ജോധ്പൂര്‍: തെരഞ്ഞെടുപ്പിന് ആറു ദിവസം മാത്രം ബാക്കി നില്‍ക്കേ പ്രചാരണ വിഷയങ്ങളിലെ ദാരിദ്ര്യം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നുവെന്ന് വ്യക്തം. അഞ്ചുവര്‍ഷത്തെ ഭരണ പരാജയവും മന്ത്രിമാരുടെ ലൈംഗിക പീഡനക്കേസുകളും കൊലപാതകക്കേസുകളും ഉയര്‍ത്തിക്കാട്ടി ബിജെപി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍പ്പെട്ട് ഉഴലുകയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. അശോക് ഗെലോട്ടിന്റെ ജനസമ്മിതിയെ മാത്രം ആശ്രയിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന കോണ്‍ഗ്രസിനു ബിജെപി ഉയര്‍ത്തുന്ന വിഷയങ്ങള്‍ക്ക് മറുപടി നല്കാനാവുന്നില്ല.
അഞ്ചുവര്‍ഷത്തെ ഗെലോട്ട് ഭരണത്തില്‍ അഞ്ചു മന്ത്രിമാരാണ് വിവിധ പ്രശ്നങ്ങളുടെ പേരില്‍ പുറത്തു പോകേണ്ടി വന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ നേഴ്സായിരുന്ന ഭന്‍വാരി ദേവി കൊലപാതക കേസിന്റെ പശ്ചാത്തലത്തില്‍ രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് ക്യാബിനറ്റ് മന്ത്രിയായിരുന്ന മഹിപാല്‍ മദേര്നയേയും എംഎല്‍എ മല്‍ഖാന്‍സിങ് ബിഷ്ണോയിയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും പിന്നീട് തല്‍സ്ഥാനങ്ങള്‍ രാജിവയ്ക്കേണ്ടിയും വന്നു. ലൈംഗികമായി പീഡിപ്പിച്ച ശേഷം മന്ത്രിയും എംഎല്‍എയും ചേര്‍ന്ന് ഭന്‍വാരിദേവിയെ കൊലപ്പെടുത്തുകയായിരുന്നു. സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 27 അംഗ മന്ത്രിസഭയെ ഗെലോട്ട് രാജിവയ്പ്പിക്കുകയും ആറുപേരെ മാറ്റി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയും ചെയ്തു. വിവിധ വിവാദങ്ങളില്‍പ്പെട്ട വിദ്യാഭ്യാസമന്ത്രി ഭന്‍വര്‍ലാല്‍ മേഘ്വാള്, ഗതാഗതമന്ത്രി ഭരോസിലാല് ജാദവ്, പിഡബ്ല്യൂഡി മന്ത്രി പ്രമോദി ജെയിന് ഭയ്യ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടമായി. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിച്ചെങ്കിലും നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചു പിടിക്കാന്‍ ഗെലോട്ടിനായില്ല.
ഇതിനുപുറമേയാണ് ഇലക്ഷനു കേവലം രണ്ടു മാസങ്ങള്‍ മാത്രം അവശേഷിക്കേ സപ്തംബര്‍ 18ന് ഭക്ഷ്യമന്ത്രി ബാബുലാല്‍ നഗറിന് രാജിവയ്ക്കേണ്ടി വന്ന സംഭവം. ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന 26കാരിയായ യുവതിയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തിനു രാജിവയ്ക്കേണ്ടിവന്നു. ഇതിനും ഒരു മാസം മുമ്പ് അഴിമതി ആരോപണങ്ങളേ തുടര്‍ന്ന് റവന്യൂമന്ത്രി ഹേമറാം ചൗധരി രാജിവച്ചിരുന്നു. എണ്ണ ഖാനനം ചെയ്യുന്ന സ്ഥലം മാറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു റവന്യൂമന്ത്രിക്ക് കസേര നഷ്ടമായത്. പ്രതിപക്ഷമായ ബിജെപിയുടെ ശക്തമായ ഇടപെടലുകള്‍കൊണ്ടാണ് മന്ത്രിമാര്‍ക്കെല്ലാം സ്ഥാനം നഷ്ടമായതെന്നുംആരോപണ വിധേയരായവരെ രക്ഷിക്കാന്‍ ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി ശ്രമിച്ചെന്നുമാണ് ബിജെപിയുടെ ആരോപണം.
അടുത്തിടെ പുറത്തിറങ്ങിയ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ രാജസ്ഥാന്റെ വളര്‍ച്ചാ നിരക്ക് കേവലം അഞ്ചു ശതമാനമായി കുറഞ്ഞതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ബിജെപി ഗെലോട്ട് സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഏറ്റവും പിന്നോക്ക സംസ്ഥാനമായ ബീഹാര്‍ പോലും 15 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ചപ്പോഴാണ് രാജസ്ഥാന്റെ വളര്‍ച്ച അഞ്ചു ശതമാനത്തില്‍ ഒതുങ്ങിയതെന്ന് ബിജെപി രാജ്യസഭാംഗം ഭൂപേന്ദ്ര യാദവ് പറയുന്നു. വികസനം എന്നു പറയുന്നതല്ലാതെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രയോജനകരമായ യാതൊന്നും നടപ്പാക്കാന്‍ ഗെലോട്ട് സര്‍ക്കാരിനായിട്ടില്ലെന്നും ഭൂപേന്ദ്ര യാദവ് കൂട്ടിച്ചേര്‍ത്തു.
2008ലെ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശരാശരിയില്‍ കേവലം രണ്ടു ശതമാനത്തിന്റെ വത്യാസം മാത്രമായിരുന്നു കോണ്‍ഗ്രസും ബിജെപിയും തമ്മിലുണ്ടായിരുന്നത്. 36.82% വോട്ടോടെ കോണ്‍ഗ്രസ് 96 സീറ്റുകള്‍ നേടിയപ്പോള്‍ 34.27% വോട്ടുനേടി 79 സീറ്റുകള്‍ ബിജെപി കരസ്ഥമാക്കിയിരുന്നു. നേരിയ വത്യാസത്തില്‍ നഷ്ടമായ ഭരണം തിരിച്ചു പിടിക്കുകയാണ് ബിജെപിയുടേയും മറ്റു പരിവാര്‍ സംഘടനകളുടേയും പ്രധാന ലക്ഷ്യമെന്ന് സംസ്ഥാനത്തെ ബിജെപി നേതൃത്വം പറയുന്നു. കോണ്‍ഗ്രസിലെ അഴിമതിക്കഥകളും ലൈംഗികാതിക്രമ വിഷയങ്ങളും ജനങ്ങള്‍ അവര്‍ക്കെതിരെ തിരിയാന്‍ കാരണമായിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ ബിജെപി സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: