മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മുന്‍ നിരക്കാരായ ബാഴ്സലോണയ്ക്കും റയല്‍ മാഡ്രിഡിനും മിന്നും ജയങ്ങള്‍. ബാഴ്സ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഗ്രനാഡയെ തകര്‍ത്തു; റയല്‍ 5-0ത്തിന് അല്‍മേറിയയെയും. ലീഗില്‍ അത്ഭുത പ്രയാണം നടത്തുന്ന അത്ലറ്റിക്കോ മാഡ്രിഡും വമ്പന്‍ ജയം നേടി. ഗെറ്റാഫയെ മറുപടിയില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് അത്ലിറ്റിക്കോ മുക്കിയത്.
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അഭാവത്തിന്റെ ലാഞ്ഛനപോലും കാട്ടാതെ ബാഴ്സ തുടര്‍ച്ചയായ അഞ്ചാം ജയം ആധികാരികമായിത്തന്നെ കുറിച്ചു. ഒന്നാം പകുതിയില്‍ ആന്ദ്രെ ഇനിയേസ്റ്റയും സെസ്ക് ഫാബ്രെഗസും പെനാല്‍റ്റി ഗോളുകള്‍ വഴി ചാമ്പ്യന്മാരെ മുന്നിലെത്തിച്ചു. അലക്സി സാഞ്ചസ് (71), പെഡ്രോ (90) എന്നിവര്‍ ബാഴ്സയുടെ അക്കൗണ്ടും തികച്ചു.
മികച്ച ഫോമിലുള്ള റയലിനു മുന്നില്‍ അല്‍മേറിയ ചൂളിപ്പോയി. ഗോളടി തുടര്‍ന്ന തുറുപ്പ് ചീട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൂന്നാം മിനിറ്റില്‍ റയലിന്റെ സ്കോര്‍ഷീറ്റ് തുറന്നു. രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോ പരിക്കേറ്റു പുറത്തായത് റയലിനെ അങ്കലാപ്പിലാക്കി. എന്നാല്‍ വര്‍ധിതവീര്യത്തോടെ കളിച്ച റയല്‍ കരീം ബെന്‍സേമ (61-ാം മിനിറ്റ്), ഗാരെത് ബെയ്ല് (72), ഇസ്കോ (75), മൊറാട്ട (81) എന്നിവരിലൂടെ വിജയ മാര്‍ജിന്റെ വലുപ്പം കൂട്ടി.
ഗെറ്റാഫയ്ക്കെതിരെ അത്ലറ്റിക്കോയ്ക്കുവേണ്ടി ഡേവിഡ് വിയയും റൗള്‍ ഗാര്‍സിയയും ഇരട്ടഗോളുകള്‍ കുറിച്ചു. ഡീഗോ കോസ്റ്റയും അഡ്രിയനും മറ്റു ഗോള്‍ വേട്ടക്കാര്‍. അല്‍ബര്‍ട്ടോ ലോപ്പോയുടെ സെല്‍ഫ് ഗോളും അത്ലറ്റിക്കോയുടെ അക്കൗണ്ടിലെത്തി. 40 പോയിന്റുള്ള ബാഴ്സയാണ് ലീഗില്‍ ഒന്നാമത്. അത്ലറ്റികോയും (37), റയലും (34) തൊട്ടുപിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: