കല്‍പ്പറ്റ: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ലക്ഷ്യം വച്ച് അയല്‍സംസ്ഥാനങ്ങളില്‍ അംഗീകാരമില്ലാത്ത കോളേജുകളും കോഴ്സുകളും പെരുകുന്നു. സര്‍ക്കാര്‍ യൂണിവേഴ്സിറ്റി തലങ്ങളില്‍ അംഗീകാരമുള്ള കോഴ്സുകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അയല്‍ സംസ്ഥാനങ്ങളില്‍ വര്‍ധിക്കുന്നത്.
ഏതെങ്കിലും പേരില്‍ എപ്പോഴെങ്കിലും ലഭിച്ച അംഗീകാരത്തിന്റെ ലേബലിലാണ് ഇത്തരം സ്ഥാപനങ്ങള്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നത്. പിന്നീട് വ്യവസ്ഥയില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ പാലിക്കാത്തതിന്റെ പേരില്‍ പല സ്ഥാപനങ്ങളുടെയും അംഗീകാരം നഷ്ടപ്പെട്ടിട്ടുണ്ടാകും. വിദ്യാഭ്യാസ വകുപ്പിലെ ഉന്നതര്‍ക്കോ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്കോ പണം നല്‍കാത്തതിന്റെ പേരിലും ചില സ്ഥാപനങ്ങളുടെ അംഗീകാരം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം മറച്ചുവച്ചാണ് പുതിയ അഡ്മിഷന് നടത്തുന്നത്.
മൈസൂരിലെ ഒരു കോളജില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്സിന് പഠിച്ച കുട്ടികളും ഈയിടെ ഇത്തരം തട്ടിപ്പിനിരയായി. വയനാട്ടുകാരായ 12 കുട്ടികള്‍ക്ക് ഈ കോളേജില്‍നിന്ന് ആദ്യവര്‍ഷ പരീക്ഷയുടെ റിസല്‍ട്ട് പോലും ലഭിച്ചില്ല. അതെക്കുറിച്ച് അന്വേഷിച്ചപ്പോഴായിരുന്നു അനധികൃതമായി കുട്ടികളെ പ്രവേശിപ്പിച്ചതിന്റെ കഥകള്‍ പുറത്തായത്.
ഈ കോഴ്സിന് 50 കുട്ടികളെ വീതം പ്രവേശിപ്പിക്കുന്നതിനേ കോളേജ് അധികൃതര്‍ക്ക് അനുമതിയുള്ളൂ. എന്നാല്‍ അത് മറച്ചുവച്ച് കോളേജ് അധികൃതര്‍ നൂറിലധികം കുട്ടികളെയാണ് ഈ കോഴ്സിന് പ്രവേശിപ്പിച്ചിരുന്നത്. മൂന്നാം വര്‍ഷമാകുമ്പോഴേക്കും എന്തെങ്കിലും കാരണം പറഞ്ഞ് അധികമുള്ള കുട്ടികളെ പുറത്താക്കാമെന്നും ബാക്കിയുള്ളവരെ പരീക്ഷയ്ക്കിരുത്താമെന്നുമായിരുന്നു കോളേജ് അധികൃതരുടെ തന്ത്രം.
ഇതേതന്ത്രം തന്നെയാണ് അന്യസംസ്ഥാനത്തുള്ള പല കോളേജുകളും പയറ്റുന്നത്. ഏജന്റുമാരെ വച്ചും മാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയുമാണ് വിദ്യാര്‍ഥികളെ ഇത്തരം കോളേജുകള്‍ ആകര്‍ഷിക്കുന്നത്. കോളേജുകളുടെ അംഗീകാരം സംബന്ധിച്ച് അന്വേഷണം നടത്തിയാല്‍ അതിനെ തന്ത്രപരമായി തടയാനും തെറ്റിദ്ധരിപ്പിക്കാനും ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നു. ഇതില്‍ ഇവര്‍ വിജയിക്കുന്നതുകൊണ്ടാണ് കൂടുതല്‍ കുട്ടികള്‍ ഇത്തരം തട്ടിപ്പിനിരയാകുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: