ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സിബിഐയും കേന്ദ്ര സര്‍ക്കാരും തമ്മിലെ ബന്ധം കൂടുതല്‍ സങ്കീര്‍ണമാകുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ തുടര്‍ വിമര്‍ശനങ്ങള്‍ക്കു വിധേയമായ സിബിഐ ഒടുവില്‍ തിരിച്ചടിച്ചു. ദൈനംദിന പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്റെ ഇടപെടല്‍ നീതിയുക്തമായ കേസന്വേഷണത്തെ ബാധിക്കുന്നുവെന്ന് സിബിഐ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സാമ്പത്തികവും ഭരണപരവുമായ സ്വയംനിയന്ത്രണാധികാരം നല്‍കാത്ത കേന്ദ്ര നിലപാടിനെയും സത്യവാങ്മൂലത്തില്‍ സിബിഐ രൂക്ഷമായി വിമര്‍ശിച്ചു. സിബിഐ ഡയറക്ടര്‍ക്ക് വകുപ്പ് സെക്രട്ടറിയുടെ അധികപദവി നല്‍കണമെന്ന ആവശ്യം തള്ളിയതിനെതിരെയും സിബിഐ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ ശത്രുക്കളോട് പകവീട്ടാന്‍ യുപിഎ സര്‍ക്കാര്‍ സിബിഐയെ ആയുധമാക്കുന്നെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ വിവരങ്ങള്‍ക്ക് അതിപ്രാധാന്യമുണ്ട്.
ഉദ്യോഗസ്ഥതലത്തിലെ സൂഷ്മ പരിശോധനകളുടെ ബാഹുല്യം അന്വേഷണ സംഘത്തിന് പ്രതിബന്ധം തീര്‍ക്കുന്നു. ശരിയായ ദിശയിലെ കേസന്വേഷണത്തെയും കുറ്റം ചാര്ത്തലിനെയും ഉദ്യോഗസ്ഥരുടെ അനാവശ്യ കൈകടത്തലുകള്‍ ആത്യന്തികമായി ബാധിക്കുന്നു. ഡയറക്റ്റര്‍ക്ക് അധികപദവി നല്‍കണമെന്ന ആവശ്യം ന്യായമാണ്. അണ്ടര്‍ സെക്രട്ടി, വകുപ്പ് ഡയറക്റ്റര്‍, ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, സെക്രട്ടറി തുടങ്ങിയവരെ കാര്യങ്ങള്‍ അറിയിക്കണമെന്ന ദുര്‍ഘട ദൗത്യം ഒഴിവാക്കി ഡയറക്റ്റര്‍ക്ക് വകുപ്പ് മന്ത്രിയെ നേരിട്ട് വിവരങ്ങള്‍ ബോധിപ്പിക്കാന്‍ സാധിക്കണം, സിബിഐ പറഞ്ഞു.
ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വളരെ മോശമാണ്. സിബിഐ ഡയറക്റ്റര്‍ക്ക് ലാപ്ടോപ് നല്കാന് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് 100 ദിവസങ്ങളെടുത്തു. സ്കൂള്‍ കുട്ടികള്‍ക്കു പോലും ലാപ് നല്കുന്ന ഇക്കാലത്ത് ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയുടെ തലവന്റെ ആവശ്യത്തിന്മേല് തീരുമാനമെടുക്കാന്‍ ഏറെ സമയംവേണ്ടിവന്നു. അപേക്ഷ സമര്‍പ്പിച്ച് മൂന്നു വര്ഷങ്ങളള്ക്കുശേഷമായിരുന്നു ഡയറക്റ്ററുടെ മൊബെയില്‍ ഫോണിന് അംഗീകാരം നല്‍കിയത്
ഡയറക്റ്ററുടെ അധികാര പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തെ സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള സിബിഐയുടെ നീക്കമായി രാഷ്ട്രീയ നേതാക്കള്‍ വ്യാഖ്യാനിച്ചു. എന്നാല്‍ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നിന്ന് പുറത്തുചാടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിബിഐ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: