ശബരിമല: ശബരിമലയിലേക്ക് ആവശ്യത്തിന് ജലം എത്തിക്കുന്ന കുന്നാര്‍ ഡാമിന്റെ ഉയരം വര്‍ദ്ധിപ്പിച്ച് സംഭരണ ശേഷി ഉയര്‍ത്താനുള്ള പദ്ധതി ഇഴയുന്നു.
മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇന്നും പ്രഖ്യപനം കടലാസില്‍ മാത്രം. ഇതോടെ വരള്‍ച്ച രൂക്ഷമാകുമ്പോള്‍ മകരവിളക്ക് കാലത്ത് ജലക്ഷാമത്തിന് സാധ്യതയേറുകയാണ്. ഏകദേശം 52 വര്‍ഷം മുന്‍പ്പാണ് ഡാം നിര്‍മ്മിച്ചത്. ഇപ്പോഴത്തെ ഡാമിന് 12.5 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കുള്ള ശേഷിയെ ഉള്ളൂ. ഡാമിന്റെ സംഭരണ ശേഷിയെക്കാള്‍ ഇരട്ടിയില്‍ അധികം വെള്ളമാണ് ഇവിടെ ഒഴുകി എത്തുന്നത്. ഇത് സംഭരിച്ച് സൂക്ഷിച്ചാല്‍ തന്നെ സന്നിധാനത്തെയും പമ്പയിലെയും ജലക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിയും. ഡാമില്‍ ഒഴുകിയെത്തുന്ന വെള്ളം പൂര്‍ണ്ണമായും സംഭരിക്കണമെന്ന ആവശ്യം ശക്തമാണ്. 15 അടി ഉയരവും 60 അടി നീളവുമാണ് ഡാമിനുള്ളത്. ഡാമില്‍നിന്ന് ഇരുമ്പ് കുഴലിലൂടെ മോട്ടോറിന്റെ സഹായം ഇല്ലാതെയാണ് ഇവിടേക്ക് വെള്ളം എത്തിക്കുന്നത്. സന്നിധാനത്തിന് 8 കിലോമീറ്റര്‍ അകലെയാണ് ഡാം സ്ഥിതിചെയ്യുന്നത്. ഈവെള്ളത്തിന്റെ സ്രോതസ് പൂര്‍ണ്ണമായും ഉപയോഗിച്ചില്ലെങ്കില്‍ മകരവിളക്ക് കാലത്ത് കൊടിയ ജലക്ഷാമം ആയിരിക്കും ഫലം. ഡാമിന്റെ ഉയരം 10 അടി കൂടി വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഉന്നത അധികാരസമിതി നടപടികള്‍ ആരംഭിച്ചിരുന്നു. ഇതോടെ 12 ലക്ഷം ലിറ്റര്‍ വെള്ളം അധികമായി സംഭരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. എന്നാല്‍ നാളിതു വരെ പ്രവര്‍ത്തനങ്ങള്‍ ഫല പ്രാപ്തിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് അവലോകന യോഗത്തിലും ഇത് ചര്‍ച്ചക്കെത്തിയെങ്കിലും വ്യക്തമായ തീരുമാനത്തിലെത്താതെ അധികൃതര്‍ തടി ഊരുകയായിരുന്നു.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: