മരട്: ബാങ്കുകളുടെ ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീന് (എടിഎം) കൗണ്ടറുകള്‍ വഴി വ്യാജ കറന്‍സികള്‍ ലഭിക്കുന്നതായി പരാതി. വിവിധ ദേശസാല്‍കൃത ഷെഡ്യൂള്‍, സഹകരണബാങ്കുകളുടെ മെഷീനുകളില്നിന്നും പണം പിന്വലിക്കുന്നവര്ക്കുന്നവര്ക്കാണ് വ്യാജന് പുലിവാലാകുന്നത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെല്ലാം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത് ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ്. അതിനാല്‍ മാസാദ്യങ്ങളില്‍ എടിഎമ്മുകളില്‍ തിരക്ക് ഏറെയാണ്. ഈ സമയങ്ങളിലാണ് എടിഎമ്മുകളില്‍ കള്ളനോട്ടുകളുടെ എണ്ണം വര്‍ധിച്ചു കാണുന്നതെന്ന് ഇടപാടുകാര്‍ പറയുന്നു.
ബാങ്കുകള്‍ തന്നെ നേരിട്ട് പണം നിക്ഷേപിക്കുന്ന എടിഎം യന്ത്രങ്ങളില്‍നിന്നും വ്യാജന്മാരെ ലഭിക്കുന്നത് ചുരുക്കമാണെന്ന് ഇടപാടുകാര്‍ പറയുന്നു. എന്നാല്‍ സ്വകാര്യ ഏജന്‍സികള്‍ വഴി പണം നിക്ഷേപിക്കുന്ന എടിഎം യന്ത്രങ്ങളില്‍ നിന്നും പിന്‍വലിക്കുന്ന നോട്ടുകളുടെ കൂട്ടത്തിലാണ് വ്യാപകമായി വ്യാജന്മാരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. എങ്ങനെ ഇതു സംഭവിക്കുന്നു എന്ന കാര്യം അജ്ഞാതമാണ്. രണ്ടു സാധ്യതകളാണ് പ്രധാനമായും സംശയിക്കപ്പെടുന്നത്. ഒന്ന്: എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്ന സ്വകാര്യ കമ്പനികളില്‍ ചിലവ യഥാര്‍ത്ഥ നോട്ടുകള്‍ക്കൊപ്പം കള്ളനോട്ടും കൂട്ടിക്കലര്‍ത്തി മെഷീനില്‍ നിറക്കുന്നു. രണ്ട്: തങ്ങള്‍ക്ക് ഇടപാടുകാരില്‍നിന്നും ലഭിക്കുന്ന നോട്ടുകളിലെ വ്യാജന് ശ്രദ്ധയില്‍പ്പെടാത്തതിനെത്തുടര്‍ന്ന് അവ എടിഎമ്മുകള്‍ പ്രചരിക്കുന്നു. രണ്ടായാലും തങ്ങള്‍ക്കാണ് ഇതു നഷ്ടം വരുത്തുന്നതെന്ന് ഇടപാടുകാര്‍ പറയുന്നു. എടിഎം വഴി തങ്ങളുടെ പക്കലെത്തുന്ന വ്യാജന്മാരെ നശിപ്പിച്ചു കളയുകയല്ലാതെ മറ്റുമാര്‍ഗമില്ല. ഇത്തരത്തില്‍ ലഭിക്കുന്ന നോട്ടുകളുടെ ഉത്തരവാദിത്വ ബാങ്കുകള്‍ ഏറ്റെടുത്ത് അത് മാറി നല്കാന് നിര്‍ദ്ദേശം ഉണ്ടാവണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: