തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വനമേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക പോലീസ് സേനയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന് നടത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
ഇതുസംബന്ധിച്ച് ഡിജിപി തലത്തില്‍ ആശയവിനിമയം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ തീവ്രവാദവിരുദ്ധ സേനയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. സേനയിലെ 35 വയസില്‍ താഴെയുള്ളവരെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കും. തണ്ടര്‍ബോള്‍ട്ടിന്റെ സേവനവും പ്രയോജനപ്പെടുത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ റിസര്‍വ് ഫോഴ്സിനെ അയയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മേഖലയിലെ 16 പോലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ചില പ്രത്യേക വിഭാഗം ജനങ്ങളെ മറയാക്കിയാണ് മാവോയിസ്റ്റുകള്‍ ഇവിടെ പ്രവര്‍ത്തനം നടത്തുന്നതെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യം മനസിലാക്കി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് കുറേപ്പേരെ ഹോംഗാര്‍ഡുകളായി നിയമിക്കും. നിലവില്‍ 3000 ഹോംഗാര്‍ഡാണ് സേനയിലുള്ളത്. പട്ടികവര്‍ഗ മേഖലയില്‍ 50 ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും മേഖലയിലുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ ഉപയോഗപ്പെടുത്താനും ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഇന്നലെ നടന്ന ഹര്‍ത്താലിനോട് അനുബന്ധിച്ചുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ സ്ഥാപിതതാത്പര്യക്കാരാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. സമരത്തിന്റെ മറഉപയോഗിച്ച് അവര്‍ അക്രമം നടത്തുകയായിരുന്നു. യാതൊരു അക്രമത്തിനും ഇല്ലെന്ന് സമരസമിതി നേരത്തെ അറിയിച്ചിരുന്നതാണ്. അതുകൊണ്ടുതന്നെ അക്രമത്തിന് പിന്നില്‍ സമരക്കാരുണ്ടെന്ന് കരുതുന്നില്ല. ഇടതുപക്ഷവും സര്‍ക്കാരും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഉയര്‍ത്തുന്ന വികാരം ഒന്നുതന്നെയായതിനാല്‍ ഹര്‍ത്താല്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു.
സമരത്തിന് ആധാരമായി ഇടതുമുന്നണി പറയുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനിരിക്കുന്നതേയുള്ളൂ. ഗ്രീന്‍ ട്രിബ്യൂണലിന്റെ തീരുമാനവും വരാനിരിക്കുന്നു. പുറമെ, റിപ്പോര്ട്ടിന്മേല് ആശങ്ക വേണ്ടെന്ന് കേന്ദ്രവനം മന്ത്രി ജയന്തി നടരാജന് ഉറപ്പും നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇരയെ പിടിക്കുന്ന വാശിയോടെ തിടുക്കത്തില്‍ ഹര്‍ത്താല്‍ നടത്തേണ്ട കാര്യമില്ലായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള യഥാര്‍ഥ വസ്തുതകള്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും വനംമന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിനും അറിയാം. എന്നിട്ടും ജനങ്ങളെ ഭയപ്പാടിലേക്ക് തള്ളിവിടുന്ന പ്രചാരണങ്ങളാണ് നടക്കുന്നത്. ശബരിമല തീര്‍ഥാടകര്‍ക്ക് വേണ്ടി പോലീസ് എല്ലാസുരക്ഷയും ഒരുക്കിയിരുന്നു.
പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശബരിമലയിലേക്ക് സര്‍വീസ് നടത്തിയത്. കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ പേരില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ അക്രമങ്ങള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്തും. വനം വകുപ്പിന്റെ ഓഫീസിലുള്ള ചില രേഖകള്‍ നശിപ്പിക്കാന്‍ വേണ്ടി കരുതിക്കൂട്ടി അക്രമം നടത്തിയതാണോയെന്ന സംശയമുണ്ട്. ഇക്കാര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തും. മണല്‍-ക്വാറി മാഫിയകളാണ് അക്രമത്തിന് പിന്നിലെന്ന് സംശയമുണ്ട്. കര്‍ഷകരെ മുന്നില്‍ നിര്‍ത്തിയാണ് ഈ അക്രമങ്ങള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: