എരുമേലി: ശബരിമലതീര്‍ത്ഥാടനത്തിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ പേട്ടതുള്ളുന്ന പേട്ടതുള്ളല്പാതയിലെ വാഹനഗതാഗതവും തിരക്കും നിയന്ത്രിക്കുന്നതിനായി മുന്നോട്ട് വച്ച കൊച്ചമ്പലം മേല്‍പാലം പദ്ധതിയില്‍ ചില സംഘടനകള്‍ നടത്തുന്ന രഹസ്യ നീക്കങ്ങള്‍ക്കെതിരെ എരുമേലിയിലെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധമുയരുന്നു.
കൊച്ചമ്പലത്തില്‍ നിന്നും പള്ളയിലേക്ക് തീര്‍ത്ഥാടകര്‍ക്കായി മേലപ്പാലം എന്ന നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ ആര്‍ഡിഒ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമാകാതെ പിരിഞ്ഞുവെങ്കിലും ഹൈന്ദവ സംഘടനകളില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെയാണ് അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കോട്ടയത്തു നടന്ന പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയത്. മേല്‍പ്പാലത്തെ സംബന്ധിച്ച് ഹൈന്ദവ സംഘടനകളുമായി തുറന്ന ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ഏതു നടപടിയും സ്വീകരിക്കൂയെന്ന ആര്‍ഡിഒയുടെ നിര്‍ദ്ദേശത്തിന്റെ മറപിടിച്ചാണ് ചില സംഘടനാ വ്യക്തികള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നും ഹിന്ദുഐക്യവേദി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മനോജ്.എസ് പറഞ്ഞു.
വിവിധ സാമുദായിക സംഘടനകളടക്കം വരുന്ന ഹൈന്ദവ സംഘടനാപ്രതിനിധികളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളെ അട്ടിമറിക്കാന്‍ റവന്യൂവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കൊച്ചമ്പലം മേല്‍പ്പാലം നടപടി രഹസ്യമായി നടക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
കൊച്ചമ്പലം മേല്‍പ്പാലം നിര്‍മ്മാണത്തെ സംബന്ധിച്ച് ദേവസ്വംബോര്‍ഡോ പള്ളികമ്മറ്റിയോ ചര്‍ച്ച ചെയ്യുന്നതിന് മുമ്പുതന്നെ മേല്‍പ്പാലം വിഷയത്തില്‍ തിടുക്കത്തില്‍ നടപടിയെടുക്കാനുള്ള തന്ത്രപരമായ നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും നേതാക്കള്‍ ആരോപിക്കുന്നു.
എരുമേലിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മറ്റനേകം സൗകര്യങ്ങള്‍ ഇനിയും ചെയ്തുകൊടുക്കാനിരിക്കേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച ചെയ്തു മാറ്റിവച്ച കൊച്ചമ്പലം മേല്‍പ്പാലം വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ സ്ഥാപിത താല്പര്യക്കാര് ഉണ്ടെന്നാണ് ഹൈന്ദവ സംഘടനാ പ്രതിനിധികളുടെ ആരോപണം. കൊച്ചമ്പലത്തില്‍ നിന്നും പള്ളിയിലേക്ക് മേല്‍പ്പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നല്കിയ പരാതിയില്‍ അന്വേഷിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: