ലാല്‍കൃഷ്ണ അദ്വാനിയും നരേന്ദ്ര മോദിയും സുഷമസ്വരാജും ഒക്കെ പ്രചാരണത്തിനെത്തുന്നു ണ്ടെങ്കിലും മധ്യപ്രദേശില്‍ ബിജെപിയുടെ താരപ്രചാരകന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് തന്നെ. ഹെലികോപ്ടറില്‍ പറന്ന് ദിവസം ആറു മുതല്‍ 12 വരെ മണ്ഡലങ്ങളിലാണ് ചൗഹാന് എത്തുന്നത്.
ഭോപ്പാലില്‍ നിന്ന് രാവിലെ 9.30 ന് ഹെലികോപ്ടര്‍ ചൗഹാനെ വഹിച്ചികൊണ്ടുയര്ന്നു. 460 കിലോമീറ്ററകലെയുള്ള ഉമൃയ ജില്ലയിലാണ് ആദ്യത്തെ പൊതുയോഗം. ഛത്തീസ്ഗഢിനോട് അതിര്‍ത്തി പങ്കിടുന്ന ഷഗോല്, അനുപപൂര്, ദിന്തോറി ജില്ലകളിലും ജബല്‍പൂരിലുമായി എഴ് യോഗങ്ങളില്‍ പങ്കെടുത്ത് 4.30 ന് മടങ്ങണം. അതിനിടയിലാണ് ഹെലികോപ്റ്ററില്‍ ചൗഹാന് ജന്മഭൂമിയോടു സംസാരിച്ചത്.
മികച്ച ഭൂരിപക്ഷത്തോടെ ഹാട്രിക് ജയം നേടുമെന്ന് വ്യക്തമാക്കിയ ചൗഹാന്, ജനങ്ങള്‍ക്കു നല്കിയ സേവനങ്ങളാണ് തെരഞ്ഞെടുപ്പ് വിജയത്തില്‍ തുറുപ്പുചീട്ടാകുക എന്നും പറഞ്ഞു. കോണ്‍ഗ്രസിന്റെ ദുര്‍ഭരണവും ബിജെപിയുടെ സദ്ഭരണവും തമ്മിലാണ് ഇത്തവണയും പോരാട്ടമെന്നു പറഞ്ഞ ചൗഹാന് മധ്യപ്രദേശിന്റെ വികസനത്തിനായി പലതും ചെയ്യാന്‍ കഴിഞ്ഞതാണ് മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ നേട്ടമെന്നും അവകാശപ്പെട്ടു.
സേവനം, വികസനം
ജനങ്ങളെ ആത്മാര്‍ത്ഥമായി സേവിക്കുക. എംഎല്‍എയും എംപിയും മുഖ്യമന്ത്രിയും ഒക്കെ ആയിരുന്നപ്പോള്‍ എന്റെ നയം അതാണ്. ജനങ്ങളെ സ്നേഹിച്ചാല്‍ അവര്‍ സ്നേഹം തിരിച്ചു തരും. തെരഞ്ഞെടുപ്പു വിജയങ്ങള്‍ക്ക് തുറുപ്പുചീട്ട് ജനങ്ങളുടെ സ്നേഹമാണ്. അതു കിട്ടുമെന്നുറപ്പുണ്ട്. മുഖ്യമന്ത്രി എന്ന നിലയില്‍ മധ്യപ്രദേശിന്റെ വികസനത്തിനായി പലതും ചെയ്യാന്‍ കഴിഞ്ഞത് നേട്ടമായി കരുതുന്നു. വികസനത്തിന്റെ എല്ലാമേഖലകളിലും വലിയ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞു. അടിസ്ഥാന സൗകര്യം, പൊതുഭരണം, ജനസേവനം, കൃഷി തുടങ്ങിയ മേഖലകളിലോക്കെ അഭൂതപൂര്‍വമായ പുരോഗതിയാണുണ്ടായത്. 2003 വരെ സംസ്ഥാനത്തിന്റെ വളര്‍ച്ചാനിരക്ക് നെഗേറ്റെവ് ആയിരുന്നെങ്കില്‍ കഴിഞ്ഞവര്‍ഷം 10 നു മുകളിലാണ്.
തെരഞ്ഞെടുപ്പ് തന്ത്രം
സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങളുടെ പേരില്‍ ജനങ്ങളോടു നേരിട്ട് വോട്ടു ചോദിക്കും. വികസനത്തിന്റെ ഗുണഫലം അനുഭവിച്ചവരോട് ബിജെപിക്കായി പ്രചരണത്തിനിറങ്ങാന്‍ ആവശ്യപ്പെടും. കോണ്‍ഗ്രസിന്റെ ദുര്‍ഭരണം ജനമനസ്സില്‍ നിന്ന് മാഞ്ഞു പോയിട്ടില്ല. ബിജെപിയുടെ സദ്ഭരണവും കോണ്‍ഗ്രസിന്റെ ദുര്‍ഭരണവും തമ്മില്‍ തന്നെയാകും ഇത്തവണയും പോരാട്ടം.
കോണ്‍ഗ്രസ് പറഞ്ഞാല്‍ ആരു വിശ്വസിക്കും…..: ചൗഹാന്
അഴിമതിയെകുറിച്ച് കോണ്‍ഗ്രസ് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ്, എല്ലാവരും അഴിമതിക്കാരെന്നു പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മന്ത്രിമാര്ക്കെതിരെയൊക്കെ വെറുതെ ആരോപണം ഉന്നയിച്ചു. ഒരു തെളിവിന്റെയും അടിസ്ഥാനത്തിനായിരുന്നില്ല അവ. ഇതുവരെ കേള്‍ക്കാത്ത പുതിയൊരാരോപണവുമായാണ് അവസാനനിമിഷം വന്നിരിക്കുന്നത്. എന്റെ കുടുംബത്തിനെതിരെയാണ് പുതിയത്. കള്ള ആരോപണത്തിനെതിരെ സോണിയാ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നല്കാന് തീരമാനിച്ചിട്ടുണ്ട്.
ഭരണവിരുദ്ധവികാരം
എല്ലാവരേയും പൂര്‍ണമായി തൃപ്തരാക്കി ഭരിക്കാനാകില്ല. അതിനാല്‍ ഭരിക്കുന്ന സര്‍ക്കാറിനെതിരെ ജനവികാരം ഉണ്ടാകുക എന്നത് സാധാരണമാണ്. ജനാധിപത്യപ്രക്രിയയായ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുകയും ചെയ്യും. പക്ഷേ ബിജെപിയുടെ ഹാട്രിക് വിജയത്തനു തടയിടാനുള്ള ഭരണവിരുദ്ധവികാരമൊന്നും ഇവിടില്ല.
മോദി, ചൗഹാന്
ബിജെപിയുടെ മുഖ്യമന്ത്രിമാര്‍ എന്ന സാമ്യമേ തമ്മിലുള്ളു. മോദിജി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ്. രാജ്യം മുഴുവന്‍ അംഗീകാരമുള്ള ദേശീയ നേതാവ്. മോദിക്ക് പകരക്കാരന് എന്ന് ആരേക്കുറിച്ചെങ്കിലും പറയുന്നതേ അനാവശ്യം.മോദിജി പ്രധാനമന്ത്രിയാകുന്നതിന്റെ ചവിട്ടു പടിയാകും മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ ബിജെപി വിജയം.
വീണ്ടും മുഖ്യമന്ത്രിയാകുമ്പോള്‍
വൈദ്യുതി വിതരണത്തിനായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുക. ആരോഗ്യ, തോഴില് മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. സ്ത്രീ ശാക്തീകരണവും പ്രധാന ലക്ഷ്യമാണ്. ഇതെല്ലാം ഉള്‍പ്പെടുത്തി പ്രസദ്ധീകരിച്ച,”ജന സങ്കല്പം’ എന്ന പ്രകടനപത്രികയില്‍ പറയുന്നതെല്ലാം നടപ്പിലാക്കാനായി പ്രവര്‍ത്തിക്കും.
രണ്ടു മണ്ഡലങ്ങളിനാണ് ചൗഹാന് ഇത്തവണ ജനവിധി തേടുന്നത്. ബുധ്നിയിലും വിദിശയിലും. രണ്ടിടത്തും വിജയം ഉറപ്പിച്ചുള്ള മത്സരം. 1990 ല്‍ നിയമസഭയിലേക്ക് ചൗഹാന് കന്നി ജയം നേടുന്നത് ബുധ്നിയിലാണ്. ഒരു വര്‍ഷത്തിനു ശേഷം ലോക സഭയില്‍ മത്സരിക്കാനായി രാജി വെച്ചു. 2005 ല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഇവിടെ ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചു. കഴിഞ്ഞതവണ മൂന്നാം വിജയവും ബൂധ്നി നല്കി.
ചൗഹാനെ തുടര്‍ച്ചയായി അഞ്ചു തവണ ലോകസഭയിലെത്തിച്ച വിദിശ മണ്ഡലത്തിലെ അസംബഌ മണ്ഡലമാണ് രണ്ടാമത് മത്സരിക്കുന്ന വിദിശ. എ ബി വാജ്പേയിക്ക് പകരക്കാരനായിട്ടാണ് 1991 ല്‍ ആദ്യം വിദിശയില്‍നിന്ന് ലോക സഭയിലെത്തിയത്. രണ്ട് സീറ്റുകളില്‍ ജയിച്ച വാജ്പേയി വിദിശയില്‍ രാജിവെക്കുകയായിരുന്നു. 5 തവണ ഇവിടെ വിജയം ആവര്‍ത്തിച്ചു.മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി എംപി സ്ഥാനം രാജിവെച്ചു, സുഷമ സ്വരാജ് ആണിപ്പോള്‍ ഇവിടുത്തെ എംപി
ഷിമോര് ജില്ലയിലെ കര്‍ഷക കുടുംബത്തില്‍ പിറന്ന ശിവരാജ് സിംഗ്, കര്‍ഷകരുടേയും ഗ്രാമീണരുടേയും സാധാരണക്കാരുടെയും മനസ്സറിയുന്ന, മണ്ണിന്റെ മണമുള്ള നേതാവാണ്. ആര്‍എസ്എസിലൂടെ വളരെ ചെറുപ്പത്തിലേ പൊതുരംഗത്തേക്കു വന്ന ചൗഹാന് സ്ക്കൂളില്‍ വിദ്ധാര്‍ത്ഥി യൂണിയന് പ്രസിഡന്റായാണ് കന്നി തെരഞ്ഞെടുപ്പ് ജയം നേടിയത്. പിന്നീടോരു തെരഞ്ഞെടുപ്പിലും തോറ്റിട്ടില്ല. എബിവിപിയുടെ ദേശീയ സമിതിയംഗമായും യുവമോര്‍ച്ചയുടെ ദേശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുള്ള ചൗഹാന് മുഖ്യമന്ത്രി പദം ഏറ്റെടുക്കുമ്പോള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്ായിരുന്നു.
ഹെലികോപ്റ്ററില്‍ നിന്ന് പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: