കോഴിക്കോട്: സ്ത്രീവിരുദ്ധ നിലപാടുകളുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ വീണ്ടും രംഗത്ത്. മാതൃഭൂമി വാരികയ്ക്കനുവദിച്ച അഭിമുഖത്തിലാണ് കടുത്ത സ്ത്രീവിരുദ്ധ ഫത്വകളുമായി കാന്തപുരം സ്ത്രീസംബന്ധമായ മുസ്ലീം നിലപാടുകള്‍ ആവര്‍ത്തിച്ചത്.
“സ്ത്രീകള്‍ അന്യപുരുഷന്മാരുമായി ഇടപെടാന്പാടില്ല; ഇസ്ലാം നിര്‍ദ്ദേശിച്ച പര്‍ദ ധരിച്ചുകൊണ്ടേ സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ. ഇസ്ലാം നിര്‍ദേശിച്ച കാര്യങ്ങള്‍ക്കല്ലാതെ സ്ത്രീകള്‍ പുറത്തിങ്ങാന്‍ പാടില്ല” എന്നിങ്ങനെ പോകുന്നു കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ ഫത്വകള്. സ്ത്രീകള്‍ പിതാവിന്റെയോ, ഭര്‍ത്താവിന്റെയോ സഹോദരന്റെയോ കൂടെയോ പുറത്തുപോകാന്‍ പാടുള്ളൂ. വിവാഹത്തിന് ഇസ്ലാം ഒരു പ്രായപരിധിയും നിശ്ചയിച്ചിട്ടില്ല. പതിനെട്ട് വയസ് എന്ന കൃത്യമായ പോയന്റില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാന് എന്ത് മാര്‍ഗമുണ്ടെന്ന് അന്വേഷിക്കും. നിലവില്‍ ഒരു നിയമം ഉള്ളത് കൊണ്ട് അത് അനുസരിക്കുന്നു. 18 വയസ് പൂര്‍ത്തിയാവാന്‍ ആറുമാസം ബാക്കിയുണ്ട് എന്ന കാരണത്താല്‍ വിവാഹംകഴിക്കാന്‍ കഴിയാതെ വന്നാല്‍ ഇസ്ലാമിക വിരുദ്ധമായ വ്യഭിചാരത്തിലേക്കാവും അവര്‍ എത്തിപ്പെടുക എന്നും കാന്തപുരം നിരീക്ഷിക്കുന്നു.
സ്ത്രീധനം ഹറാമാണെന്ന് ഒറ്റവാചകത്തില്‍ പറയാന്‍ കഴിയില്ലെന്നാണ് കാന്തപുരത്തിന്റെ സുനിശ്ചിതമായ അഭിപ്രായം. പുരുഷന് സ്ത്രീയുടെമേല് ആധിപത്യമുണ്ടെന്നും ഭാര്യയുടെമേല്‍ ഭര്‍ത്താവിന് ആധിപത്യമുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടെന്നും കാന്തപുരം വിശദീകരിക്കുന്നു. എന്നാല്‍ സ്ത്രീവിരുദ്ധമായ യാതൊന്നും ഇസ്ലാമിലില്ലെന്നും കാന്തപുരം പറയുന്നു. സ്ത്രീകളെ സംരക്ഷിക്കാനായി ബഹുഭാര്യാത്വം അംഗീകരിക്കേണ്ടിവരുമെന്നും ലോകാവസാനമാവുമ്പോഴേക്കും അമ്പത് സ്ത്രീകള്‍ക്ക് ഒരു പുരുഷന് എന്നാവും ജനസംഖ്യാനുപാതമെന്നും കാന്തപുരം കണക്കുകൂട്ടുന്നു. കല എന്നതിന്റെപേരില്‍ ഇടപെടുന്നതിനെയും ഇസ്ലാം അംഗീകരിക്കില്ലെന്നാണ് കാന്തപുരത്തിന്റെ അഭിപ്രായം. ഇസ്ലാമികമായ കലകളും പാട്ടുകളും ബെയ്ത്തുകളുമല്ലാതെ മറ്റു സിനിമാപാട്ടുകളൊക്കെ പൈശാചികത്വത്തിലേക്ക് കൊണ്ടുപോവുമെന്നും കാന്തപുരം പറയുന്നു..കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഒരിക്കലും ബന്ധമുണ്ടായിരുന്നില്ലെന്നും ഇടതുപക്ഷ മുന്നണിയുമായി ബന്ധമുണ്ടായിരുന്നുവെന്നും കാന്തപുരം അഭിമുഖ്യത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: