മിസോറാം: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പില്‍ സിയോണ ചാന എന്ന വ്യക്തിക്ക് ഏറെ പ്രാധാന്യമുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോ, പാര്‍ട്ടി നേതാവോ അല്ല അദ്ദേഹം. പക്ഷേ ഒരു വലിയ വോട്ടു ബാങ്കിന്റെ ഉടമയാണ്. മതമോ സമുദായമോ അല്ല അതിന്റെ അടിസ്ഥാനം. സ്വന്തം വീടാണു വോട്ടു ബാങ്ക്. 200 അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ നാഥനാണ് ഈ 68കാരന്.
മിസോറാമിലെ ബക്ത്വാങ് സ്വദേശിയായ സിയോണ ചാനയുടെ വീട്ടില്‍ തെരഞ്ഞെടുപ്പിനെ വെല്ലുന്ന പ്രതീതിയാണ് ഇപ്പോള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ട്പിടിക്കലിനുമായി നിരവധി രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ത്ഥികളുമാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ വന്നുപോകുന്നുത്. നേതാക്കളെ കാണാനും, ആശംസകള്‍ നേരാനുമായി ഗ്രാമവാസികള്‍ എത്തുന്നതോടെ ചാനയുടെ വീട് പോളിങ് ബൂത്താണോയെന്ന് പോലും സംശയം ജനിപ്പിച്ചേക്കാം.
തെരഞ്ഞെടുപ്പ് പ്രചാരണം കടുത്തതോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രദ്ധ മുഴുവന്‍ ചാനയുടെ വീട്ടിലേക്കാണ്. 200 അംഗങ്ങളുള്ള ചാനയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ 39 ഭാര്യമാരുള്‍പ്പെടെ 186 പേര്‍ക്കാണ് വോട്ടവകാശം ഉള്ളത്. ബാക്കിയുള്ളവര്‍ കുട്ടികളാണ്. ഭാര്യയും, മക്കളും കൊച്ചുമക്കളും അടങ്ങുന്ന ഈ വലിയ കുടുംബത്തിന്റെ വോട്ട് തന്നെയാണ് രാഷ്ട്രീക്കാരുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ മറ്റേത് കാര്യവും മാറ്റി നിര്‍ത്തി നേതാക്കള്‍ ചാനയുടെ വീട്ടിലെത്തും.
നാല് നിലകളുള്ള വീട്ടില്‍ 100 മുറികളിലാണ് ചാനയുടേയും കുടുംബത്തിന്റേയും താമസം. കുടുംബത്തിലെ മുതിര്‍ന്നവര്‍ എല്ലാവരും വ്യാപാരികളാണ്. ഏതെങ്കിലും പാര്‍ട്ടിയോട് വ്യക്തമായ ചായ്വില്ലെന്നാണ് ചാനയും കുടുംബവും പറയുന്നത്. തങ്ങള്‍ക്ക് മാത്രമല്ല നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വോട്ട് നല്‍കുമെന്നും ഇവര്‍ പറയുന്നത്. വലിയ കുടുംബം ആകുമ്പോള്‍ ഉണ്ടായേക്കാവുന്ന ഒരു പ്രശ്നവും ഇവിടെ ഇല്ലെന്ന രഹസ്യവും ഇതിനിടെ ചാന പങ്കുവെച്ചു. എന്തായാലും തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നതില്‍ ഈ വീട്ടിലെ വോട്ടുബാങ്കിന് നിര്‍ണായക സ്വാധീനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: