പി.ടി. റാവു എന്ന് അറിയപ്പെട്ടിരുന്ന ത്രിവിക്രമറാവു 1964 ല്‍ യൂക്കോബാങ്കില് ഒരു ഷോര്ട്ഠാന്ഡ് ടൈപ്പിസ്റ്റായി ചേര്‍ന്നു. ബാങ്കിന്റെ എറണാകുളം ശാഖയില്‍ ചേര്‍ന്നശേഷം തുടര്‍ച്ചയായി ഒരേ മേശ, ഒരേ കസേര, ഒരേ ടൈപ്പ്റൈറ്റര്‍. കൃത്യസമയത്ത് ജോലിക്ക് ഹാജരാകും. അന്നത്തെ പണിയെല്ലാം തീര്‍ത്ത് കൃത്യസമയത്തുതന്നെ ഓഫീസ് വിട്ടു പുറത്തിറങ്ങുന്ന അദ്ദേഹം താന്‍ തുടങ്ങിവെച്ച കേരള പ്രദേശ് ബാങ്ക് വര്‍ക്കേഴ്സ് യൂണിയന്റെ ഓഫീസില്‍ എത്തുന്നു. ക്രമേണ മറ്റ് ബാങ്കുകളില്‍നിന്ന് ജീവനക്കാരെ ഈ യൂണിയനില്‍ ചേര്‍ത്ത് നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ബാങ്ക് വര്‍ക്കേഴ്സിന്റെ നല്ല ശക്തമായ ഒരു യൂണിറ്റായി കേരള പ്രദേശ് ബാങ്ക് വര്‍ക്കേഴ്സ് യൂണിയനെ മാറ്റി.
ഭാരതീയ മസ്ദൂര്‍ സംഘം കേരളത്തില്‍ ആരംഭിച്ചപ്പോള്‍ ബാങ്ക് വര്‍ക്കേഴ്സിന്റെ യൂണിയനെയും ബിഎംഎസിന്റെ ഒരു ഭാഗമാക്കി. ക്രമേണ റാവു മറ്റ് ബിഎംഎസ് യൂണിറ്റുകളിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അവിവാഹിതനായ റാവു ജോലിയില്‍നിന്ന് വിരമിച്ചശേഷം ബിഎംഎസിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായി.
പ്രവര്‍ത്തനത്തില്‍ ഇത്രയും ചിട്ട കാണിച്ച, ആദര്‍ശധീരനായ റാവുജി ദല്‍ഹി ആസ്ഥാനമാക്കി ബിഎംഎസിന്റെ ഖജാന്‍ജിയായി നിയമിക്കപ്പെട്ടു. അതിനോടൊപ്പം തന്നെ ഭാരതം മുഴുവനും സഞ്ചരിച്ച് മറ്റ് നിരവധി ബാങ്ക് യൂണിയനുകളെ നല്ല വ്യവസ്ഥയോടെ നടത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു. പ്രവര്‍ത്തനത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കുവാന്‍ അദ്ദേഹം തയ്യാറായില്ല. സ്വര്‍ഗീയ ദത്തോപാന്ത് ഠേംഗ്ഡിജിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ഒരു കാര്യകര്‍ത്താവായിരുന്നു ഇദ്ദേഹം. പ്രവര്‍ത്തനത്തില്‍ സഹപ്രവര്‍ത്തകര്‍ കുറച്ചുപോലും വഴിതെറ്റിയാല്‍, അദ്ദേഹം അത് ഉടനെ കണ്ടുപിടിച്ച് ആ പ്രവര്‍ത്തകനെ നേര്‍വഴിക്ക് കൊണ്ടുവരുമായിരുന്നു.
അതേസമയം, തന്നെ ഈശ്വരസേവ ചിട്ടപ്രകാരം നടത്തുവാന്‍ റാവു വിട്ടുവീഴ്ച കാണിക്കില്ല. വീടിന്റെ തൊടിയില്‍ ഒരു ഭഗവതിക്ഷേത്രം നിര്‍മ്മിച്ച് എല്ലാവര്‍ഷവും പ്രത്യേക പൂജകള്‍ നടത്തിയിരുന്നു. അമ്മയോടും അച്ഛനോടും സഹോദരീസഹോദരന്മാരോടും ഏറ്റവുമധികം സ്നേഹനിര്‍ഭരമായ പെരുമാറ്റമായിരുന്നു. നിരന്തരമായ യാത്രയും മറ്റും നടത്തിയതുകാരണം അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം പിടിപെട്ടെങ്കിലും യാത്രയൊന്നും മുടക്കിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: