ടോക്കിയോ: ചൈന വ്യോമ പ്രതിരോധ മേഖലയായി പ്രഖ്യാപിച്ച തര്‍ക്ക ദ്വീപുകള്‍ക്കു മുകളിലൂടെ അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ നിരീക്ഷണ പറക്കല്‍ നടത്തി. യുഎസ് വ്യോമസേനയുടെ ബോംബര്‍ വിമാനമായ ബി-52 ആണ് കിഴക്കന്‍ ചൈനാ സമുദ്രത്തിലെ ചൈനീസ് വ്യോമാതിര്‍ത്തി ലംഘിച്ചത്.
ഇതിലൂടെ കടന്നുപോകുന്ന വിമാനങ്ങള്‍ ചൈനീസ് അധികൃതര്‍ക്ക് റിപ്പോര്‍ട്ടു നല്‍കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ ചൈനക്ക് അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. ഉടമസ്ഥാവകാശത്തിന്റെ പേരില്‍ ജപ്പാനും ചൈനയും തര്‍ക്കമുന്നയിക്കുന്ന ദ്വീപുകള്‍ രണ്ടു ദിവസം മുമ്പാണ് വ്യോമ പ്രതിരോധ മേഖലയായി ചൈന പ്രഖ്യാപിച്ചത്. തുടര്‍ന്ന് പ്രശ്നത്തില്‍ ജപ്പാന് പിന്തുണയുമായി അമേരിക്ക രംഗത്തുവന്നതോടെ പ്രശ്നം രാജ്യാന്തര തലത്തില്‍ ചര്‍ച്ചാ വിഷയമായി. തങ്ങളുടെ സുഹൃദ് രാഷ്ട്രമായ ജപ്പാന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അമേരിക്ക മുന്നിട്ടിറങ്ങുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഞായറാഴ്ച്ച മുന്നറിയിപ്പു നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പ്രകോപനമുണ്ടാക്കും വിധം അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ചൈനീസ് വ്യോമാതിര്‍ത്തി ലംഘിച്ച് പറന്നത്.
അതേസമയം, സൈനിക അഭ്യാസത്തിന്റെ ഭാഗമായാണ് തങ്ങളുടെ യുദ്ധ വിമാനങ്ങള്‍ നീരീക്ഷണ പറക്കല്‍ നടത്തിയതെന്ന് യു.എസ് പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. കിഴക്കന്‍ ചൈനീസ് കടലില്‍ ജപ്പാന്‍കാര്‍ സെന്‍കാകുവെന്നും ചൈനക്കാര്‍ ദിയാവുവെന്നും വിളിക്കുന്ന ദ്വീപസമൂഹത്തെ ചൊല്ലിയാണ് വിവാദം. ദ്വീപ് തങ്ങളുടേതാണെന്നാണ് ജപ്പാന്റെ വാദം. തായ്വാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ അവകാശ വാദം ഉന്നയിക്കുന്ന സ്ഥലങ്ങളും ഉള്‍പ്പെടുന്നതിനാല്‍ ചൈനയുടെ നീക്കത്തിനെതിരെ ഈ രാഷ്ട്രങ്ങളും രംഗത്തെത്തിയിരുന്നു.
ചൈനയ്ക്കും ജപ്പാനും പുറമെ, തയ്വാനും ഇതു തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നുണ്ട്. ജനവാസമില്ലാത്തതാണെങ്കിലും ദ്വീപിന് സമീപം വലിയ മത്സ്യസമ്പത്തും വാതക നിക്ഷേപവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: