തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്കൂളില്‍ വമ്പിച്ച അഴിമതി നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന മുസ്ലിംലീഗ് നീക്കമാരംഭിച്ചു. ഇതിന്റെ ആദ്യപടിയായി നിലവില്‍ ഓപ്പണ്‍ സ്കൂളില്‍ ജോലി ചെയ്തുവരുന്ന മുഴുവന്‍ ജീവനക്കാരെയും ഡയറക്ടര്‍ കൂട്ടത്തോടെ പിരിച്ചുവിടുകയാണ് ചെയ്തത്. ഏതാണ്ട് രണ്ടുലക്ഷത്തോളം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ ഡയറക്ടര്‍ അഴിമതിക്ക് കളമൊരുക്കിയിരിക്കുന്നത്.
ഹയര്‍സെക്കന്ററി പഠനത്തിന് റഗുലര്‍ സ്കൂളില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കുന്ന കേരളത്തിലെ ഏക സ്ഥാപനമാണ് അടച്ചുപൂട്ടപ്പെട്ടിരിക്കുന്നത്.
സ്പെഷ്യല്‍ റൂള്‍സിന്റെ അഭാവത്താല്‍ 1999 മുതല്‍ ആരംഭിച്ച കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്കൂള്‍ ഇതുവരെ താത്കാലിക ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തിച്ചത്. നിലവിലെ 71 പേരില്‍ 65 ജീവനക്കാരും കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത്. 2011-13 ബാച്ച് രണ്ടാംവര്‍ഷ വിദ്യാര്‍ഥികളുടെയും 2012-14 ബാച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെയും പരീക്ഷകള്‍ സംബന്ധിച്ച ജോലികള്‍ പുരോഗമിച്ചു വരവെയാണ് വിദ്യാര്‍ഥികളുടെ ഭാവി ഇരുട്ടിലാക്കുന്ന ഡയറക്ടറുടെ തീരുമാനം ഉണ്ടായത്. 2012-14 ബാച്ച് വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കി അലോട്ട്മെന്റ് നടന്നിട്ടില്ല. അതിനാല്‍ തന്നെ ഈ വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കള്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ വെല്ലുവിളിയാണ് ഈ കൂട്ടപ്പിരിച്ചുവിടലെന്ന് ജീവനക്കാര്‍ പറയുന്നു.
നിലവില്‍ ജോലി ചെയ്തിരുന്ന 65 പേരില്‍ 15 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവരും പെടുന്നു. 2006ല്‍ പത്രമാധ്യമങ്ങളിലൂടെ നോട്ടിഫിക്കേഷന്‍ നടത്തി നിയമാനുസൃതം മാനദണ്ഡങ്ങള്‍ പാലിച്ച് ഹൈക്കോടതിയുടെ അംഗീകാരത്തോടെയാണ് ഇവരെ നിയമിച്ചത്. മുസ്ലിംലീഗ് നേതാക്കളുടെ ശുപാര്‍ശപ്രകാരം കോഴനിയമനം നടത്താനാണ് ഡയറക്ടര്‍ ഈ കൂട്ടപിരിച്ചുവിടലിലൂടെ ലക്ഷ്യമിടുന്നതെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരിക്കല്‍ ഓപ്പണ്‍ സ്കൂളില്‍ നിയമനങ്ങള്‍ നടത്താന്‍ ശ്രമിച്ച ഇന്റര്‍വ്യൂ ഹാളില്‍ നിന്നും യുവജന സംഘടനകള്‍ പിടിച്ചെടുത്ത ശുപാര്‍ശ കത്തുകളും മുന്‍കൂട്ടി തയ്യാറാക്കിയ റാങ്ക് പട്ടികയും പത്രമാധ്യമങ്ങളിലൂടെ പൊതുജനത്തിന് മുന്നിലെത്തിയതാണ്. ഒപ്പണ്‍ സ്കൂളിലെ നിലവിലുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ എല്ലാ ഒഴിവുകളിലേക്കുമുള്ള നിയമനങ്ങള്‍ ലോകായുക്ത തടഞ്ഞിട്ടുള്ളതാണ്. ഇപ്പോഴുള്ള ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ പ്രൈവറ്റ് രജിസ്ട്രേഷന് ആശ്രയിക്കുന്ന കേരളത്തിലെ ഈ ഏകസ്ഥാപനത്തിന്റെ യും വിദ്യാര്‍ഥികളുടെയും ഭാവി ഒരു പോലെ തുലാസ്സിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: