ആലപ്പുഴ: പിന്നോക്ക വിഭാഗങ്ങളെ ദ്രോഹിക്കുന്ന രംഗനാഥമിശ്ര-സച്ചാര്‍ കമ്മിഷന് റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയണമെന്ന് പട്ടികജാതിമോര്‍ച്ച അഖിലേന്ത്യാ അധ്യക്ഷന്‍ ഡോ.സഞ്ജയ് പസ്വാന്. പട്ടികജാതിമോര്‍ച്ച സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്നോക്ക വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള നവോതഥാന നേതാക്കളെ സ്മരിക്കുന്നതിന് വേണ്ടിയുള്ള പരിപാടികള്‍ ദേശിയതലത്തില്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 50 ശതമാനത്തോളം പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതി ആര്‍ജിക്കുന്നതിനായി നല്കുന്ന ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ആനുകൂല്യങ്ങള്‍ മറ്റു സമുദായങ്ങള്‍ നേടിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പേരു പറഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയാലും പട്ടികജാതി വിഭാഗങ്ങള്‍ക്ക് വേണ്ടി ഒന്നും ഇവര്‍ ചെയ്യുന്നില്ല. പിന്നോക്ക സമുദായങ്ങളെ പിന്നോട്ടടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ചെയ്യുന്നത്. പിന്നോക്ക വര്‍ഗ വിഭാഗങ്ങള്‍ക്ക് നല്‍കിവരുന്ന സംവരണാനുകൂല്യങ്ങള്‍ സംബന്ധിച്ച് ബിജെപി ധവളപത്രമിറക്കും. പട്ടികജാതി വിഭാഗം അവരുടെ ആനുകൂല്യങ്ങള്‍ക്കായി മറ്റു മതവിഭാഗങ്ങളോടു ഏറ്റുമുട്ടേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിലേക്ക് കൂടുതല്‍ ജനങ്ങളെ സ്വാഗതം ചെയ്യുന്നു. ബിജെപി അധികാരത്തില്‍ വന്നാല്‍ ഇതുവരെ നല്കിയ സംവരണാനുകൂല്യത്തെക്കുറിച്ചു ജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. കേരളത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും വന്‍ അഴിമതിയാണ് നടത്തുന്നത്. എന്നാല്‍ ബിജെപി പ്രവര്‍ത്തിക്കുന്നത് നാടിന്റെ സംരക്ഷണത്തി്നാണ്. പട്ടികജാതി സമൂഹത്തിന്റെ നാല് ശതമാനം വോട്ടുകളെങ്കിലും ബിജെപിക്ക് ലഭിക്കുന്നതിന് വേണ്ടി പട്ടികജാതിമോര്‍ച്ച നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, സംഘടനാ ജനറല്‍ സെക്രട്ടറി ഉമാകാന്തന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം.വേലായുധന്, ഡോ.പി.പി.വാവ, ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് കെ.ആര്.പ്രതാപചന്ദ്രവര്‍മ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.ജെ.ആര്.പത്മകുമാര്‍, രാജി പ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.കെ.ഗീതാകുമാരി, ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് എന്നിവര്‍ സംസാരിച്ചു. പട്ടികജാതിമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ.പുരുഷോത്തമന് സ്വാഗതവും ബിജെപി സംസ്ഥാന കമ്മറ്റി അംഗം എന്‍.എം.വിജയന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: