കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ ജമ്പിങ് പിറ്റില്‍ ഒരു പുതിയ താരോദയം, പേര് അനന്തു കെ.എസ്. സ്കൂള്‍ കായികമേളകളില്‍ സുവര്ണ്ണകുമാരനായി വിലസുന്ന ശ്രീനിത് മോഹന്റെ പിന്‍ഗാമിയായാണ് അനന്തുവിന്റെ വരവ്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനവുമായി അനന്തു സ്വര്ണ്ണപ്പതക്കമണിഞ്ഞു. 1.89 മീറ്ററാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്എസ്എസിന്റെ ലിറ്റില്‍ സ്റ്റാര്‍ താണ്ടിയത്. അനന്തുവിന് മത്സരിക്കാനുള്ള സ്പൈക്ക് സമ്മാനമായി നല്‍കിയത് ശ്രീനിത്തായിരുന്നു. വെള്ളിയാഴ്ച ൈവകിട്ട് കൊച്ചിയിലെത്തിയപ്പോഴാണ് അനന്തുവിന് താന്‍ റെക്കോര്‍ഡ് ഭേദിച്ച സ്പൈക്ക്സ് ശ്രീനിത് കൈമാറിയത്. ശ്രീനിത്തും മുന്‍പ് ശ്രീകൃഷ്ണ എച്ച്എസ്എസിന്റെ താരമായിരുന്നു.
2011-ല്‍ കൊച്ചിയില്‍ നടന്ന സംസ്ഥാന സ്കൂള്‍ മീറ്റിലായിരുന്നു ഗുരുവായൂര്‍ സ്വദേശിയായ ശ്രീനിത്തിലെ താരം പിറവിയെടുത്തത്. ഹൈജമ്പില്‍ അസാമാന്യമായ പ്രകടനംകൊണ്ട് മനംകവര്‍ന്ന ശ്രീനിത്തിന് പോന്ന പിന്‍ഗാമിയാണ് താനെന്ന് അടിവരയിട്ട പ്രകടനമാണ് അനന്തു ഇന്നലെ പുറത്തെടുത്തത്.
നാഷണല്‍ സ്കൂള്‍ മീറ്റിലേതടക്കമുള്ള ശ്രീനിത്തിന്റെ പ്രകടനങ്ങള്‍ വീക്ഷിച്ച, ഗുരുവായൂര്‍ ദേവസ്വം രണ്ടുലക്ഷത്തിലധികം രൂപയോളം മുടക്കി സ്കൂളുകളില്‍ ജമ്പിങ് പിറ്റ് നിര്‍മിച്ചു നല്‍കിയിരുന്നു. അനന്തുവും മികച്ച പ്രകടനത്തിലൂടെ മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തില്‍ നില്ക്കുമ്പോള് കോച്ച് സി.എം. നെല്‍സന്റെ കണ്ണുകള്‍ നിറഞ്ഞു. സ്കൂളില്‍ രാവിലെയും വൈകിട്ടും പരിശീലനത്തിനെത്തുന്ന കുട്ടികള്‍ക്ക് ഒരു നേരം മാത്രമാണ് ഭക്ഷണം നല്‍കുന്നത്. വൈകിട്ടത്തെ പരിശീലനം കഴിഞ്ഞ് കുട്ടികള്‍ വെറുംവയറ്റില്‍ മടങ്ങുന്നത് തനിക്ക് ഏറെ സങ്കടകരമാണെന്ന് നെല്‍സണ്‍ പറഞ്ഞു. കുട്ടികള്‍ക്ക് വൈകിട്ടും ഭക്ഷണം നല്കുന്നതിലേക്കായി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
മഞ്ജുളാലിനടുത്ത് കരുവല്ലി വീട്ടില്‍ കൂലിപ്പണിക്കാരനായ ശശിയുടെയും നിഷയുടെയും മകനാണ് അനന്തു. 1. 56 മീറ്ററില്‍ തുടങ്ങി പടിപ്പടിയായാണ് 1.88 എന്ന ഉയരം അനന്തു കണ്ടെത്തിയത്. പരിശീലനകാലയളവില്‍ 1.90 മീറ്റര്‍ വരെ ചാടിയ അനന്തു ക്ഷീണിതനായതാണ് ഇവിടത്തെ പ്രകടനത്തെ ബാധിച്ചതെന്ന് കോച്ച് നെല്‍സണ്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: