തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് തുറമുഖങ്ങളുടെ വികസനത്തിനായി പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഇതിനായി മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ തുറമുഖവകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്കി. ചെറുകിട തുറമുഖങ്ങളുടെ വികസനം സാധ്യമാക്കാനാണ് പദ്ധതി. സംസ്ഥാനത്തെ ജലമാര്‍ഗമുള്ള ചരക്കുയാത്രാ ഗതാഗതം പരിപോഷിപ്പിക്കാന്‍ ആവിഷ്കരിച്ച തീരദേശ കപ്പല്‍ഗതാഗത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുറമുഖ വികസനം നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് തീരദേശ കപ്പല്‍ഗതാഗത സൗകര്യം കൂടുതല്‍ പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2020 ഓടെ സംസ്ഥാനത്തെ ചരക്കുയാത്രാ ഗതാഗതത്തിന്റെ 40 ശതമാനം ജലമാര്ഗമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് സമയബന്ധിതമായി വികസനപ്രവര്‍ത്തനം പൂര്‍ത്തീകരിക്കും. കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് പദ്ധതി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. വിഴിഞ്ഞം പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിക്കുന്നതോടൊപ്പം പുതിയ പദ്ധതിയും നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിഴിഞ്ഞം തുറമുഖം പാരിസ്ഥിതികാനുമതി കിട്ടിയാലുടന്‍ കമ്മീഷന് ചെയ്യും. രണ്ടാഴ്ചയ്ക്കകം അനുമതി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. അഴീക്കലില്‍ തുറമുഖം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊല്ലം തുറമുഖത്ത് യാത്രാക്കപ്പല്‍ ഈ വര്‍ഷംതന്നെ എത്തുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. തീരദേശ കപ്പല്‍ഗതാഗത പദ്ധതി പരിപോഷിപ്പിക്കാന്‍ മൂന്നുകോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തുറമുഖങ്ങളില്‍ അനര്‍ട്ടുമായി ചേര്‍ന്ന് സൗരോര്‍ജ വിളക്ക് സ്ഥാപിക്കുന്ന പദ്ധതിക്ക് 50 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. പൊന്നാനി തുറമുഖ നിര്‍മാണത്തിന് പാരിസ്ഥിതികാനുമതി കിട്ടിയിട്ടുണ്ട്.
കൊച്ചിക്ക് പുറമെ 17 തുറമുഖങ്ങളാണ് കേരളത്തിലുള്ളത്. വന്‍കിട പദ്ധതിയുടെ ഗണത്തില്‍ പെടുന്നതാണ് വിഴിഞ്ഞം തുറമുഖം. തങ്കശേരി, ആലപ്പുഴ, കായംകുളം, മനക്കോടം, തിരുവനന്തപുരം, നീണ്ടകര, മുനമ്പം, പൊന്നാനി, ബേപ്പൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, അഴീക്കല്‍, കാസര്‍കോട്, മഞ്ചേശ്വരം, നീലേശ്വരം എന്നിവയില്‍ പത്തെണ്ണമാണ് ആദ്യഘട്ട വികസനത്തിനായി സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്നത്. അഴീക്കല്‍, പൊന്നാനി, ബേപ്പൂര്‍, കൊല്ലം, വിഴിഞ്ഞം എന്നീ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കോസ്റ്റല്‍ ഷിപ്പിംഗ് ഓപ്പറേഷന് എന്ന പദ്ധതിക്ക് തുടക്കം കുറിക്കും. രണ്ടാംഘട്ടത്തില്‍ കാസര്‍കോട്, കൊടുങ്ങല്ലൂര്‍, ആലപ്പുഴ എന്നീ തുറമുഖങ്ങളേയുംകൂടി ബന്ധിപ്പിക്കും. തലശേരി, കോട്ടയം തുറമുഖങ്ങളുടെ ടൂറിസം സാധ്യതകള്‍ കണക്കിലെടുത്ത് ഇവിടങ്ങളില്‍ പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: