കോണ്‍ഗ്രസിന്റെ ഗെയിം പ്ലാന്‍ വളരെ വ്യക്തമാണ്. അത് ഒരിക്കലും വിജയിക്കാനാഗ്രഹിക്കുന്ന ഒരു പാര്‍ട്ടിയുടെ രീതികളല്ല സ്വീകരിക്കുന്നത്. തീര്‍ത്തും നിഷേധാത്മകമായ സമീപനം. ദേശീയ തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസ് ആ സത്യം തിരിച്ചറിഞ്ഞു തുടങ്ങി. ജനങ്ങള്‍ക്ക് ആ പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്ന സത്യം. ഇപ്പോള്‍ സംഖ്യകളുടെ ഗയിമിലാണ് കോണ്‍ഗ്രസിന്റെ ഏക പ്രതീക്ഷ.
സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പുകളില്‍ ജനം കയ്യൊഴിയുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് കൃത്യമായി മനസിലാകുന്നുണ്ട്. അഭിപ്രായ സര്‍വ്വേകളെല്ലാം കോണ്‍ഗ്രസിന് പരാജയം പ്രവചിക്കുന്നതും പാര്‍ട്ടി മാനേജര്‍മാരെ തളര്‍ത്തുന്നു. ഒടുവില്‍ ഇക്കുറി ആ പഴയ തന്ത്രം തന്നെ കോണ്‍ഗ്രസ് സ്വീകരിക്കാനൊരുങ്ങുകയാണ് എന്നാണ് സൂചന. കണക്കുകള്‍ കൂട്ടിയും കുറച്ചും പാര്‍ട്ടി ആസ്ഥാനത്തെ വിദ്വാന്മാര് കരുനീക്കങ്ങള്‍ പ്ലാന്‍ ചെയ്യുന്നു.
ആ കണക്കുകള്‍ ഇങ്ങനെയാണ്. ബിജെപിക്ക് കിട്ടാവുന്ന പരമാവധി സീറ്റ് 180, കോണ്‍ഗ്രസിന് 110, എന്‍ ഡിഎ സഖ്യത്തിന് 200-220 സീറ്റ്. ഭരിക്കാനാവശ്യമായ കേവല ഭൂരിപക്ഷത്തിന് 51 സീറ്റ് കുറവ്. യുപിഎക്ക് കിട്ടാവുന്ന പരമാവധി സീറ്റ് 150-160. 271 എന്ന മാജിക് നമ്പറിന് 110-120 സീറ്റ് കുറവ്. ഒരിക്കലും കോണ്‍ഗ്രസിനോ യുപിഎക്കോ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല. ഇടതുമുന്നണിക്കും പിന്നെ മൂന്നാം മുന്നണിയെന്ന പേരില്‍ സംഘടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും കൂടി നൂറിലേറെ സീറ്റുകള്‍ കിട്ടിയേക്കും. ഈ സാഹചര്യത്തില്‍ ഇവരുടെ നിലപാടുകള്‍ നിര്‍ണ്ണായകമാകും. പ്രത്യേകിച്ചും ജയലളിത, നവീന്‍ പട്നായിക്, മമതാ ബാനര്‍ജി, തുടങ്ങിയവരുടെ. ഈ കക്ഷികള്‍ എന്‍ഡിഎക്ക് പിന്തുണ നല്കിയാല് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനാണ് സാധ്യതയേറെ. ഈ കക്ഷികളെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ബിജെപിയുമായി സഹകരിച്ചിട്ടുള്ളവരുമാണ്. കോണ്‍ഗ്രസിനെ വല്ലാതെ ഭയപ്പെടുത്തുന്ന ഒരു സാധ്യതയാണിത്.
രണ്ടു തരത്തിലാണ് കോണ്‍ഗ്രസ് മാനേജര്‍മാര്‍ ഇതിനെ മറികടക്കാന്‍ ശ്രമിക്കുന്നത്. ഒന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിയെ വ്യക്തിപരമായി ആക്രമിച്ചുകൊണ്ട്. മോദിയെ ആക്രമിക്കുന്നതിനും അദ്ദേഹത്തിനെതിരെ ശക്തമായ പ്രചരണം നടത്തുന്നതിനും പിന്നിലുള്ള ലക്ഷ്യം സഖ്യകക്ഷികളെ അകറ്റുക എന്നതാണ്. തമിഴ്നാട് ,ഒറീസ , ബംഗാള്‍ എന്നീ മൂന്നു സംസ്ഥാനങ്ങളിലും മുസ്ലീം വോട്ടുകള്‍ നിര്‍ണ്ണായകമാണ്. മോദിയെ മുസ്ലീം വിരുദ്ധനായി അവതരിപ്പിക്കുന്നതിലൂടെ ഈ സംസ്ഥാനങ്ങളിലെ നേതാക്കളെ ബിജെപിയില്‍ നിന്നകറ്റാമെന്നു കോണ്‍ഗ്രസ് കരുതുന്നു. ജനാധിപത്യ മര്യാദകള്‍ മറികടന്നുള്ള കോണ്‍ഗ്രസിന്റെ മോദിആക്രമണത്തിനു പിന്നില്‍ ഈ കണക്കുകൂട്ടലാണുള്ളത്.
ഇനിയാണ് ഗയിമിന്റെ രണ്ടാമത്തെ പകുതി. ഈ സാഹചര്യത്തില്‍ ഒരിക്കലും ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെപ്പറ്റി കോണ്‍ഗ്രസ് ചിന്തിക്കുന്നില്ല. അവര്‍ തെരഞ്ഞുകൊണ്ടിരിക്കുന്നത് ഒരു ബലിമൃഗത്തെയാണ്്. കൃത്യമായി പറഞ്ഞാല്‍ ഇതിനു മുന്‍പ് ദേശീയ രാഷ്ട്രീയത്തില്‍ പരാജയപ്പെട്ടപ്പോഴൊക്കെ അവര്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രം. ചൗധരി ചരണ്സിംഗിനെപ്പോലെ , ചന്ദ്രശേഖറിനെപ്പോലെ , ഐ കെ ഗുജ്റാളിനെപ്പോലെ ഒരു താത്കാലിക പ്രധാനമന്ത്രിയെയാണ് കോണ്‍ഗ്രസ് തേടുന്നത്. നവീന്‍ പട്നായികിനെയും ജയലളിതയെയും മുന്നില്‍ക്കണ്ട് ഇതിനകം കോണ്‍ഗ്രസ് നേതൃത്വം ഇത്തരമൊരു പ്രചരണം തുടങ്ങിക്കഴിഞ്ഞു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്ത്തിക്കാണിക്കാത്തതിനു പിന്നില്‍ കോണ്‍ഗ്രസിന്റെ ഈ ഗയിം പ്ലാനാണുള്ളത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വാശി പിടിക്കില്ലെങ്കിലും നവീന്‍ പട്നായിക്കിനായിരിക്കും മുന്‍ഗണന. കാരണം ബിജെപിയുമായി ബന്ധം വഷളാക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന നേതാവാണ് പട്നായിക്. എന്‍ഡിഎയുമായി കൈകോര്‍ക്കാന്‍ സാധ്യതകളേറെയുള്ള നേതാവും പട്നായിക് തന്നെ. അതുകൊണ്ട് പട്നായികിനായിരിക്കും കോണ്‍ഗ്രസ് പ്രഥമ പരിഗണന നല്‍കുക. മൊറാര്‍ജി ദേശായി മന്ത്രിസഭക്കു ശേഷം ചരണ്‍സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ നല്കുമ്പോള് അവര്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. പ്രതിപക്ഷത്തെ ഭിന്നിപ്പ് പൂര്‍ണ്ണമാക്കുക, തെരഞ്ഞടുപ്പിനൊരുങ്ങാന് ആറുമാസത്തെ സമയം ഉപയോഗിക്കുക. ഈ രണ്ടു ലക്ഷ്യങ്ങളും സാധിച്ചതോടെ അവര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തു.
ഒരു ദശാബ്ദത്തിനു ശേഷം വി പി സിംഗ് മന്ത്രിസഭയുടെ പതനം വീണ്ടും കാര്യങ്ങളുടെ തനിയാവര്ത്തനത്തിനിടയാക്കി. ചന്ദ്രശേഖറിനു പിന്തുണ നല്കുമ്പോഴും കോണ്‍ഗ്രസിന്റെ മനസിലുണ്ടായിരുന്നത് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയായിരുന്നു. അതോടൊപ്പം പ്രചരണത്തിന് അവര്‍ക്ക് ഒരു പുതിയ ആയുധം കൂടി ലഭിച്ചു. സ്ഥിരതയുള്ള ഭരണം കോണ്‍ഗ്രസിനുമാത്രം സാധ്യമകുന്നതാണെന്ന പരസ്യം. രാജീവ് ഗാന്ധിയുടെ വീടിനു പുറത്തു രണ്ടു പോലീസുകാരെ കണ്ടു എന്ന കാരണം പറഞ്ഞാണ് ആറുമാസത്തിനിടയില്‍ ചന്ദ്രശേഖര്‍ സര്‍ക്കാരിനുള്ള പിന്തുണയും കോണ്‍ഗ്രസ് പിന്‍വലിച്ചത്.
പിന്നീട് 96 ല്‍ ഐ കെ ഗുജ്റാളിനും ഇതേ അനുഭവം തന്നെയുണ്ടായി. മൂന്നാം മുന്നണി എന്ന പേരിലായാലും അല്ലെങ്കിലും കോണ്‍ഗ്രസ് പിന്തുണയോടെ അധികാരമേറ്റിട്ടുള്ള ഒരു സര്‍ക്കാരും ആറുമാസത്തിലേറെക്കാലം അധികാരത്തില്‍ തുടര്‍ന്നിട്ടില്ല എന്നതാണ് വസ്തുത. മൂന്നു വട്ടം കോണ്‍ഗ്രസ് ഇതേ തന്ത്രം ആവര്‍ത്തിച്ചിട്ടും മൂന്നാം മുന്നണിക്കാര്‍ക്ക് ഈ സത്യം മനസിലായിട്ടില്ലെന്ന് മാത്രം. ഇക്കുറിയും ഇതേ തന്ത്രമാണ് അണിയറയില്‍ കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്യുന്നത്. നവീന്‍ പട്നായിക്, നിതീഷ്കുമാര്‍ , മുലായം സിംഗ് യാദവ് ; ബലി വേദിയില്‍ ആരായാലും കോണ്‍ഗ്രസിനു കുഴപ്പമില്ല. ഒരു ബലിമൃഗം വേണമെന്നു മാത്രം. ആറുമാസത്തേക്ക് അല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക്. അതിനിടയില്‍ യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹം പാവം വോട്ടര്‍മാര്‍ മറന്നേക്കും.പിന്നീട് നടക്കുന്ന തെരഞ്ഞടുപ്പില്‍ യുവരാജാവിനെ രംഗത്ത് അവതരിപ്പിക്കുകയുമാവാം. ഇതാണ് കോണ്‍ഗ്രസിന്റെ ഗയിം പ്ലാന്‍. ഇതെക്കുറിച്ച് അറിയാത്തവര്‍ അല്ലെങ്കില്‍ അറിഞ്ഞിട്ടും അജ്ഞത നടിക്കുന്നവര്‍ മൂന്നാം മുന്നണിയെന്ന ദിവാസ്വപ്നക്കാര് മാത്രം.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: