പാലക്കാട്: ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനാനുമതിയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുന്‍ വ്യവസായമന്ത്രി എളമരം കരീം. ഈ വിഷയത്തില്‍ സത്യം മൂടിവച്ച് തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്ലീനം മുന്പില് കണ്ട് വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുകയാണ്. അത്തരം വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യുന്ന കാലം പാര്‍ട്ടിയില്‍ കഴിഞ്ഞെന്നും എളമരം കരീം വ്യക്തമാക്കി.
2009ല്‍ കേന്ദ്ര ഖനി മന്ത്രാലയമാണ് ഖനനത്തിന് അനുമതി നല്‍കിയത്. ഇടത് സര്‍ക്കാരിന്റെ കാലത്ത് വ്യവസായ വകുപ്പ് സെക്രട്ടറി കത്ത് നല്‍കിയത് നിയമപ്രകാരമാണ്. സര്‍വേയ്ക്ക് അനുകൂലമായി നല്കിയ ആ കത്തിനെയാണ് അനുമതിയായി വ്യാഖ്യാനിക്കുന്നത്. വ്യവസായ സെക്രട്ടറിയായിരുന്ന ടി.ബാലകൃഷ്ണന് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കണം. തെളിവു ലഭിക്കാതെ ആരെയും ശിക്ഷിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ തെറ്റുകാരെ രക്ഷപ്പെടാനും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്. യുഡിഎഫ് കാലത്തെ ഇടപാടുകള്‍ കാണാത്തത് രാഷ്ട്രീയ ലാക്കോടെയാണ്. നിയമവിരുദ്ധമെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ സര്‍വ്വെ അനുമതി നീട്ടിനല്‍കിയത് എന്തിനാണ്? സത്യം മൂടിവെയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എളമരം കരീം കുറ്റപ്പെടുത്തി. കോഴ ആരോപണം ഉന്നയിച്ച സുബൈര്‍ പെണ്‍വാണിഭ കേസിലെ പ്രതിയാണെന്നും എളമരം കരീം ആരോപിച്ചു.
ഖനന അനുമതിക്കായി തന്റെ ബന്ധു നൗഷാദ് കോഴ വാങ്ങിയെന്ന് ആരോപിച്ച ഡ്രൈവര്‍ സുബൈറിനെ നേരിട്ടറിയില്ല. കോണ്‍ഗ്രസ്സുകാരനാണ് അയാള്‍. പെണ്‍വാണിഭ കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് അയാള്‍. അങ്ങനെയുള്ള വ്യക്തി ഉന്നയിക്കുന്ന ആരോപണത്തില്‍ വിശ്വാസ്യതയില്ല. നൗഷാദ് തന്റെ അകന്ന ബന്ധു മാത്രമാണ്. നൗഷാദ് എവിടെയെല്ലാം ഭൂമി വാങ്ങിയിട്ടുണ്ടെന്ന് തനിക്കറിയില്ല. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള കുടുംബാത്തിലെ അംഗമാണ് നൗഷാദ്. വിവാഹം കഴിച്ചതും സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തില്‍ നിന്നാണ്. ഓസ്ട്രേലിയയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിട്ടുമുണ്ട്. ഇതില്‍ കൂടുതല്‍ നൗഷാദിന്റെ സാമ്പത്തിക നിലയെ കുറിച്ച് തനിക്കറിയില്ല.
നൗഷാദും സുബൈറും തമ്മില്‍ പണമിടപാടുണ്ട്. പക പോക്കാനാണ് സുബൈര്‍ ആരോപണം ഉന്നയിക്കുന്നത്. നൗഷാദ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: