സംസ്ഥാനങ്ങളിലെ പോലീസ് മേധാവികളുടെ ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം പ്രാധാന്യമേറിയതു തന്നെയാണ്. ജനാധിപത്യത്തെ അട്ടിമറിക്കാനും കലാപങ്ങള്‍ നടത്താനും ഭീകരന്മാര് ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടത്രേ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് നേര്‍ക്കും അവശേഷിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്ക്കുനേരെയും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പുകള്‍ അലങ്കോലപ്പെടുത്താന്‍ ഭീകരര്‍ ശ്രമിച്ചേക്കുമെന്നതിനാല്‍ സുരക്ഷാസേനകള്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കി. ചില സംസ്ഥാനങ്ങളില്‍ വര്‍ഗീയകലാപങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി ശക്തമായും മുന്‍വിധിയില്ലാതെയും പക്ഷപാതരഹിതമായും ഇത്തരം സംഭവങ്ങള്‍ അടിച്ചമര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക പ്രശ്നങ്ങള്‍ ചൂഷണം ചെയ്ത് വര്‍ഗീയകലാപങ്ങള്‍ കുത്തിപ്പൊക്കാന്‍ സ്ഥാപിതശക്തികളെ അനുവദിക്കരുതെന്ന് യുപിയില്‍ ഉണ്ടായ മുസാഫര്‍നഗര്‍ കലാപത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മുസാഫര്‍നഗര്‍ കലാപത്തില്‍ നിരവധിപേര്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യുകയുമുണ്ടായി. വര്‍ഗീയമായ ചെയ്തികള്‍ തടയാന്‍ പോലീസ് മതിയായ നടപടികള്‍ എടുക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മീഡിയയെ ദുരുപയോഗിച്ച് ചിലര്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നതിലും പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. മുസാഫര്‍നഗറിലെ സംഘര്‍ഷത്തിനിടെ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. സോഷ്യല്‍ മീഡിയ നല്കുന്ന വാര്‍ത്താ വിനിമയ സൗകര്യവും ആവിഷ്കാരസ്വാതന്ത്ര്യവും തടസപ്പെടുത്താതെ തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയണം.
ലഷ്കറെ തോയ്ബപോലുള്ള ഭീകരസംഘടനകളുടെ ഉയര്‍ച്ചയും നുഴഞ്ഞുകയറ്റ ശ്രമങ്ങളും തടയാന്‍ ശക്തമായ ജാഗ്രതയും ഏകോപനവും ആവശ്യമാണ്. നിരവധി ഭീകരാക്രമണങ്ങളില്‍ സംശയമുള്ളവരെ പിടികൂടാന്‍ ഇന്റലിജന്‍സ് ബ്യൂറോ നല്കുന്ന വിവരങ്ങള്‍ സഹായകമാണ്. മാവോയിസ്റ്റുകളെ ഒരുതരത്തിലും വിജയിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പില്‍ നക്സല്‍ ബാധിതപ്രദേശങ്ങളില്‍ സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ പ്രശംസാവഹമായ പ്രവര്‍ത്തനമാണ് രഹസ്യാന്വേഷണ ഏജന്‍സികളും പോലീസും സമാന്തരസൈന്യവും നടത്തിയതെന്നും വ്യക്തമാക്കിയിരിക്കുന്നു.
നക്സല്‍ബാധിത പ്രദേശങ്ങളിലെ ഭരണത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കണമെന്നും വികസനം ത്വരിതപ്പെടുത്തണമെന്നും പറഞ്ഞ പ്രധാനമന്ത്രി ‘രാത്രിയും പകലും ഉണര്‍ന്നിരിക്കുക’ എന്ന ഐബിയുടെ ലോഗോയുള്ള സ്റ്റാമ്പും പുറത്തിറക്കുകയുണ്ടായി. പ്രധാനമന്ത്രി പറഞ്ഞതെല്ലാം ഇന്നത്തെ അവസ്ഥയുടെ നേര്‍ചിത്രം തന്നെയാണ്. എന്നാല്‍ ഐബിയും മറ്റ് രഹസ്യാന്വേഷണവിഭാഗവും നല്കുന്ന റിപ്പോര്‍ട്ടുകളെ അവഗണിക്കുകയോ മനപ്പൂര്‍വ്വം മാറ്റിവയ്ക്കുകയോ ചെയ്യുന്ന കാഴ്ചയാണ് രാജ്യമെങ്ങും കാണുന്നത്. പ്രത്യേകിച്ചു കേന്ദ്രവും ചില സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളും ഭീകരര്‍ക്ക് ഒത്താശ നല്കുന്ന വാര്‍ത്തകളാണ് കേള്‍ക്കാനാകുന്നത്.
കാശ്മീരില്‍ രാപ്പകല്‍ കാവല്നില്ക്കുന്ന സുരക്ഷാസേനയെ നിര്‍വീര്യമാക്കി നുഴഞ്ഞുകയറ്റക്കാര്‍ക്ക് സഹായകരമായ നിലപാട് സ്വീകരിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യതയില്ലേ ? കേരളമാണ് ഭീകരവാദികളുടെ വിളനിലമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ കേരളത്തിലെ ഭീകരരെ പൂട്ടാനല്ല, പോറ്റാനാണ് കോണ്‍ഗ്രസും സര്‍ക്കാരും ശ്രമിക്കുന്നത്. ഭീകരവാദ കേസില്‍ പ്രതിയായ മദനിക്കുവേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന പ്രയത്നങ്ങള്‍ തന്നെ അതിന്റെ തെളിവാണ്. ഏറ്റവും ഒടുവില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ നടക്കുന്ന സമരങ്ങളില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
രക്തച്ചൊരിച്ചിലുണ്ടാകുമെന്നും മാവോയിസ്റ്റുകളാകുമെന്നും ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ച ഒരു മതമേധാവിയുടെ നടപടിയെ അപലപിക്കാന്‍പോലും കഴിയാത്ത കോണ്‍ഗ്രസ് സര്‍ക്കാരാണ് നിലനില്‍ക്കുന്നത്. ഇത്തരക്കാരെ നിലയ്ക്കുനിര്‍ത്താന്‍ ത്രാണിയില്ലാത്ത പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് ആരാണ് വില കല്‍പ്പിക്കുക. പറയുന്നത് ആത്മാര്‍ഥതയോടെയാണെങ്കില്‍ അട്ടിമറിക്കാരെയും ഭീകരന്മാരെയും നിഷ്കരുണം നേരിടാനുള്ള തീരുമാനമാണ് ഉണ്ടാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: