കായംകുളം: കേരളത്തില്‍ നിന്ന് നാല് നവാഗത മത്സ്യങ്ങളെ കണ്ടെത്തി. മാവേലിക്കര തടത്തിലാല് സ്വദേശിയും കൊല്ലം ചവറ ഗവ. കോളേജ് സുവേളജി വിഭാഗം അസി. പ്രൊഫസറുമായ മാത്യൂസ് പ്ലാമൂട്ടിലാണ് പുതിയ മത്സ്യങ്ങളെ കണ്ടെത്തിയത്.
മണിമല നദിയില്‍ നിന്ന് കൂരി, ചില്ലാന്‍ വര്‍ഗത്തില്‍പ്പെട്ട മിസ്റ്റസ് ഹിക്കി, മിസ്റ്റസ് ഇന്‍ഡിക്കസ്, മിസ്റ്റസ് മേനോനി, ഹൊറാബാഗ്രസ് മെലാനോസോമ എന്നീ നാല് ശുദ്ധജലമത്സ്യങ്ങളാണ് നവാഗതര്‍. അത്യപൂര്‍വ്വമായി കാണപ്പെടുന്ന ഈ മത്സ്യങ്ങളെല്ലാം ഭക്ഷ്യയോഗ്യവുമാണ്. തിരുവല്ല, ഇടുക്കി ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തതിന് ശേഷമാണ് വെളിപ്പെടുത്തല്‍. മത്സ്യങ്ങള്‍ക്ക് നല്കിയ പുതിയ പേരുകള്‍ ഇന്റര്‍നാഷണല്‍ കമ്മീഷന് ഓഫ് സുവോളജിക്കല്‍ നോമന്‍ക്ലേച്ചര്‍ അംഗീകരിച്ചിട്ടുണ്ട്. പുതിയ മത്സ്യങ്ങളുടെ സവിശേഷതകളും അവ പുതിയതാണെന്ന് തെളിയിക്കുന്ന കണ്ടെത്തലുകളും ഗവേഷണഫലങ്ങളും വിശദീകരിക്കുന്ന 36 പേജ് വരുന്ന മൂന്ന് ഗവേഷണ ലേഖനങ്ങള്‍ രണ്ട് പ്രമുഖ അന്തര്‍ദേശീയ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മഞ്ഞക്കൂരിയുടെ ജാനസിലാണ് പുതിയ മത്സ്യമായ ഹൊറാബാഗ്രസ് മെലാനോസോമയും ഉള്‍പ്പെടുന്നത്. ഇവ കടും കറുപ്പുനിറമുള്ളവയും ഇവയുടെ ചിറകുകളും ചിറകുകളിലെ മുള്ളുകളും നീളം കുറഞ്ഞവയും കിരണങ്ങള്‍ എണ്ണത്തില്‍ കുറവുമാണ്. ഇവയ്ക്ക് 9.5 മുതല്‍ 23.5 സെന്റീമീറ്റര്‍ നീളം വരും. ഹൊറാബാഗ്രസ് ജാനസില്‍ ലോകത്തില്‍ ഇതുവരെ രണ്ട് സ്പീഷിസുകളെ ഉണ്ടായിരുന്നുള്ളൂ. തിരുവല്ലയ്ക്കടുത്ത വെമ്പാലയില്‍ നിന്നാണ് ഇവയെ കണ്ടെത്തിയത്.
മിസ്റ്റസ് ഇന്‍ഡിക്കസ് എട്ടു മുതല്‍ 10 വരെ സെന്റീമീറ്റര്‍ നീളമുള്ളയും അവയുടെ പാര്‍ശ്വങ്ങളുടെ മുകളിലത്തെ പകുതി ഭാഗം മഞ്ഞകലര്ന്ന പച്ചനിറവും താഴത്തെ പകുതി തെളിഞ്ഞ ധവളനിറമുള്ളവയുമാണ്. തലയുടെ മുകളിലും മുന്‍ ചിറകിന്റെ ചുവട്ടില്‍ ഇരുവശങ്ങളിലുമായി ഉയര്‍ന്നു നില്ക്കുന്ന മാസംഭാഗം ഇവയെ വേഗം തിരിച്ചറിയാന്‍ സഹായിക്കും. പത്തനംതിട്ട ജില്ലയിലുള്ള കുറ്റൂരില്‍ നിന്നാണ് മിസ്റ്റസ് ഇന്ഡിക്കസിനെ കണ്ടെത്തിയത്.
മിസ്റ്റസ് മേനോനിക്ക് 9.5 മുതല്‍ 12 സെന്റീമീറ്റര്‍ വരെ നീളമുണ്ട്. ഇവയുടെ പാര്‍ശ്വങ്ങളുടെ മധ്യഭാഗത്തായി തിരശ്ചീനമായ നീലചേര്‍ന്ന കറുത്തരേഖയുണ്ട്. മുതുകിലെ രണ്ടാമത്തെ ചിറക് നീളമേറിയവയുമാണ്. പ്രമുഖ ഇന്ത്യന്‍ മത്സ്യശാസ്ത്രജ്ഞനായ എ.ജി.കെ മേനോന്റെ ബഹുമാനാര്‍ഥമാണ് ഇവയുടെ സ്പീഷിസ് നാമം മേനോനി എന്ന് ഇട്ടിരിക്കുന്നത്. ഇടുക്കി ജില്ലയിലുള്ള ഇളംകാട്ടില്‍ നിന്നാണ് ഇവയെ ശേഖരിച്ചത്.
മിസ്റ്റസ് ഹീക്കിക്ക് അസാധാരണമായി നീളമുള്ള സവിശേഷമായി വീതികുറഞ്ഞ ശരീരമാണ്. ഇവയുടെ ശിരോഭാഗം നന്നേ ചെറുതും ചിറകുകള് താരതെമ്യേന കുറുകിയതുമാണ്. സിംഗപ്പൂര്‍കാരനായ പ്രശസ്ത മത്സ്യശാസ്ത്രജ്ഞന്‍ ഹീക്ക് ഹീ നിഗിന്റെ ബഹുമാനാര്‍ഥമാണ് മിസ്റ്റസ് ഹീക്കി എന്ന് ഈ മത്സ്യങ്ങള്‍ക്ക് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇളംകാട്ടില്‍ നിന്നു തന്നെയാണ് മിസ്റ്റസ് ഹീക്കിയെ കണ്ടെത്തിയത്. കോഴഞ്ചേരി സെന്റ് തോമസ് വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. നെല്‍സണ്‍ പി. എബ്രഹാമാണ് ഗവേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: