ന്യൂദല്‍ഹി: സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്ക്കെതിരായി നിരന്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ തികച്ചും വ്യത്യസ്തമായ നിലപാട് സ്വീകരിക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഇന്ത്യയില്‍ ഇതാദ്യമായി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഫേസ്ബുക്കിലും, ട്വിറ്ററിലും പോസ്റ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളാണ് ഫേസ്ബുക്കിലും, ട്വിറ്ററിലും പോസ്റ്റ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വന്തം സൈറ്റുകളിലായിരിക്കും ഫലങ്ങള്‍ ഇടുക. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് സ്ഥാനാര്‍ത്ഥികളുടെയും, പാര്‍ട്ടിയുടേയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ആദ്യം മുതല്‍ അവസാനം വരെ അറിയാന്‍ കഴിയും.
തെരഞ്ഞെടുപ്പ് കമ്മീഷന് ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതിന് മുമ്പ് നല്‍കിയിട്ടില്ല. മറ്റ് സര്‍ക്കാര്‍ സംഘടനകളുടെ സൈറ്റുകളില്‍ നിന്നും വ്യത്യസ്തമായി ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും സൈറ്റില്‍ നിന്നും ലഭ്യമാകും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നീ കമ്പനികളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: