ഇപ്പോള്‍ വാര്‍ത്തകളിലെ വില്ലന്‍ തെഹല്‍ക ചീഫ് എഡിറ്ററായിരുന്ന തരുണ്‍ തേജ്പാലാണ്. സ്ത്രീസുരക്ഷക്ക് വേണ്ടി വാദിച്ചിരുന്ന, അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ ഒളിക്യാമറ ഉപയോഗിച്ച് പുതിയ മാനങ്ങള്‍ സൃഷ്ടിച്ച ഹീറോയാണ് ലൈംഗികാസക്തിക്ക് വശംവദനായി തന്റെ സഹപ്രവര്‍ത്തകയും സുഹൃത്തിന്റെ മകളുമായ പെണ്‍കുട്ടിയെ ലിഫ്റ്റില്‍വെച്ച് ലൈംഗികാക്രമണത്തിന് വിധേയയാക്കാന്‍ ശ്രമിച്ചത്.
തേജ്പാലിന്റെ ഈ സദാചാര ലംഘനം യഥാര്‍ത്ഥത്തില്‍ അച്ചടിമാധ്യമങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുത്ത കളങ്കം കൂടിയാണ്. മുപ്പത് കൊല്ലത്തോളം റിപ്പോര്‍ട്ടിംഗ് ചെയ്തിരുന്ന ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസിന്റെ കോട്ടയം ലേഖികയായിരുന്നപ്പോള്‍ കോട്ടയത്തെ ഏക വനിതാ റിപ്പോര്‍ട്ടര്‍ ആയിരുന്നു. കേരളത്തിലെ ആദ്യ വനിതാ റിപ്പോര്‍ട്ടര്‍. ഞാന്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിരുന്നത് പുരുഷ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ്. പക്ഷെ എനിക്ക് ഒരിക്കലും വാക്കുകൊണ്ടോ നോട്ടംകൊണ്ടോ പെരുമാറ്റം കൊണ്ടോ ഒരു അവഹേളനവും അവരില്‍നിന്ന് നേരിടേണ്ടിവന്നിട്ടില്ല. അവരില്‍ ചിലര്‍ മദ്യപിച്ചിരുന്നെങ്കിലും ഒരിക്കലും മാന്യത കൈവിട്ടില്ല. അവര്‍ എന്നെ “ടവല ശെ വേല വല മാീിഴ ൗെ” എന്നാണ് പറഞ്ഞിരുന്നത്. അച്ചടി മാധ്യമരംഗത്തുനിന്നും ഒരു പീഡനവാര്‍ത്തകളും ഞാന്‍ കേട്ടിട്ടില്ല.
തരുണ്‍ തേജ്പാല്‍ ഈ ചരിത്രം മാറ്റിക്കുറിയ്ക്കുകയാണ്. സൗഹൃദം പരസ്പരം സമ്മതത്തോടെയുള്ള ലൈംഗികക്ഷണമായി കണ്ട് അയാള്‍ ലിഫ്റ്റില്‍ പെണ്‍കുട്ടിയെ ആക്രമിച്ചശേഷം പറഞ്ഞത് പരസ്പര സമ്മതത്തോടെയുള്ള പ്രവൃത്തിയാണിതെന്ന് താന്‍ ധരിച്ചുപോയി എന്നാണ്. സഹപ്രവര്‍ത്തകയും തന്റെ അധികാരത്തിന് കീഴില്‍ ജോലിചെയ്യുന്നവളും അച്ഛന്റെ സുഹൃത്തുമായ തേജ്പാലിനോട് പെണ്‍കുട്ടിക്ക് തോന്നിയ ആദരം കലര്‍ന്ന അടുപ്പമാണ് ലൈംഗിക ക്ഷണമായി വ്യാഖ്യാനിക്കപ്പെട്ടത്.
തരുണ്‍ തേജ്പാലിന്റെ സദാചാരലംഘനം ഇന്ന് ഇന്ത്യാ മഹാരാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന വളരെ ഗുരുതരമായ ഒരു പ്രതിസന്ധിയുടെ പ്രതീകമാണ്.ഇപ്പോള്‍ തരുണ്‍ തേജ്പാല്‍ തന്റെ അപ്പീലില്‍ പറയുന്നത് താന്‍ നേരമ്പോക്കായി പറഞ്ഞത് പെണ്‍കുട്ടി തെറ്റായി വ്യാഖ്യാനിക്കുകയും ഗൂഢലക്ഷ്യത്തോടുകൂടി തന്റെ പേരില്‍ കേസ് കൊടുക്കുകയുമാണ് ചെയ്തതെന്നാണ്. പക്ഷെ നേരമ്പോക്കായിരുന്നെങ്കില്‍ എന്തിന് തേജ്പാല്‍ ക്ഷമാപണ സ്വരത്തിലുള്ള മെയില്‍ പെണ്കുട്ടിക്കയച്ചു. തേജ്പാലിന്റെ മറ്റൊരാരോപണം പെണ്‍കുട്ടി രണ്ട് രാത്രികളിലും പാര്‍ട്ടിയില്‍ വളരെ സജീവമായിരുന്നു എന്നാണ്. ആക്രമണ വിധേയായവള് ആഘോഷത്തില്‍ പങ്കുചേരുമോ എന്ന ധ്വനി. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ഇലക്കുതന്നെ കേട് എന്ന പഴഞ്ചൊല്ല് സാധൂകരിക്കുന്നതാണ് ഈ സംഭവം.
സ്ത്രീകളെ ഇരകള്‍ എന്നു മാത്രം വിശേഷിപ്പിക്കപ്പെടുന്ന കാലഘട്ടം വിദൂരമല്ലെന്നാണ് കേരളത്തിലെ പല സംഭവങ്ങളും തെളിയിക്കുന്നത്. വൈറ്റില ഹബ്ബില്‍ പദ്മിനി എന്ന ട്രാഫിക് കോണ്‍സ്റ്റബിളിനെ അപമര്യാദയായി കയ്യേറ്റംചെയ്ത കാര്‍ ഉടമയും അത് സ്ഥിരീകരിക്കുന്നു. കാര്‍ ഡ്രൈവ് ചെയ്തിരുന്ന ആള് പദ്മിനിയുടെ ദേഹത്ത് പിടിയ്ക്കുന്നത് കണ്ട ദൃക്സാക്ഷികള്‍ ഉണ്ട്. അയാളുടെ ശാരീരികാക്രമണത്തില്‍ കടുത്ത വേദന അനുഭവിച്ച പദ്മിനിക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടിയും വന്നിരുന്നു.
എന്നാല്‍ ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളായ പദ്മിനി ആദ്യം സൗത്ത് സ്റ്റേഷനിലും പിന്നീട് ഡെപ്യൂട്ടി കമ്മീഷണര്‍ക്കും ഇപ്പോള്‍ പോലീസ് ഐജിക്കും പരാതി നല്‍കിയിട്ടും പദ്മിനിക്ക് നീതി കിട്ടുന്നില്ലെന്ന് മാത്രമല്ല പരാതിപ്പെട്ടതിന്റെ പേരില്‍ സഹപ്രവര്‍ത്തകരായ പോലീസുകാരില്‍നിന്ന് മാനസിക പീഡനം ഏല്‍ക്കേണ്ടിയും വരുന്നു. പോലീസ് അന്വേഷിക്കുന്നത് അക്രമിയെ കണ്ടുപിടിക്കാനല്ല, അവര്‍ ശ്രമിക്കുന്നത് അയാളെ അറസ്റ്റ് ചെയ്യാനല്ല, മറിച്ച് പദ്മിനിയുടെ ടെലിഫോണ്‍ ടാപ്ചെയ്ത് ആ കോള്‍ വിളിച്ചയാളെ തിരിച്ചുവിളിച്ച് പദ്മിനിയുമായി എന്ത് ബന്ധം എന്നന്വേഷിക്കുകയും അയാളോട് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെടുകയുമാണെന്ന് പദ്മിനി ആരോപിക്കുന്നു.
“ഈ പ്രതിസന്ധിയില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാന്‍ സുഹൃത്തുക്കളുമായി ബന്ധപ്പെടുകയാണ് ഞാന്‍. ഞാനുമായി ടെലിഫോണ്ബന്ധത്തിലേര്പ്പെടുന്നവരെ സ്റ്റേഷനില്‍ വിളിപ്പിച്ച് പരിചയവും ബന്ധവും അന്വേഷിക്കുന്നതിനാല്‍ എനിക്ക് സഹായത്തിന് പോലും ആരെയും വിളിക്കാന്‍ സാധ്യമല്ല. എന്നുമാത്രമല്ല സ്റ്റേഷനിലേക്കുള്ള സമന്‍സ് പേടിച്ച് ആരും ഇപ്പോള്‍ എന്നെ വിളിക്കുന്നുപോലുമില്ല,” നിറകണ്ണുകളോടെ പദ്മിനി പറഞ്ഞു.
കേരളത്തില്‍ സ്ത്രീകള്‍ അക്രമവിധേയരായാല് അത് അവര്‍ ക്ഷണിച്ചുവരുത്തുന്നതാണെന്നും അതിന് ഒരു കാരണം അവരുടെ വസ്ത്രധാരണ രീതിയാണെന്നുമാണല്ലോ പുരുഷന്മാരുടെ കണ്ടുപിടിത്തം. പക്ഷെ പോലീസ് യൂണിഫോമില്‍ ദേഹമാസകലം മൂടിനിന്നിരുന്ന പദ്മിനി എന്ത് ലൈംഗിക പ്രചോദനം നല്‍കിയതിനാലാണ് ആക്രമിക്കപ്പെട്ടത്? ഞാന്‍ എപ്പോഴും പറയാറ് മലയാളി പുരുഷന്മാരുടെ കണ്ണില്‍ സ്ത്രീ വെറും ശരീരമാണെന്നും പര്‍ദ ധരിച്ചാലും കന്യാസ്ത്രീകളുടെ ഉടുപ്പിട്ടാലും അവരുടെ കണ്ണില്‍ അവള് സ്ത്രീ മാത്രമായിരിക്കും എന്നാണ്. യൂണിഫോം ധരിച്ച സ്ത്രീകള്‍ സുരക്ഷിതരാണെന്നുള്ള എന്റെ ധാരണ തിരുത്തപ്പെട്ടിരിക്കുകയാണ്.
പോലീസ് പറയുന്നത് പ്രതി ആലപ്പുഴയിലുണ്ടെന്നും സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചുതാമസിക്കുകയുമാണെന്നാണ്. ഇത്രയും വിവരങ്ങള്‍ കൈവശമുള്ള പോലീസ് എന്തുകൊണ്ട് അയാളെ കസ്റ്റഡിയിലെടുത്തില്ല എന്ന സംശയം സ്വാഭാവികം. അതിന് പകരം പദ്മിനിയെ എങ്ങനെ മാനസികമായി പീഡിപ്പിച്ച് പിന്തിരിപ്പിക്കാമെന്നാണ് അവരുടെ ആലോചന. പ്രതി പണക്കാരനായതിനാല്‍ പ്രതിയുടെ സാമ്പത്തിക പ്രലോഭനമാണോ സഹപ്രവര്‍ത്തകയുടെ നേരെയുള്ള ആക്രമണം കണ്ടില്ലെന്ന് നടിക്കാനും അന്വേഷണം മുന്നോട്ടുപോകാതിരിക്കുന്നതിനും പദ്മിനിക്ക് നീതി കിട്ടാത്തതിനും കാരണം?
അല്ലെങ്കിലും കേരളത്തില്‍ സ്ത്രീകള്ക്കെവിടെ നീതി? പെണ്‍കുട്ടികള്‍ക്കുപോലും സുരക്ഷിതത്വമില്ലാത്ത നാടാണിത്. പെണ്‍കുട്ടികളെ സെക്സ് റാക്കറ്റുകളില്പ്പെടുത്തി പണം കൊയ്യാനാണ് പെണ്‍വാണിഭ മാഫിയ കേരളത്തില്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. പന്തിരിക്കര സെക്സ് റാക്കറ്റ് വെളിച്ചത്ത് കൊണ്ടുവന്നത് മലബാര്‍ മേഖലയിലാകെ പടര്‍ന്നുകിടക്കുന്ന വന്‍ പെണ്‍വാണിഭ റാക്കറ്റാണ്. സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കെണിയിലാക്കി സെക്സ് റാക്കറ്റിന് കൈമാറുന്ന സംഘം പ്രവര്‍ത്തിക്കുന്നത് പെരുവണ്ണാമൂഴിക്കടുത്തുള്ള പന്തിരിക്കര കേന്ദ്രീകരിച്ചാണ്.
റാക്കറ്റില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തുകഴിഞ്ഞു. ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. പന്തിരിക്കരയിലും പെരിങ്ങത്തൂരിലും നടന്ന ആത്മഹത്യകള്‍ക്ക് പുറമെ പയ്യോളി, അത്തോളി മുതലായ സ്ഥലങ്ങളിലും ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടിയാണ് സെക്സ് റാക്കറ്റിന്റെ വിവരങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. നിഷ്കളങ്കരായ സ്കൂള്‍ വിദ്യാര്‍ത്ഥികളെ കെണിയില്‍പ്പെടുത്തിയാണ് പെണ്‍വാണിഭ സംഘങ്ങള്‍ ഇവിടെ കൊഴുക്കുന്നത്. നിര്‍ഭാഗ്യമെന്ന് പറയട്ടെ ‘പ്രേമം’ എന്ന രണ്ട് വാക്ക് അവര്‍ക്ക് ലഹരിയാണെങ്കിലും തങ്ങള്‍ ചതിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന അവബോധമില്ലായ്മ അവരെ കുരുക്കില്പ്പെടുത്തുന്നു. ശാരീരികപീഡനങ്ങളും മാനസിക പീഡനങ്ങളും ഏറ്റുവാങ്ങുന്ന പെണ്‍കുട്ടികളുടെ കുടുംബങ്ങളും മാനസിക സംഘര്ഷത്തിനടിപ്പെടുന്നു.
ഈ കേസിലും പദ്മിനിയുടെ കേസിനോട് കാണിക്കുന്ന അതേ അലംഭാവമാണ് പോലീസ് കാണിക്കുന്നത്. പീഡനത്തിനിരയായവര്‍ കുറ്റവാളികളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നവരെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കുറ്റവിമുക്തരാക്കുകയാണ് പോലീസ് അധികൃതര്‍. തത്കാല്‍ പാസ്പോര്ട്ടില് അവര്‍ വിദേശത്തേക്ക് കടക്കുന്നതും അറിഞ്ഞില്ലെന്ന് നടിക്കുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യാശ്രമത്തില്‍നിന്ന് രക്ഷിക്കപ്പെട്ട് തിരിച്ചുവന്നാണ് പന്തിരിക്കരയിലെ സ്കൂള്‍ കേന്ദ്രീകരിച്ചുള്ള റാക്കറ്റിനെപ്പറ്റി പുറംലോകത്തെ അറിയിച്ചത്. പ്രണയം നടിച്ച് വശീകരിച്ച് ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയായിരുന്ന സെക്സ് റാക്കറ്റിന് കൈമാറുന്നത്.
കേസന്വേഷണം ശക്തമായി തുടരുന്നുവെന്ന് ആഭ്യന്തരമന്ത്രി പ്രസ്താവിക്കുമ്പോഴും ദുരൂഹതകള്‍ തുടരുന്നു. കഴിഞ്ഞ ആഗസ്റ്റ് 17 നാണ് സാഹ്ല എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. രണ്ടാമത്തെ ആത്മഹത്യാശ്രമം നടന്നപ്പോള്‍ സാഹ്ലയുടെ പിതാവായ നിര്‍ധന കര്‍ഷകനാണ് പോലീസില്‍ പരാതി നല്കിയതും അത് ചുവപ്പുനാടയില്‍ കുടുങ്ങിയതും. പക്ഷെ മുസ്ലീംലീഗിന്റെ സ്വാധീനമാണ് കേസ് ഒതുക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നതത്രെ. ഇവിടെ രൂപീകരിച്ച സര്‍വ്വകക്ഷി ആക്ഷന്‍ കമ്മറ്റി പോലും ഒടുവില്‍ പിരിച്ചുവിടപ്പെട്ടു.
പന്തിരിക്കരകള് കേരളത്തില്‍ സുലഭമാകുകയാണ്. എന്തുകൊണ്ട് പെണ്‍കുട്ടികള്‍ പ്രണയം നടിക്കുന്നവരെ വിശ്വസിച്ച് ഫോട്ടോക്കും മറ്റും പോസ് ചെയ്യുന്നു എന്നത് ഒരു പ്രഹേളികയാണ്. ഈ സൈബര്‍ യുഗത്തിലും പെണ്‍കുട്ടികള്‍ വഞ്ചിക്കപ്പെടുന്ന വാര്‍ത്ത നിരന്തരം നെറ്റിലും മാധ്യമങ്ങളിലും വന്നിട്ടും എംബിബിഎസുകാരി ഓട്ടോറിക്ഷാ ഡ്രൈവറെ പ്രേമിച്ച് മതംമാറുന്നതിന് വരെ തയ്യാറാകുന്നു എന്ന വസ്തുത അവിശ്വസനീയമാണ്.
പെണ്‍കുട്ടികളെ വളര്‍ത്തുമ്പോള്‍ വിവാഹമാണ് അവരുടെ ജീവിതലക്ഷ്യമെന്ന അവബോധം മാതാപിതാക്കള്‍ കുത്തിവയ്ക്കരുത്. പെണ്‍കുട്ടികളും ലോകസമ്പത്താണ്, സമൂഹത്തിന് സംഭാവന നല്കാന് കെല്‍പ്പുള്ളവരാണ്. സ്വന്തം ശക്തിയെയും കഴിവുകളെയും തിരിച്ചറിയാനും ലക്ഷ്യം മഹത്തരമാക്കാനുമാണ് രക്ഷിതാക്കളും സ്കൂള്‍ അധികൃതരും ശ്രദ്ധിക്കേണ്ടത്.
e-mail: [email protected]
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: