ആലുവ: ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ മുന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റും മുന്‍ അഖിലേന്ത്യാ ട്രഷററുമായിരുന്ന പി.ത്രിവിക്രമ റാവു (പി.ടി റാവു) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചി മട്ടാഞ്ചേരിയില്‍ തിരുമല ക്ഷേത്രത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 4.50ഓടുകൂടി മരണം സംഭവിക്കുകയായിരുന്നു.
ആര്.എസ്.എസിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് പ്രവേശിച്ച പി.ടി റാവു സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് 11 മാസം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. 1957ല്‍ യുക്കോ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചു. എന്‍.ഓ.ബി.ഡബ്ലിയു എന്ന ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, എറണാകുളം ജില്ലയിലെ ആദ്യ ആര്.എസ്.എസ് പ്രവര്ത്തകന്, ജില്ലാ ശാരീരിക് പ്രമുഖ്, ആലുവ ഗൗഡ സാരസ്വത ബ്രാഹ്മണ യുവജന സമാജം പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി വൈസ് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടൂണ്ട്. ആലുവ എടക്കാട്ടില്‍ പരേതനായ പദ്മനാഭ റാവുവിന്റെയും പരേതയായ സുനന്ദ റാവുവിന്റെയും മകനാണ് പി.ടി റാവു. സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ആലുവ ജി.എസ്.ബി വൈ രുദ്രവിലാസം ശ്മശാനത്തില്‍ നടക്കും.
ദീര്‍ഘകാലം ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയിലും പിന്നീട് അഖിലേന്ത്യാ ഖജാന്‍ജി, വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ ഏറ്റെടുത്തും പ്രവര്‍ത്തിച്ചിരുന്ന പി.ടി റാവുജി തൊഴിലാളീ പ്രവര്‍ത്തന മേഖലയിലും പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും ആദര്‍ശത്തിന്റെ പ്രതീകമായിരുന്നുവെന്ന് ബി.എം.എസ് അനുശോചിച്ചു.
യൂക്കോ ബാങ്ക് ജീവനക്കാരന് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും സംഘടനാ പ്രവര്‍ത്തനത്തിന്റെ സൗകര്യത്തിനായി അനായസം ലഭിക്കുമായിരുന്ന സ്ഥാനക്കയറ്റവും അതുമൂലം ലഭിക്കുമായിരുന്ന എല്ലാ നേട്ടങ്ങളും പരിത്യജിച്ച വ്യക്തിയായിരുന്നു റാവുജിയെന്ന് ഭാരതീയ മസ്ദൂര്‍ സംഘം അനുശോചിച്ചു. രാപകലില്ലാതെ ജീലകള് തോറും സഞ്ചരിച്ച് കേരളത്തില്‍ ബി.എം.എസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവന അമൂല്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: