കൊച്ചി: വിമാനത്താവളങ്ങള്‍ വഴിയുള്ള അനധികൃത സ്വര്‍ണ്ണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വഴിമുട്ടുന്നു. സ്വര്‍ണ്ണക്കടത്തിനു പിന്നില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിലെ ഉന്നതന്മാര് പലരും ഉള്‍പ്പെട്ടിട്ടുള്ളതായി വ്യക്തമായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണം നടത്താനാകാത്ത അവസ്ഥയിലാണ് അന്വേഷണ ഏജന്‍സി. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ എയര്‍ പോര്‍ട്ടുകളില്‍ നടന്ന വന്‍ സ്വര്ണ്ണവേട്ടക്കു പിന്നാലെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. സ്വര്‍ണ്ണം കടത്താന്ശ്രമിക്കുന്നതിനിടെ പിടിയിലായ ചില കാരിയര്‍മാരും താഴെത്തട്ടിലുള്ള കസ്റ്റംസ് ജീവനക്കാരും മാത്രമാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്.
കോടിക്കണക്കിന് വിലവരുന്ന കള്ളക്കടത്ത് സ്വര്‍ണ്ണം കടത്തുന്നതിനു പിന്നിലുള്ള വന്‍തോക്കുകളെ തൊടാനാകാത്ത അവസ്ഥയിലാണ് സിബിഐ. യഥാര്‍ത്ഥത്തില്‍ നടക്കുന്ന കള്ളക്കടത്തിന്റെ നൂറിലൊരംശം മാത്രമാണ് പിടിയിലാകുന്നതെന്നും ഇത് വാര്‍ത്തയാകുമ്പോള്‍ ഇതിന്റെ നൂറുമടങ്ങ് കള്ളക്കടത്ത് മറുഭാഗത്ത് നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കേസില്‍ പിടിയിലായ ഫായിസില്‍ നിന്ന് ഒട്ടേറെ വിവരങ്ങള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഈ ദിശയില്‍ അന്വേഷണമൊന്നും നടന്നിട്ടില്ല. സംസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഒന്നിലേറെ മന്ത്രിമാര്‍ക്കും ചില ഉന്നത നേതാക്കള്‍ക്കും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സിബിഐ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഭരണസ്വാധീനമുപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഫായിസിനു പുറമെ പിടിയിലായ ഷഹബാസിനും ഈ പാര്‍ട്ടി നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളത്. പക്ഷേ ഇതെക്കുറിച്ചൊന്നും അന്വേഷമം നടത്താന്‍ സിബിഐ സംഘത്തിനാകുന്നില്ല.
കസ്റ്റംസിലെയും റവന്യു ഇന്റലിജന്‍സിലെയും ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹായവും ഒത്താശയും സ്വര്‍ണ്ണക്കടത്തു സംഘത്തിനു ലഭിക്കുന്നതായി സിബിഐക്കു വിവരമുണ്ട്. ഡിആര്‍ഐയുടെ തലപ്പത്തുള്ള മലയാളിയായ ഉദ്യോഗസ്ഥനെക്കുറിച്ച് സിബിഐ സംഘത്തിന് തെളിവുകള്‍ ലഭിച്ചതായാണ് സൂചന. എന്നാല്‍ കേന്ദ്രമന്ത്രിസഭയിലെ ചില ഉന്നതരടക്കം പലരുമായും ഇയാള്‍ക്കുളള ബന്ധമാണ് അന്വേഷണത്തിനു തടസ്സമാകുന്നത്. ഒരു കേന്ദ്ര മന്ത്രിയുമായി വളരെ അടുത്ത ബന്ധമാണ് ഇയാള്‍ക്കുള്ളത്. സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളിലും കസ്റ്റംസിലും റവന്യൂ ഇന്റലിജന്‍സിലുമായി ഇയാള്‍ക്ക് വേണ്ടപ്പെട്ടവരുണ്ടെന്നും ഇവര്‍ വഴിയാണ് സ്വര്‍ണ്ണക്കടത്ത് സംഘത്തിന് വേണ്ട സഹായം ലഭിക്കുന്നതെന്നുമാണ് വിവരം. മാറാട് കൂട്ടക്കൊലക്ക് സാമ്പത്തിക സഹായം നല്‍കിയതടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായ എഫ് എം എന്ന പേരിലറിയപ്പെടുന്ന ഹിലാല്‍ മുഹമ്മദുമായി ഈ ഉദ്യോഗസ്ഥന് അടുത്ത ബന്ധമുള്ളതായും വിവരമുണ്ട്. ഹിലാല്‍ മുഹമ്മദാണ് സ്വര്‍ണ്ണക്കടത്തിന്റെ ചുക്കാന്‍ പിടിക്കുന്ന പ്രധാനികളിലൊരാള്‍ എന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ ദിശയിലൊന്നും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് സിബിഐ. ദല്‍ഹിയിലുള്ള ഈ ഉന്നതോദ്യോഗസ്ഥനെ ചോദ്യം ചെയ്യാന്‍ പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സിബിഐക്കാകില്ല. താഴെത്തട്ടിലുള്ള ചില കസ്റ്റംസ് ഉദ്യോഗസ്ഥരിലും കാരിയര്മരിലും മാത്രമായി അന്വേഷണം ഒതുക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഗല്ഫില് നിന്ന് വരുന്നവര്‍ കൂടുതലായി നിരീക്ഷിക്കപ്പെടുന്നതു കൊണ്ടാണ് ശ്രീലങ്കന്‍ സ്വദേശികളെയും മറ്റും ഇതിനായി നിയോഗിക്കുന്നത്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: