ബാങ്കോക്ക്: തായ്ലന്റ് പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി യിഗ്ലക്ക് ഷിനാവാത്രക്ക് ജയം. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റ് പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ് യിഗ്ലക്ക് മറികടന്നത്. ഭരണകക്ഷിയായ ഫിയു തായ് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍ 134നെതിരെ 297 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പരാജയപ്പെട്ടത്. അവിശ്വാസ വോട്ടെടുപ്പില്‍ ജയിക്കാന്‍ യിംഗ്ലക്കിന് 246 വോട്ട് വേണമായിരുന്നു.
രണ്ടര വര്‍ഷം മുമ്പ് നടന്ന പൊതു തെരഞ്ഞെടുപ്പിലൂടെയാണ് യിംഗ്ലക്ക് തായ്ലന്റില് അധികാരത്തിലേറിയത്. ജനവിരുദ്ധ നയങ്ങള്‍ തുടരുന്ന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ സഹോദരനും 2006ല്‍ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട നേതാവുമായ തസ്കിന് ഷിനാവാത്രയാണെന്നും അതിനാല്‍ യിഗ്ലക്ക് സര്‍ക്കാര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഞായറാഴ്ച്ച മുതല്‍ ബാങ്കോംഗില്‍ പ്രതിഷേധ റാലികള്‍ നടത്തുകയാണ്.
കര്‍ഫ്യൂ ഏര്‍പ്പെടുത്തിയും റോഡുകള്‍ അടച്ചും പ്രതിഷേധത്തെ നേരിടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം തായ്ലന്റിലെ നിലവിലെ പ്രതിസന്ധികളിലുള്ള ആശങ്ക യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ അറിയിച്ചു. ഇരുകൂട്ടരും പ്രകോപനപരമായ നടപടികള്‍ അവസാനിപ്പിച്ച് രാജ്യത്തെ നിയമവ്യവസ്ഥയേയും മനുഷ്യാവകാശങ്ങളെയും ബഹുമാനിക്കണമെന്ന് ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: