ശബരിമല: തത്ത്വമസിപ്പൊരുളായ അയ്യപ്പനെ ദര്‍ശിക്കുകയെന്നത് എന്നും പുണ്യംതന്നെ, അത് ശാന്തിയും അത്മനിര്വൃതിയും എക്കാലത്തും പകര്‍ന്നു നല്കുന്നു. നര്‍മ്മം മാറ്റിവെച്ച് സിനിമാ നടന് ജഗദീഷ് പറഞ്ഞു തുടങ്ങി. എല്ലാം സ്വാമിയുടെ അനുഗ്രഹം. കാനനവാസ കലിയുഗ വരദാ കാല്തളിരിണ കൈ തൊഴുന്നേന്‍… എന്ന ഗാനം ഭക്തി നിര്‍ഭരമായി പാടി ജഗദീഷ് മാധ്യമപ്രവര്‍ത്തകരേയും കാണാനെത്തിയവരെയും ഭക്തിയില്‍ ആഹ്ലാദിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ജഗദീഷ് അയ്യപ്പ ദര്‍ശനത്തിന് എത്തിയത്. തുടര്‍ന്ന് ദേവസ്വം ഓഫീസ് സമുച്ചയത്തില്‍ വിശ്രമിക്കുന്നതിനിടെയാണ് തന്നെ കാണാന്‍ എത്തിയവരുടെ മുന്നില്‍ അയ്യപ്പ കീര്‍ത്തനങ്ങള്‍ ആലപിച്ചതും അനുഭവങ്ങള്‍ പങ്കുവെച്ചതും. 20 വര്‍ഷമായി മുടങ്ങാതെ ശബരിമലയിലെത്തുന്ന ജഗദീഷ് തന്റെ സുഹ്യത്തായ വിനോദിനോടൊപ്പമാണ് മല കയറിയത്.എം.റ്റി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്യുന്ന ഏറ്റുമാനൂരിലെ സിനിമ സെറ്റില്‍ നിന്നുമാണ് ജഗദീഷ് ദര്‍ശനത്തിനെത്തിയത്. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്റെ ജേഷ്ഠന്റെ കൂടെയാണ് ആദ്യമായി ശബരിമല ദര്‍ശനത്തിനെത്തുന്നത്. ശബരിമലയില്‍ അടിസ്ഥാന വികസനങ്ങള്‍ സാങ്കേതിക വിദ്യകളെ അടിസ്ഥാനപ്പെടുത്തി വര്‍ദ്ധിപ്പിച്ചാലും വിശ്വാസങ്ങള്‍ക്കും ഭക്തിയ്ക്കും ഒരു കുറവും ഉണ്ടാകകയില്ലെന്നും ശാസ്ത്രങ്ങള്‍ കൂടുതല്‍ വളര്‍ന്നാലും ഈശ്വരിയ ചൈതന്യം ശാസ്ത്ര വിജയങ്ങള്‍ക്കും അനുഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വാമി സംഗീതം ആലപിക്കും താപസഗായകനല്ലൊഞ്ഞാന്….. എന്ന അയ്യപ്പഗാനത്തോടെയാണ് ജഗദീഷ് പറഞ്ഞു നിര്‍ത്തിയത്. തുടര്‍ന്ന് രാത്രിയോടെ ജഗദീഷ് മലയിറങ്ങി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: