പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തിലെ കണ്ണംപറമ്പിലെ മുഴങ്ങാഞ്ചേരി പാടത്തിനു സമീപത്തെ ഇരുമ്പനത്ത് കടമ്പാടന്റെ റബ്ബര്‍തോട്ടത്തില്‍ നിന്നും രണ്ടായിരം വര്‍ഷം പഴക്കമുണ്ടെന്നു കരുതപ്പെടുന്ന മഹാശിലാസ്മാരകങ്ങള്‍ കണ്ടെത്തി. മെന്‍ഹിര്‍ എന്നറിയപ്പെടുന്ന ചെങ്കല്ലില്‍ തീര്‍ത്ത ഒന്നിലധികം സ്മാരകശിലകള്‍, സ്മാരകശിലയ്ക്ക് ചുറ്റും ചെങ്കല്ലുകൊണ്ടുള്ള മൂന്നു കല്ലറകള്‍, ഭൗതികാവശിഷ്ടങ്ങള്‍ അടക്കിയിരുന്ന നന്നങ്ങാടികള്‍, സ്മാരകങ്ങളുടെ മുകളില്‍ സ്ഥാപിക്കുന്ന പാറകൊണ്ടുണ്ടാക്കിയ വൃത്താകൃതിയിലുള്ള തൊപ്പിക്കല്ല് എന്നിവയാണ് കണ്ടെത്തിയത്. ഇത്തരം സ്മാരകശിലകള്‍ കേരളത്തില്‍ അപൂര്‍വമാണ്. സ്മാരകശിലകള്‍ കണ്ടെത്തിയ വിവരം പുരാവസ്തു വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
സംഘകാലത്ത് ദ്രാവിഡ സംസ്കാരവുമായി ബന്ധപ്പെട്ട് പെരിയാറിന്റെ തീരത്തുണ്ടായിരുന്ന ജനസമൂഹത്തിന്റെ തിരുശേഷിപ്പുകളാണ് ഇത്തരം സ്മാരക ശിലകള്‍. മരിച്ചവരോടുള്ള ആദരസൂചകമായി അവര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും ആഭരണങ്ങളും മണ്‍പാത്രങ്ങളും ഇരുമ്പുപകരണങ്ങളും കൂറ്റന്‍ ശിലകള്ക്കടിയിലും ചെങ്കല്ലു തുരന്നുണ്ടാക്കിയ ഗുഹകളിലും നന്നാങ്ങാടികളിലുമാണ് അക്കാലത്ത് സുക്ഷിച്ചിരുന്നത്. അവയെയാണ് ഇന്നു മഹാശിലാ സ്മാരകങ്ങള്‍ എന്നുവിളിക്കുന്നത്.
യുദ്ധത്തിനും കാര്‍ഷികവൃത്തിക്കും നായാട്ടിനും ഉപയോഗിച്ചിരുന്ന ആയുധങ്ങളും മരംവെട്ടാനും കല്ലുവെട്ടാനും ഉപയോഗിക്കുന്ന മഴുവും വിവിധ പൂജകള്‍ക്കായുള്ള ചെറു മണ്‍പാത്രങ്ങളുമാണ് ഇത്തരം സ്മാരകങ്ങളില്‍ ഉണ്ടായിരിക്കുക. പ്രദേശത്തെ ജനങ്ങള്‍ ഇതിനെ മുനിയറ എന്നും വിശേഷിപ്പിക്കുന്നു.
കുറുപ്പുംപടിയില്‍ സര്‍ക്കാര്‍ പൗള്‍ട്രിഫാം കോമ്പൗണ്ടില്‍ നിന്നും പാറകൊണ്ടുള്ളതും ഇരവിച്ചിറ ക്ഷേത്രത്തിനു പുറകുവശത്തു നിന്നും മണ്ണുകൊണ്ടു നിര്‍മിച്ചതുമായ സ്മാരകശിലകള്‍ മുമ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രാചീനകാലത്ത് ഇരുമ്പയിര് ഉരുക്കാന്‍വേണ്ടി പാറതുരന്നു നിര്‍മിച്ച ഇരുമ്പുരുക്കു ശാലകള്‍ ആലാട്ടുചിറ മുണ്ടന്‍തുരത്തില്‍ നിന്നും അടുത്തകാലത്ത് കണ്ടെത്തിയിരുന്നു.
പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലുമുള്ള ചരിത്രശേഷിപ്പുകള്‍ എത്രയും വേഗം ഏറ്റെടുത്ത് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ലോക്കല്‍ ഹിസ്റ്ററി റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഇസ്മായില്‍ പള്ളിപ്രം ആവശ്യപ്പെട്ടു. പെരിയാര്‍ നദീതട സംസ്കാരത്തെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണം ലോക്കല്‍ ഹിസ്റ്ററി റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: