹിച്ചത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിത്ര മത്സരിച്ച നാല് ഇനങ്ങളിലും സ്വര്‍ണ്ണം നേടി വ്യക്തിഗത കിരീടം ചൂടി മേളയില്‍ നിന്നുള്ള പടിയിറക്കം അവിസ്മരണീയമാക്കി. ഇത്തവണത്തെ സ്കൂള്‍ മീറ്റിലെ ആദ്യത്തെ ഇരട്ട സ്വര്‍ണ്ണവും ചിത്രയുടേതായിരുന്നു. സ്കൂള്‍ മേളകളില്‍ നിന്നും വിടപറഞ്ഞെങ്കിലും യൂണിവേഴ്സിറ്റി മീറ്റുകളില്‍ ചിത്രയുടെ പ്രകടനങ്ങള്‍ കാണാന്‍ കാത്തിരിക്കുകയാണ് കായിക പ്രേമികള്‍.
കൊച്ചിയില്‍ 5000, 1500, 3000 മീറ്റര്‍ എന്നിവയിലാണ് ചിത്ര റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണ്ണം കൊയ്തത്. ക്രോസ് കണ്ട്രിയിലും ചിത്ര ഒന്നാമതെത്തി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ചിത്ര ഈ നേട്ടം കൈവരിക്കുന്നത്. 2012ലെ തിരുവനന്തപുരം മീറ്റിലും ചിത്ര നാല് സ്വര്‍ണ്ണം നേടിയിരുന്നു.
2010ലെ ദേശീയ മീറ്റില്‍ ജൂനിയര്‍ വിഭാഗത്തിലാണ് മത്സരിക്കേണ്ടിയിരുന്നതെങ്കിലും സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ച് മൂന്ന് സ്വര്‍ണ്ണം നേടിയ ചരിത്രവും ചിത്രയ്ക്കുണ്ട്. ഇറ്റാവയില്‍ നടന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലെ വ്യക്തിഗ ചാമ്പ്യനും മറ്റാരുമായിരുന്നില്ല. സാഫ് ജൂനിയര്‍ മീറ്റിലെ ഇരട്ട സ്വര്‍ണ്ണവേട്ട ചിത്രയുടെ മറ്റൊരു നേട്ടം. റെക്കോര്‍ഡുകള്‍ തിരുത്തി ട്രാക്കില്‍ കുതിച്ചുപായുന്ന ചിത്രയുടെ
ഇതിലും നല്ല പ്രകടനങ്ങള്‍ വരാനിരിക്കുന്നതേയുള്ളു.
പാലക്കാട് മുണ്ടൂര്‍ പാലക്കീഴ് വീട്ടില്‍ ഉണ്ണിക്കൃഷ്ണന്റെയും വസന്തയുടെയും മകളായ ചിത്രയ്ക്ക് പ്രചോദനം മാതാപിതാക്കള്‍ തന്നെയാണ്. മുണ്ടൂര്‍ സ്കൂളില്‍ നിന്ന് ലഭിക്കുന്ന ചിട്ടയായ പരിശീലനമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ചിത്ര പലവേദികളിലും പറഞ്ഞിട്ടുണ്ട്. കരിയറില്‍ കൂടുതല്‍ ഉന്നതിയിലെത്താമെന്നും ചിത്ര ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: